Advertisment

എരിവുള്ള ഭക്ഷണം കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിയാ

എരിവുള്ള ഭക്ഷണങ്ങള്‍ ശരീരത്തിന്റെ ഉപാപചയത്തെ ഉത്തേജിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നത് മുതല്‍ ഹൃദയാരോഗ്യത്തിന് വരെ സഹായിക്കുന്നു.

fdthyj

മിക്കയാളുകളും ഭക്ഷണത്തില്‍ അല്പം എരിവും മസാലകളും ഒക്കെ ആഗ്രഹിക്കുന്നവരാണ്. എരിവിന്റെ അളവ് വ്യത്യാസപ്പെട്ടിരിക്കാമെങ്കിലും എരിവ് പൂര്‍ണ്ണമായും ഒഴിവാക്കി ഭക്ഷണം കഴിക്കുകയെന്നത് അത്യധികം പ്രയാസകരമാണ്. രുചി കൂട്ടുകയെന്നത് മാത്രമല്ല, ആരോഗ്യപരമായ ഗുണങ്ങളും എരിവുള്ള ഭക്ഷണങ്ങളാല്‍ നേടാവുന്നത്.എരിവുള്ള ഭക്ഷണങ്ങള്‍ ശരീരത്തിന്റെ ഉപാപചയത്തെ ഉത്തേജിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നത് മുതല്‍ ഹൃദയാരോഗ്യത്തിന് വരെ സഹായിക്കുന്നു.

Advertisment

എല്ലാ ജീവജാലങ്ങളിലും ജീവന്‍ നിലനിര്‍ത്തുന്നതിനായി ശരീരത്തില്‍ എപ്പോഴും സംഭവിച്ചുക്കൊണ്ടിരിക്കുന്ന രാസമാറ്റങ്ങളാണ് ഉപാപചയം (Metabolism). എരിവുള്ള ഭക്ഷണങ്ങള്‍ ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളെ വര്‍ദ്ധിപ്പിക്കുന്നു. എരിവ് നല്‍കുന്ന മുളകുകൡും മറ്റും അടങ്ങിയിരിക്കുന്ന ക്യാപ്സൈസിന്‍ എന്നറിയപ്പെടുന്ന രാസവസ്തുവാണ് ഇതിന് കാരണം. ഈ രാസവസ്തുവാണ് രുചിയും എരിവും നല്‍കുന്നത്. ക്യാപ്സൈസിന്‍ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ ഉപാപചയ നിരക്ക് താല്‍ക്കാലികമായി വര്‍ദ്ധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

അതിനാല്‍ തന്നെ, ഭക്ഷണത്തില്‍ എരിവുള്ള ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നത്, മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു രുചികരമായ ഒരു മാര്‍ഗ്ഗമാണ്. പച്ച മുളക്, ചുവന്ന മുളക് തുടങ്ങിയ മറ്റ് എരിവുള്ളവയ്‌ക്കെല്ലാം ക്യാപ്സൈസിന്‍, തെര്‍മോജെനിക് പ്രഭാവം നല്‍കുകയും ഉപാപചയ നിരക്ക് ഒരു ചെറിയ രീതിയില്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യും. എന്നിരുന്നാലും, വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈ എരുവുകള്‍ മിതമായ അളവില്‍ മാത്രമാണ് കഴിക്കേണ്ടത്. കാരണം എരിവ്, മസാലകള്‍ അമിതമായാല്‍ വയറു വേദനയോ, ദഹനപ്രശ്‌നങ്ങളോ ഉണ്ടാകും.

അമിതമായി ഭക്ഷണം കഴിക്കുന്നവര്‍ക്ക്, എരിവുള്ള ഭക്ഷണങ്ങള്‍ ശീലമാക്കാം. എരിവുള്ള ഭക്ഷണങ്ങള്‍ വിശപ്പ് കുറയ്ക്കുന്നു. ഇത് ശരീരഭാരം നിയന്ത്രിക്കാനും കലോറി നിയന്ത്രിക്കാനും സഹായിക്കും. മുളകുകള്‍ (ക്യാപ്സൈസിന്‍) അടങ്ങിയ ഭക്ഷണം, വിശപ്പിനെ നിയന്ത്രിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യും.

എരിവുള്ള ഭക്ഷണത്തില്‍ നിന്നുള്ള ചുടിച്ചില്‍, നാവിലും വയറിലും ചില റിസപ്റ്ററുകളെ ഉത്തേജിപ്പിക്കുന്നു. ഇത് കുറഞ്ഞ ഭക്ഷണത്തിലൂടെ തന്നെ പൂര്‍ണ്ണതയും സംതൃപ്തിയും വര്‍ദ്ധിപ്പിക്കുന്ന ഹോര്‍മോണുകളുടെ ഉത്പാദനത്തിന് കാരണമാകുന്നു. ഇങ്ങനെ അമിതമായി ഭക്ഷണം കഴിക്കാനും അനാരോഗ്യകരമായ ലഘുഭക്ഷണ ശീലങ്ങളള്‍ കുറയ്ക്കാനും സഹായിക്കും.

മെച്ചപ്പെട്ട ദഹനം നടക്കാന്‍ എരിവ്/ മസാലകള്‍ സഹായിക്കും. ഉദാഹരണത്തിന്, ഇഞ്ചി, ജീരകം എന്നിവ യഥാക്രമം കാര്‍ബോഹൈഡ്രേറ്റുകളുടെയും ലിപിഡുകളുടെയും ദഹനത്തെ സഹായിക്കുന്ന ദഹന എന്‍സൈമുകളെ (അമൈലേസ്, ലിപേസ് തുടങ്ങിയ) വര്‍ദ്ധിപ്പിക്കുന്നു. ഇത് ശരീരത്തിലെ ദഹനത്തിനും പോഷകാഹാരം ആഗിരണം ചെയ്യുന്നതിനും ഗുണകരമാകുന്നു.

മസാലകള്‍/എരിവുകള്‍ അടങ്ങിയ ഭക്ഷണം ആമാശയത്തിലെ ഹൈഡ്രോക്ലോറിക് ആസിഡ് പോലുള്ള ഗ്യാസ്ട്രിക് സ്രവങ്ങളെയും വര്‍ദ്ധിപ്പിക്കുന്നു. ഭക്ഷണം ദഹിക്കുന്നതിനും പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിനും മതിയായ അളവില്‍ ഗ്യാസ്ട്രിക് ആസിഡുകള്‍ ആവശ്യമാണ്.

എരിവുള്ള ഭക്ഷണം വായില്‍ ഉമിനീരിനെയും വര്‍ദ്ധിപ്പിക്കും. ഉമിനീരില്‍, ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റ് വിഘടിപ്പിക്കുകയും നാവില്‍ വച്ച് തന്നെ ദഹനപ്രക്രിയ ആരംഭിക്കുകയും ചെയ്യുന്ന ചില എന്‍സൈമുകള്‍ ഉള്‍പ്പെടുന്നുണ്ട്. ഈ പ്രാഥമിക ദഹനം മൊത്തത്തിലുള്ള ദഹനത്തിനെ അനുകൂലകരമാക്കി മാറ്റുന്നു.

പലര്‍ക്കും മൂക്കിനുള്ളില്‍ ഞെരുക്കള്‍ ഉണ്ടാക്കുന്ന സൈനസ് കണ്‍ജഷന്‍ എന്ന അവസ്ഥ സംഭവിക്കാറുണ്ട്. അവര്‍ക്ക് എരിവുള്ള ഭക്ഷണം ആശ്വാസകരമായേക്കാം. മുളകിലെ പ്രധാന ഘടകമായ ക്യാപ്സൈസിന്‍, കഫതടസ്സം മാറ്റുന്നതിനുള്ള ഒരു സ്വാഭാവിക മരുന്നായി പ്രവര്‍ത്തിക്കുന്നു. എരിവുള്ള ഭക്ഷണങ്ങളിലെ ക്യാപ്സൈസിന്‍ മൂക്കിലെ ഞരമ്പുകളെ സജീവമാക്കുന്നു, ഇത് നാസികാദ്വാരത്തിലെ തിക്കല്‍ താല്‍ക്കാലികമായി ഒഴിവാക്കി ആശ്വാസം പകരും. ഇങ്ങനെ ശ്വാസംമുട്ടല്‍ ഒഴിവാക്കാനും ശ്വസനം എളുപ്പമാക്കാനും സഹായിക്കും.

ക്യാപ്സൈസിന് ചെറിയ തോതില്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി സ്വാഭാവമുണ്ട്. ഇത് സൈനസ് റിലീഫ് ചെയ്യാന്‍ സഹായിക്കും. എങ്കിലും ശ്രദ്ധിക്കേണ്ട ഒരുകാര്യം, എരിവുകള്‍/മസാലകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ സൈനസ് കണ്‍ജഷന് അവസ്ഥക്ക് താല്‍ക്കാലിക ആശ്വാസം നല്‍കുമെങ്കിലും, അവ പൂര്‍ണ്ണമായി മാറുകയോ, അത് മൂലമുള്ള അലര്‍ജികള്‍ക്കോ ഉള്ള ശാശ്വതമായി ഒരു പ്രതിവിധി അല്ല എന്നതാണ്.

എരിവുള്ള അല്ലെങ്കില്‍ മസാല ചേരുവകളടങ്ങിയ ഭക്ഷണങ്ങളില്‍ കാണപ്പെടുന്ന ചില സംയുക്തങ്ങള്‍, പ്രത്യേകിച്ച് ക്യാപ്സൈസിന്‍, ഹൃദയാരോഗ്യത്തെ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ക്യാപ്സൈസിന്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. രക്തസമ്മര്‍ദ്ദം കുറയുന്നത് രക്തക്കുഴലുകളുടെ മുറുക്കം കുറയ്ക്കും, അതിന്റെ വികാസവും പ്രോത്സാഹിപ്പിക്കും, അങ്ങനെ രക്തയോട്ടം സുഗമമാക്കുന്നതിനും ധമനികളിലെ ഭിത്തികളില്‍ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും സഹായിക്കും.

ആരോഗ്യകരമായ രക്തസമ്മര്‍ദ്ദത്തിലൂടെ ഹൃദ്രോഗം, സ്‌ട്രോക്ക് തുടങ്ങിയവയുടെ സാധ്യത കുറയ്ക്കാന്‍ സാധിക്കും. ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുള്ള മഞ്ഞള്‍ പോലെയുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ എരിവുള്ള ഭക്ഷണങ്ങളില്‍ ഉപയോഗിക്കുന്നത് കൂടുതല്‍ നല്ലതാണ്. കാരണം ശരീര കോശങ്ങളെ സംരക്ഷിക്കാന്‍ ആന്റിഓക്സിഡന്റുകള്‍ സഹായിക്കുന്നു. ഇത് ഹൃദ്രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കും.

#spicy-food
Advertisment