കൊച്ചി: കേരളത്തിന് നൽകാനുള്ള കേന്ദ്ര സർക്കാർ വിഹിതം നൽകിയിട്ടില്ലെന്നും കേന്ദ്രമന്ത്രി വി.മുരളീധരന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാല്‍.
സംസ്ഥാനത്തിന് കിട്ടേണ്ട 6000 കോടിയിൽ 600 കോടി മാത്രമാണ് കേന്ദ്ര സർക്കാർ നൽകിയത്. ഒരാഴ്ച മുമ്പ് തങ്ങള്‍ കേന്ദ്ര ധനമന്ത്രിയെ കണ്ടശേഷമായിരുന്നു 600 കോടി അനുവദിച്ചത്.
80 വയസിന് താഴെയുള്ളവര്‍ക്ക് 200 രൂപയും 80 വയസിന് മുകളിലുള്ളവര്‍ക്ക് 300 രൂപയുമാണ് കേന്ദ്രം സാമൂഹിക ക്ഷേമ പെന്‍ഷനായി നല്‍കുന്നത്. ഇത്തരത്തില്‍ തരാനുള്ള 6000 കോടിയിലാണ് കേന്ദ്രം 600 കോടി നല്‍കിയത്.
2020 മുതല്‍ സംസ്ഥാനത്ത് വിതരണം ചെയ്ത് കഴിഞ്ഞ സാമൂഹിക പെന്‍ഷന്റെ തുകയാണ് ഇതെന്നും മന്ത്രി വിശദീകരിച്ചു.
ചില വ്യവസ്ഥകള്‍ വച്ച് കേന്ദ്രം ഇപ്പോഴും സംസ്ഥാനത്തിന് പണം തരാതിരിക്കുകയാണ്. വിഴിഞ്ഞം പദ്ധതിയില്‍ ഉള്‍പ്പെടെ കാപെക്സ് ഫണ്ട് കേന്ദ്രം മുടക്കുകയാണ്. യുജിസി ഫണ്ടിനും കേന്ദ്രം തടസം നില്‍ക്കുകയാണെന്നും മന്ത്രി വിമര്‍ശിച്ചു.
കേരളത്തിന് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്കാതിരിക്കുന്നതാണ് മണ്ടത്തരമെന്നും മുഖ്യമന്ത്രി മണ്ടന്‍ കളിക്കുകയാണെന്ന മുരളീധരന്റെ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു ധനമന്ത്രി.