"ഹാജിമാർക്കുള്ള സേവനങ്ങൾ കുറ്റമറ്റതാക്കാൻ അവരെ അനുഗമിക്കുന്ന ഹജ്ജ് കമ്മിറ്റി  വളണ്ടിയർമാർ നിർദേശങ്ങൾ സമർപ്പിക്കണം":  ആദരിക്കൽ പരിപാടിയിൽ കെ എം ഖാസിം കോയ; വളണ്ടിയർ തോത് വെട്ടിക്കുറച്ച നടപടി കേന്ദ്രഹജ്ജ് കമ്മിറ്റി തിരുത്തണമെന്ന് അവലോകന യോഗം

New Update
33

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി കരിപ്പൂർ ഹജ്ജ് ഹൗസിൽ വെച്ച് വളണ്ടിയര്മാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ കെ എം മുഹമ്മദ്‌ ഖാസിം കോയ നിർവഹിക്കുന്നു

മലപ്പുറം:   സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം വിശുദ്ധ ഹജ്ജിന് പോയ തീർത്ഥാടകരുടെ സേവനത്തിനായി  അവരെ അനുഗമിച്ച ഔദ്യോഗിക വളണ്ടിയർമാരോട്  ഹജ്ജ് കമ്മിറ്റി ഏർപ്പെടുത്തുന്ന സൗകര്യങ്ങളിൽ പോരായ്‌മകളും  സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്  സഹായകരമാകുന്ന നിർദേശങ്ങളും കമ്മിറ്റിയുടെ  ശ്രദ്ധയിൽ  അവതരിപ്പിക്കണമെന്ന്  ഹജ്ജ് കമ്മിറ്റിയംഗം ഉസ്താദ് കെ എം ഖാസിം കോയ പൊന്നാനി  നിർദേശിച്ചു.

Advertisment

 വരും വർഷങ്ങളിൽ ഹജ്ജിന് പോകുന്നവർക്ക് ആശ്വാസം പകരുന്ന അത്തരം കാര്യം കൂടി ചെയ്താലേ ഹജ്ജ് കമ്മിറ്റി വളണ്ടിയർമാരുടെ സേവനത്തിന് പൂർണ വിരാമം വരികയുള്ളൂ എന്ന് കരിപ്പൂർ ഹജ്ജ് ഹൗസിൽ ചേർന്ന ഈ വർഷത്തെ  സർക്കാർ വളണ്ടിയർമാരുടെ അവലോകന യോഗത്തിൽ ഖാസിം കോയ അഭിപ്രായപ്പെട്ടു.

മക്കയിലും മദീനയിലും  മറ്റു ഹജ്ജ് പ്രദേശങ്ങളിലും  ഒന്നര മാസത്തോളം നീളുന്ന യാത്ര, താമസം, അനുഷ്ഠാനം എന്നിവയിൽ ശ്രദ്ധയിൽ പെടുന്ന പോരായ്മകളും മെച്ചപ്പെടുത്താനുതകുന്ന നിർദേശങ്ങളും  വളണ്ടിയർമാർ  സശ്രദ്ധം നിരീക്ഷിക്കുകയും ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ  കൊണ്ടുവരികയും ചെയ്യുന്നത്  ഭാവിയിൽ ഹജ്ജ് ഉദ്യേശിക്കുന്നവർക്കുള്ള  സേവനം കൂടിയാകും.   ഇത്തവണത്തെ  ഹജ്ജ് അവലോകനം  മീറ്റിങ്ങിൽ വെച്ച് നടത്തുകയും  റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.

ഹജ്ജ് കമ്മിറ്റി മുഖേനയുള്ള  ഇരുനൂറ് ഹാജിമാർക്ക് ഒരു വളണ്ടിയർ എന്ന ഇതുവരെയുള്ള  ക്രമം ഇത്തവണ കേന്ദ്രസർക്കാർ  മാറ്റുകയും  നാനൂറ് ഹാജിമാർക്ക് ഒരു വളണ്ടിയർ എന്ന തോത് പുതുതായി  വെക്കുകയുമുണ്ടായി.   ഇത് അസൗകര്യം  ഉണ്ടാക്കിയതായി  അവലോകന യോഗം ഐക്യകണ്ഠമായി വിലയിരുത്തുകയും ഇത്  തിരുത്തണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി.   സ്ത്രീകളും പ്രായാധിക്യമുള്ളവരും  ഉൾപ്പെടുന്ന  നാനൂറ് പേരുടെ  കാര്യങ്ങൾ ശ്രദ്ധിക്കാൻ ഒരാൾക്ക്  ഫലപ്രദമായി കഴിയില്ലെന്ന്  യോഗം  ചൂണ്ടിക്കാട്ടി.

ഈ വർഷത്തെ സർക്കാർ ഹജ്ജ് വളണ്ടിയർമാർക്കുള്ള  സേവന സർടിഫിക്കറ്റ് യോഗത്തിൽ  ഉസ്താദ് ഖാസിം കോയ വിതരണം ചെയ്തു.     

നേരത്തേ, സംസ്ഥാന ഹജ്ജ് കമ്മിറ്റി അദ്ധ്യക്ഷൻ സി മുഹമ്മദ് ഫൈസി  പരിപാടി ഒൺലൈനിലൂടെ  ഉദ്‌ഘാടനം നിർവഹിച്ചു.    അഡ്വ. സി മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു.   ഹജ്ജ് കമ്മിറ്റിയംഗം പി ടി അക്ബർ, അസി. സെക്രട്ടറി എൻ മുഹമ്മദ് അലി , ഹജ്ജ് ഒഫിഷ്യൽ പി കെ അസ്സൈൻ  എന്നിവരും സംസാരിച്ചു.   ഹജ്ജ് കമ്മിറ്റിയംഗം  അഡ്വ.  പി മൊയ്‌തീൻ കുട്ടി  അധ്യക്ഷത വഹിച്ചു.   ഹജ്ജ് എക്സിക്യൂട്ടീവ് ഓഫീസർ  ഓഫീസർ  പി എം ഹമീദ് സ്വാഗതവും  പി ജംഷീദ് പാറക്കൽ നന്ദിയും  നേർന്നു.

Advertisment