/sathyam/media/media_files/Y7RBWyJohvQrnGPP3AOn.webp)
കൊല്ലം: ഭിന്നശേഷിക്കാരിയായ 75 വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം. ഗുരുതരമായി പരിക്കേറ്റ വയോധിക ചികിത്സയിലാണ്. വർഷങ്ങളായി കൊട്ടിയം ഭാഗത്ത് ഭിക്ഷയാചിക്കുന്ന വയോധികയ്ക്ക് നേരെയാണ് ക്രൂര പീഡനം ഉണ്ടായത്. ശനിയാഴ്ച പുലർച്ചെ ഒരുമണിയ്ക്കാണ് സംഭവം.
റോഡിൽ അർധനഗ്നയായി രക്തത്തിൽ കുളിച്ച് കിടന്ന വയോധികയെ അടുത്തുള്ള ക്ഷേത്രത്തിലെ പൂജാരിയാണ് കണ്ടത്. സ്ത്രീക്ക് രണ്ട് കയ്യും കാലും ഇല്ല. സിംല എന്ന ടെക്സ്റ്റൈൽസിലെ ജീവനക്കാരൻ സിസിടിവി ദൃശ്യങ്ങൾ കണ്ടതിനെ തുടർന്ന് ഉടമയോട് പറയുകയും പിന്നീട് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ കൊട്ടിയം പൊലീസ് അന്വേഷണം ആരംഭിച്ചു.
ക്രൂരമായി മർദ്ദിക്കുന്നതായി സിസിടിവിയിൽ കണ്ടതായി ജീവനക്കാരൻ പറഞ്ഞു. വെള്ളമുണ്ടും വെള്ള ഷർട്ടും ധരിച്ചെത്തിയ യുവാവാണ് വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. സിസിടിവിയുള്ളിടത്ത് നിന്ന് മാറിയാണ് വയോധികയെ ആക്രമിച്ചതും ലൈംഗികാതിക്രമം നടത്തിയതും അതുകൊണ്ട് തന്നെ ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടില്ല.
കമ്മീഷണർ അടക്കമുള്ളവർ സംഭവ സ്ഥലത്ത് കഴിഞ്ഞ ദിവസം എത്തിയിരുന്നു. കൊട്ടിയം ഭാഗത്തുള്ള എല്ലാ കടകളിലേയും സിസിടിവി പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതിയെ തിരിച്ചറിയും വിധത്തിൽ സിസിടിവി ദൃശ്യങ്ങൾ ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.