തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ ഇ.ഡിയുടെ റിമാന്റ് റിപ്പോർട്ട് നിയമസഭയിൽ വായിക്കവെ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍ എഎന്‍ ഷംസീർ.
റിപ്പോർട്ട് വായിക്കരുതെന്ന് ഭരണപക്ഷവും സ്പീക്കറും ആവശ്യപ്പെട്ടിട്ടും മാത്യു കുഴല്‍നാടന്‍ തുടര്‍ന്നതോടെയാണ് സ്പീക്കറുടെ നടപടി. സംസ്ഥാന സഹകരണ നിയമ ഭേദഗതി ബില്ലിനിടെയാണ് നിയമസഭയില്‍ ബഹളമുണ്ടായത്.
തന്നെ ഭരണപക്ഷ അംഗങ്ങള്‍ രണ്ട് ദിവസമായി പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും പറയാനുള്ളത് പറയുമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് നിയമസഭ പല വട്ടം ചര്‍ച്ച ചെയ്തതാണെന്നും ബില്ലിലേക്ക് വരാനും സ്പീക്കര്‍ ആവശ്യപ്പെട്ടു.
ഒരാളെ റിമാന്‍ഡ് ചെയ്തതുകൊണ്ട് അയാള്‍ കുറ്റക്കാരനാകില്ലെന്നും അങ്ങനെയെങ്കില്‍ ഞാനൊക്കെ എത്ര കേസില്‍ പ്രതിയാണെന്നും സ്പീക്കര്‍ ചോദിച്ചു. നിങ്ങള്‍ ഒരു പ്രാക്ടീസിങ് ലോയറാണെന്ന് ഓര്‍മ്മിപ്പിച്ച അദ്ദേഹം റിമാന്‍ഡ് റിപ്പോര്‍ട്ട് വായിക്കുന്നത് തുടര്‍ന്നാല്‍ മൈക്ക് ഓഫ് ചെയ്യുമെന്നും പറഞ്ഞു.
അഴിമതിയെ കുറിച്ച് പറയുമ്പോള്‍ എന്തിന് അസ്വസ്ഥനാകുന്നു എന്നായിരുന്നു മാത്യുവിന്റെ മറുചോദ്യം. പിന്നാലെ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തു.