കണ്ണൂർ: നെൽ കർഷകരുടെ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ സിപിഎം ഉയർത്തുന്ന ആരോപണങ്ങളെ തളളി കെ.സുധാകരൻ. കേന്ദ്ര സർക്കാർ പണം നൽകാനുണ്ട് എന്ന പിണറായി സർക്കാരിന്റെ പ്രചാരണം കള്ളമാണെന്ന് കെപിസിസി പ്രസിഡന്റ് മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരളാ സർക്കാർ കേന്ദ്രത്തിന് നൽകിയ കണക്ക് പ്രകാരമുളള തുക കേന്ദ്ര സർക്കാർ നൽകി. തുക നൽകിയതിനാൽ കർഷകരുടെ വിഷയത്തിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. ജയസൂര്യ പറഞ്ഞതിൽ എന്താണ് തെറ്റെന്നും സുധാകരൻ ചോദിച്ചു.
ജയസൂര്യ പറഞ്ഞതു കൊണ്ടു മാത്രം അത് തെറ്റാകുമോ? വസ്തുനിഷ്ഠാപരമായ കാര്യങ്ങളാണ് ജയസൂര്യ പറഞ്ഞത്. ബാങ്ക് വായ്പയായി രണ്ടര മാസം കഴിഞ്ഞാണ് കൃഷ്ണ പ്രസാദിന് സർക്കാർ പണം നൽകിയത്. കർഷകർക്ക് സർക്കാർ കോടികളാണ് നൽകാനുളളത്. സബ്സിഡിയും മറ്റ് അനുകൂല്യങ്ങളും നൽകുമെന്ന് പറയുന്നുണ്ടെങ്കിലും സർക്കാർ നൽകുന്നില്ല. ഇതിലൂടെ കർഷകരെ സർക്കാർ കബളിപ്പിക്കുകയാണ്. കർഷകർ അവരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടാൻ ശ്രമിക്കുമ്പോൾ രാഷ്‌ട്രീയം കണ്ട് അതിൽ നിന്ന് മുങ്ങാൻ സർക്കാർ ശ്രമിക്കരുത്.
ഇടതുപക്ഷം നടത്തുന്ന ഗുണ്ടാ രാഷ്‌ട്രീയം യാഥാർത്ഥ്യങ്ങളെ പേടിച്ചിട്ടാണ്. രാജ്യത്തെ പൗരന്മാർക്ക് ഇവിടുത്തെ സംവിധാനങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും പറയാനുളള അഭിപ്രായ സ്വാതന്ത്രമുണ്ട്. അത് ഓരോ പൗരന്റെയും മൗലികാവകാശമാണ്. അത് നിഷേധിക്കുന്നത് പിണറായി അല്ല പത്തു പിണറായി വന്നാലും കേരളത്തിൽ നടപ്പാകില്ല- സുധാകരൻ പറഞ്ഞു.