Advertisment

പെരിയയിൽ നിന്ന് മാവോയിസ്റ്റുകള്‍ തലശ്ശേരിയില്‍; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കര്‍ണാടക സ്വദേശിയായ ഉണ്ണിമായയേയും തമിഴ്‌നാട് സ്വദേശിയായ ചന്ദ്രുവിനേയും പൊലീസ് പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം പിടിയിലായ സന്ദേശ വാഹകന്‍ തമ്പി എന്ന ഷിബുവില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് ഇരുവരെയും കുടുക്കിയത്

New Update
police jeep09657

വയനാട് പെരിയയില്‍ നിന്ന് രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി കണ്ണൂര്‍ സിറ്റി പൊലീസ്. സുന്ദരി, ലത എന്നിവര്‍ക്കായാണ് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവര്‍ തലശ്ശേരിയില്‍ എത്തിയെന്നാണ് പൊലീസിന്റെ സംശയം. 

Advertisment

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കര്‍ണാടക സ്വദേശിയായ ഉണ്ണിമായയേയും തമിഴ്‌നാട് സ്വദേശിയായ ചന്ദ്രുവിനേയും പൊലീസ് പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം പിടിയിലായ സന്ദേശ വാഹകന്‍ തമ്പി എന്ന ഷിബുവില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് ഇരുവരെയും കുടുക്കിയത്. അതീവ രഹസ്യമായിട്ടായിരുന്നു തണ്ടര്‍ബോള്‍ട്ടിന്‍ നീക്കം. ഉച്ചയോടെ തന്നെ തണ്ടര്‍ബോള്‍ട്ട് ചപ്പാരം കോളനി പരിസരത്തു നിലയുറപ്പിച്ചു. മാവോയിസ്റ്റുകള്‍ കോളനിയിലേക്ക് എത്തുന്ന ഓരോ നീക്കവും ദൂരെ നിന്നു നിരീക്ഷിച്ചു.

മാവോയിസ്റ്റുകള്‍ പുറത്തു ഇറങ്ങുമ്പോള്‍ പിടികൂടാന്‍ ആയിരുന്നു നീക്കം. നാലംഗ സായുധ സംഘമാണ് ചപ്പാരം കോളനിയിലെ അനീഷിന്റെ വീട്ടിലെത്തിയത്. രാത്രി 7 മണിയോടെ വീട്ടിലെത്തിയ ഇവര്‍ മൊബൈല്‍ ചാര്‍ജ് ചെയ്ത ശേഷം ഭക്ഷണം കഴിക്കാന്‍ കാത്തിരിക്കുകയായിരുന്നു.

ഇതിനിടെ വീട്ടുകാരില്‍ ഒരാള്‍ പുറത്തിറങ്ങി. വീട്ടുമുറ്റത്ത് തണ്ടര്‍ ബോള്‍ട്ടിനെ കണ്ടതോടെ ഇവര്‍ ബഹളം വച്ചു. ഇതോടെ തണ്ടര്‍ബോള്‍ട്ട് ആകാശത്തേക്ക് വെടിവച്ചു. തണ്ടര്‍ബോള്‍ട്ട് വീട് വളഞ്ഞ് നാല് പേരോടും കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇവര്‍ തയ്യാറാകാതിരുന്നതോടെ ഏറ്റുമുട്ടലുണ്ടായി. രണ്ടുപേര്‍ ഓടിപ്പോയി. വീടിന് അകത്തു ഉണ്ടായിരുന്ന രണ്ടു പേര്‍ പോലീസിന് നേരെ വെടിവച്ചു. വീട്ടിലേക്ക് കയറിയാണ് ഇവരെ പിടികൂടിയത്. ഇവരെ പോലീസ് കല്‍പറ്റയിലേക്ക് മാറ്റി. വീട്ടുകാരെ ബന്ധുവീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. 

അതേസമയം രക്ഷപ്പെട്ടവര്‍ക്ക് വെടിയേറ്റെന്ന സംശയവും പൊലീസിനുണ്ട്. തലപ്പുഴയിലും പെരിയയിലും സജീവമായിരുന്ന സംഘമാണ് ഇതെന്നും പൊലീസ് പറയുന്നു. രക്ഷപ്പെട്ടവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും എഡിജിപി എം ആര്‍ അജിത് കുമാര്‍ പറഞ്ഞു.

നേരത്തെ പിടിയിലായ മാവോയിസ്റ്റുകളെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരുന്നു. കല്‍പറ്റ കോടതിയിലാണ് മാവോയിസ്റ്റുകളെ ഹാജരാക്കിയത്. എകെ 47 ഉള്‍പ്പെടെ തോക്കുകളും ഇവരില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ വനാതിര്‍ത്തികളില്‍ വന്‍ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.  

അനീഷിന്റെ വീട് ഇപ്പോഴും പോലീസ് വലയത്തിലാണ്. കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ ചപ്പാരം കോളനിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. കണ്ണൂര്‍ വയനാട് അതിര്‍ത്തികളിലെ ആശുപത്രികളിലും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെടിയേറ്റ ആള്‍ ചികിത്സക്കെത്തിയാല്‍ പിടികൂടുകയാണ് ലക്ഷ്യം. 

 

wayanadu
Advertisment