തിരുവനന്തപുരം: തലസ്ഥാനത്തെ ചാർട്ടേർഡ് അക്കൗണ്ടന്റിനെ മുംബൈയിലെ കസ്റ്റംസ് ഓഫീസർ ചമഞ്ഞ് രണ്ടരക്കോടി കൊള്ളയടിച്ചത് ഉത്തരേന്ത്യൻ ഓൺലൈൻ വേട്ടക്കാരാണെന്ന് സൈബർ പോലീസ് കണ്ടെത്തി. എന്നാൽ ഇതിലെ അംഗങ്ങളെ കണ്ടെത്താനായിട്ടില്ല. ഡൽഹിയിലും ബംഗാളിലും ഗുജറാത്തിലും വൻ വ്യാപാരികളെയും വ്യവസായികളെയും ഓൺലൈനിലൂടെ കൊള്ളയടിച്ച അതേ സംഘമാണ് കേരളത്തിലും കൊള്ളയടി നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. കണ്ണൂരിൽ നിന്നും ഇതേ സംഘം 56ലക്ഷം രൂപ തട്ടിയെടുത്തിട്ടുണ്ട്.
കേരളത്തിൽ നടന്ന ഏറ്റവും വലിയ ഓൺലൈൻ തട്ടിപ്പാണ് തിരുവനന്തപുരത്ത് നടന്നത്. കസ്റ്റംസ്, സി.ബി.ഐ ഉദ്യോഗസ്ഥരെന്ന വ്യാജേന തലസ്ഥാനത്തെ ചാർട്ടേർഡ് അക്കൗണ്ടിൽ നിന്ന് 2.26കോടിയാണ് ഉത്തരേന്ത്യൻ തട്ടിപ്പുകാർ അടിച്ചെടുത്തത്. ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ പേരിൽ വിദേശത്തേക്കയച്ച പാഴ്സലിൽ അഞ്ചു വ്യാജ പാസ്പോർട്ടുകളും 75ഗ്രാം എം.ഡി.എം.എയും കണ്ടെത്തിയെന്നറിയിച്ച് മുംബയിലെ കസ്റ്റംസ് ഓഫീസറെന്നറിയിച്ച ആളാണ് ചാർട്ടേർഡ് അക്കൗണ്ടന്റിനെ വിളിച്ചത്. പിന്നീട് മുംബയ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയയാൾ വിളിച്ചു. ഈ കേസ് സി.ബി.ഐ ഏറ്റെടുത്തെന്നും കള്ളപ്പണ ഇടപാടില്ലെന്ന് തെളിയിക്കാൻ അക്കൗണ്ടിലെ 75ശതമാനം തുക ആറ് അക്കൗണ്ടുകളിലേക്ക് മാറ്റാനും ആവശ്യപ്പെട്ടു.
റിസർവ് ബാങ്ക് വഴി പരിശോധിച്ചശേഷം പണം തിരികെ നൽകുമെന്നാണ് അറിയിച്ചത്. കേട്ടപാതി കേൾക്കാത്ത പാതി ചാർട്ടേർഡ് അക്കൗണ്ടന്റ് പണം കൈമാറിയ ഉടൻ തട്ടിപ്പുകാർ 36അക്കൗണ്ടുകളിലേക്ക് ഈ തുക മാറ്റി. രണ്ടു കോടി ഉടനടി പിൻവലിച്ചു. കേസെടുത്ത സൈബർ പോലീസ് ഇടപെട്ട് 26ലക്ഷം രൂപ പിൻവലിക്കുന്നത് മരവിപ്പിച്ചു. പണം കൈമാറാൻ നൽകിയ ആറ് അക്കൗണ്ടുകളും സർക്കാർ അക്കൗണ്ടുകളെന്നാണ് പറഞ്ഞത്. ഇത് വിശ്വസിച്ചാണ് ചാർട്ടേർഡ് അക്കൗണ്ടന്റ് തട്ടിപ്പിൽ കുരുങ്ങിയത്. തിരുവനന്തപുരത്ത് ഉള്ളൂരിൽ താമസിക്കുന്ന് 70 വയസോളമുള്ള ചാർട്ടേർഡ് അക്കൗണ്ടന്റിനാണ് കോടികൾ നഷ്ടമായത്.
