കോട്ടയം: മകൾക്ക് പിറന്നാൾ സമ്മാനമായി അമ്പിളിമാമനെ തന്നെ നൽകി അച്ഛൻ. കോട്ടയം മുണ്ടക്കയം സ്വദേശി സെൻ സെബാസ്റ്റ്യൻ ആണ് തന്റെ മകൾക്ക് പിറന്നാൾ ദിനത്തിൽ ചന്ദ്രനിൽ അഞ്ചേക്കർ സ്ഥലം സമ്മാനിച്ചത്. മകൾക്ക് സമ്മാനമായി നൽകിയതാണെങ്കിലും ഈ നേട്ടം മലയാളികൾക്കും അഭിമാനമായിരിക്കുകയാണ്.
രാജ്യത്ത് പ്രമുഖർ ഉൾപ്പടെ നിരവധി പേർ ചന്ദ്രനിൽ സ്ഥലം വാങ്ങിയിട്ടുണ്ടെങ്കിലും ഒരു മലയാളി ഇത് ആദ്യമായാണ് ചന്ദ്രനിൽ സ്ഥലം സ്വന്തമാക്കുന്നത്. പിതാവിന്റെ സ്നേഹ സമ്മാനത്തിൽ ഏറെ സന്തോഷവതിയാണ് മകൾ സമീറ സെൻ. നഴ്സായി പ്രവർത്തിക്കുന്ന സെൻ സെബാസ്റ്റ്യൻ ഭാര്യ മീനു തോമസിനും മകൾ സമീറയ്ക്ക് ഒപ്പം യുകെയിൽ ആണ് താമസിക്കുന്നത്.
തൻ്റ മകൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആഗ്രഹം സാധിച്ചു കൊടുത്തതിൽ അച്ഛനെന്ന നിലയിൽ അതിയായ സന്തോഷമുണ്ടെന്നും ഭാവിയിൽ കേരളത്തിൽ നിന്നും കൂടുതൽ മലയാളികൾ സ്ഥലം വാങ്ങുമെന്നാണ് പ്രതീക്ഷയെന്നും സെൻ സെബാസ്റ്റ്യൻ പറഞ്ഞു.
ആളുകൾ ചന്ദ്രനിൽ സ്ഥലം വാങ്ങുന്ന കാര്യം പലരിൽ നിന്നായി അറിഞ്ഞതോടെ മകൾക്ക് ഇത് സമ്മാനമായി നൽകണമെന്ന് ഉറപ്പിക്കുകയായിരുന്നു. തുടർന്ന് യുഎസ്എയുടെ ലൂണാർ ലാൻസ് രജിസ്ട്രേഷൻ വഴി സ്ഥലം വാങ്ങി രജിസ്റ്റർ ചെയ്തു. ഏക്കറിന് 54 ഡോളർ വിലയുള്ള ലാൻഡ് ഓഫ് ഡ്രീംസിലെ അഞ്ചേക്കർ സ്ഥലമാണ് സ്വന്തമാക്കിയത്. രജിസ്ട്രേഷൻ അടക്കം ഏകദേശം 25000 ഇന്ത്യൻ രൂപയിൽ അധികം ചെലവായിട്ടുണ്ട്.
ചന്ദ്രനിൽ ഇങ്ങനെ വാങ്ങിക്കുന്ന സ്ഥലം ട്രേഡിങ് സൈറ്റുകൾ വഴി വിൽക്കാനും സാധിക്കും. സ്ഥലങ്ങളുടെ ക്രയവിക്രയങ്ങൾ ലൂണാർ സൊസൈറ്റി ഇൻറർനാഷണൽ ലോയുടെ അടിസ്ഥാനത്തിലാണ് നടക്കുന്നത്. രജിസ്ട്രേഷൻ കഴിയുമ്പോൾ സർട്ടിഫിക്കറ്റ് ലഭിക്കുകയും അതിൽ സ്ഥലം വാങ്ങിയ ആളുടെ പേരും ഫ്ലോട്ട് നമ്പരും ഉണ്ടായിരിക്കും ഇവിടെ സ്ഥലങ്ങൾ ഒരേക്കർ ആയിട്ടാണ് തിരിച്ചിരിക്കുന്നത്. സ്ഥലം വാങ്ങുന്ന ആൾക്ക് ലൂണാർ റിപ്പബ്ലിക്കിന്റെ പൗരത്വവും ലഭിക്കും.