എറണാകുളം : കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാത്തലവനായ മരട് അനീഷ് പോലീസ് പിടിയിലായി. മരട് ആനക്കാട്ട് വീട്ടില്‍ അനീഷ് ആന്റണി ആണ് മരട് അനീഷ് എന്ന പേരിൽ അറിയപ്പെടുന്നത്. കേരളത്തിനകത്തും പുറത്തുമായി നാൽപ്പത്തിയഞ്ചോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാൾ.
തിങ്കളാഴ്ച രാത്രിയാണ് പോലീസ് മരട് അനീഷിനെ കസ്റ്റഡിയിലെടുത്തത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ഇയാൾ പിടിയിലാവുന്നത്. ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതായിരുന്നു ഇയാൾ. തുടർചികിൽസകൾ ആവശ്യമുള്ളതിനാൽ പോലീസ് കാവലിൽ ആശുപത്രിയിൽ തന്നെ കഴിയുകയാണ് അനീഷ്.
കുഴല്‍പ്പണം, മയക്കുമരുന്ന് കടത്ത്, വധശ്രമം, ഗുണ്ടാ ആക്രണം തുടങ്ങി നിരവധി കേസുകൾ ഇയാൾക്കെതിരായിയുണ്ട്. ഇയാളെ പിടികൂടുന്നതിനായി “ഓപ്പറേഷൻ മരട്” എന്ന പേരിൽ പ്രത്യേക അന്വേഷണ സംഘത്തിന് പോലീസ് രൂപം നൽകിയിരുന്നു. കൊച്ചി ഡിസിപി, എസി, തേവര ഇന്‍സ്പെക്റ്റർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മരട് അനീഷിനെ പിടികൂടിയത്.