ബംഗാൾ, ഗുജറാത്ത്, ഡൽഹി സംസ്ഥാനങ്ങളിൽ തട്ടിപ്പ് നടത്തിയ സംഘമാണ് പണം തട്ടിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഉത്തരേന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയത്. നാലു ദിവസം മുൻപ് തിരുവനന്തപുരം പാറോട്ടുകോണം സ്വദേശിയായ മുംബയിലെ ബിസിനസുകാരനിൽ നിന്ന് ഇതേരീതിയിൽ 56ലക്ഷം തട്ടിയിരുന്നു. അദ്ദേഹം കണ്ണൂരിൽ ആയുർവേദ ചികിത്സയിലായിരിക്കെയാണ് സമാനമായ ഫോൺവിളി വന്നത്. പാഴ്സലിൽ മയക്കുമരുന്ന് കണ്ടെത്തിയെന്നും സി.ബി.ഐ അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. ഇതിലും സൈബർ പോലീസ് കേസെടുത്തിട്ടുണ്ട്. രണ്ട് കേസുകളും നാഷണൽ പോർട്ടലിൽ ഡി.സി.പി നിഥിൻരാജിന്റെ നേതൃത്വത്തിൽ സൈബർ പൊലീസാണ് കേസന്വേഷിക്കുന്നത്. സി.ബി.ഐയുടെ പേരിലുള്ള തട്ടിപ്പായതിനാൽ കേന്ദ്രഏജൻസികൾ വിവരം തേടിയിട്ടുണ്ട്. അന്വേഷണം അവർ ഏറ്റെടുക്കാനും സാദ്ധ്യതയുണ്ട്. ഈ രണ്ട് സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പോലീസ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ അയച്ച പാഴ്സലിന്റെ പേരിൽ ഫോണിൽ വിളിച്ച് പണം തട്ടുന്ന ഓൺലൈൻ തട്ടിപ്പുസംഘം സജീവമാണ്. അയച്ച പാഴ്സ്‍ലിനുള്ളിൽ എം.ഡി.എം.എ പോലുള്ള ലഹരി മരുന്നുകൾ കണ്ടെത്തിയെന്നും അത് നിങ്ങൾ കടത്തിയതാണെന്നും കസ്റ്റംസ് പാഴ്സൽ തടഞ്ഞുവച്ചെന്നുമാണ് തട്ടിപ്പുകാർ പറയുക. കസ്റ്റംസ് ഓഫീസർ, സൈബർ ക്രൈം ഓഫീസർ എന്നൊക്കെ പറഞ്ഞാവും പിന്നീടുള്ള വിളികൾ. ലഹരി കടത്തിയതിന് സി.ബി.ഐ, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ തുടങ്ങിയ ഏജൻസികൾ കേസെടുത്തെന്നും പറയും. തെളിവായി വ്യാജ തിരിച്ചറിയൽ രേഖകളും എഫ്.ഐ.ആറും അയച്ചുനൽകും.
നിയമവിരുദ്ധ പ്രവൃത്തികൾ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി അക്കൗണ്ടിലെ 75 % തുക ഉടൻ ഫിനാൻസ് ഡിപ്പാർട്മെന്റിലേക്ക് സറണ്ടർ ചെയ്യണമെന്ന് ആവശ്യപ്പെടും. അതിനു തെളിവായി ഫിനാൻസ് വകുപ്പിന്റെ പേരിലുള്ള വ്യാജ രസീത് അയച്ചു നൽകും. തുടർന്നു വിളിക്കുന്നത് ഫിനാൻസ് വകുപ്പിലെ ഐ.പി.എസ് ഉദ്യോഗസ്ഥൻ എന്ന പേരിലാകും. വിവിധ വകുപ്പുകളിലേയ്ക്ക് തുക കൈമാറാൻ ഇവർ പല അക്കൗണ്ടുകൾ അയച്ചുതരും. ഇതിൽ പണമയയ്ക്കുന്നതോടെ തട്ടിപ്പിന് ഇരകളാവും. ഒരു ഏജൻസിയും അന്വേഷണത്തിന്റെ ഭാഗമായി പണവും ആവശ്യപ്പെടില്ല. ഇത്തരം തട്ടിപ്പുകൾ 1930 എന്ന സൈബർ പോലീസിന്റെ ഹെൽപ്പ് ലൈനിൽ അറിയിക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു