കൊച്ചി: കാക്കനാട് നിറ്റാ ജലാറ്റിന്‍ കമ്പനിയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരാളുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് സൂചന.
പഞ്ചാബ് മൊഹാലി സ്വദേശി രാജൻ ഒറാംഗ്(30) ആണ് മരിച്ചത്. ഇടപ്പള്ളി സ്വദേശി നജീബ്, തോപ്പിൽ സ്വദേശി സനീഷ്, ഉത്തരേന്ത്യൻ സ്വദേശികളായ കൗശിക്, പങ്കജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
രാത്രി എട്ടരയോടെയാണ് കമ്പനിയുടെ പരിസരത്ത് കന്നാസുകൾ കൂട്ടിയിട്ടിരുന്ന സ്ഥലത്ത് സ്ഫോടനം നടന്നത്.
ബോയിലറിൽ നിന്ന് നീരാവി പുറന്തള്ളുന്ന പൈപ്പ് ലൈനിലാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അപകടസ്ഥലത്ത് ബുധനാഴ്ച രാവിലെ വിശദമായ പരിശോധന നടത്തുമെന്നും ഇതിന് ശേഷം മാത്രമേ അപകടകാരണം വ്യക്തമാകുവെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
വാതകചോർച്ച അടക്കമുള്ള സാഹചര്യം ഉണ്ടാകാൻ ഇടയുള്ളതിനാൽ പ്രദേശത്ത് കനത്ത സുരക്ഷയാണ് അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്.