പാലാ : പാലാ - ഇടമറ്റം മേഖലയിലെ ലഹരി വിരുദ്ധ സംഘത്തിനെതിരെ പോലീസ് നടത്തിയ വ്യാപക പരിശോധനയിൽ ശനി, ഞായർ ദിവസങ്ങളിലായി മാത്രം 15 പേർ കൂടി പിടിയിലായി. കഴിഞ്ഞ 5 ദിവസമായി തുടർച്ചയായ പോലീസ് പരിശോധന നടക്കുന്ന ഇടമറ്റത്തുനിന്നും പൊതുസ്ഥലത്ത് മദ്യപിച്ചതിന് 4 പേരാണ് വീണ്ടും പിടിയിലായത്.
പാലാ സി ഐ കെ പി തോംസന്റെ നേതൃത്വത്തിൽ രൂപീകരിച്ച 'ഓപ്പറേഷൻ ഡ്രിങ്ക്സ്' സ്‌പെഷ്യൽ സ്‌ക്വഡ് പാലാ, പൈക, ഇടമറ്റം, പ്രവിത്താനം, കരൂർ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണ് മദ്യപിച്ചു ബഹളം വച്ചതിനും അനുബന്ധ കുറ്റകൃത്യങ്ങൾക്കുമായി 15 കേസുകൾ രജിസ്റ്റർ ചെയ്തത്. പൊതുസ്ഥലത്ത് മദ്യപിച്ചതിന് ആകെ 6, മദ്യപിച്ചു വാഹനം ഓടിച്ചതിന് 5, മദ്യപിച്ചു ബഹളം വച്ചതിന് 2, കഞ്ചാവ്, ഹാൻസ് ഉപയോഗത്തിന് ഒന്ന് വീതം കേസുകളാണ് രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ ദിവസം 21 പേർ പോലീസ് പിടിയിലായിരുന്നു. മേഖലയിൽ വ്യാപകമായ പരിശോധനകൾ തുടരുകയാണ്. 'ഓപ്പറേഷൻ ഡ്രിങ്ക്സ്' സ്‌പെഷ്യൽ സ്‌ക്വഡിന്റെ ഹെൽപ്പ് ലൈൻ നമ്പരിലേക്ക് കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് 25 ഓളം ഫോൺ സന്ദേശങ്ങളാണ് വന്നത്. ഫോൺ സന്ദേശങ്ങളിൽ കിടങ്ങൂർ , രാമപുരം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പരാതികളും ലഭിച്ചിരുന്നു. അവ ബന്ധപ്പെട്ട സി ഐ മാർക്ക് കൈമാറിയിട്ടുണ്ട്.
ഇടമറ്റം പൊന്മല - കോട്ടേമാപ്പിലക റോഡിൽ കഴിഞ്ഞ ദിവസം രാത്രി കുടുംബസമേതം കാറിൽ വന്ന മാധ്യമ പ്രവർത്തകന് യാത്രാ തടസം ഉണ്ടാക്കി മദ്യപിക്കുകയും, മദ്യകുപ്പി റോഡിൽ എറിഞ്ഞുടയ്ക്കുകയും ചെയ്ത സംഭവത്തിൽ ഓട്ടോറിക്ഷയും പ്രതികളും സംബന്ധിച്ച് പൊലീസിന് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും സി ഐ കെപി തോംസൺ അറിയിച്ചു. ഈ റോഡിൽ പകൽ സമയത്ത് നടന്നുപോയ സ്ത്രീകളെ ശല്യം ചെയ്ത ബൈക്കിലെത്തിയ സംഘത്തെ സംബന്ധിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മദ്യ - ലഹരി മാഫിയകളുടെ പ്രവർത്തനം നഗരത്തിൽ നിന്നും പാലായുടെ ഉൾപ്രദേശങ്ങളിലേയ്ക്ക് വ്യാപകമായത് സംബന്ധിച്ച മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് സ്‌പെഷ്യൽ സ്‌ക്വഡ് രൂപീകരിച്ച് പരിശോധനകൾ ആരംഭിച്ചിരിക്കുന്നത്. ഇത് തുടരും.
ഇടമറ്റം പൊന്മല - കോട്ടേമാപ്പിലക റോഡ് കഴിഞ്ഞ കുറെ കാലങ്ങളായി മദ്യ - ലഹരി മാഫിയകളുടെ പിടിയിലായിരുന്നു. രാത്രി 8 മണി കഴിഞ്ഞാൽ ഇതുവഴി നാട്ടുകാർക്ക് യാത്ര അസാധ്യമായിരുന്നു. പുലർച്ചെ മൂന്നുമണി വരെ മറ്റു പ്രദേശങ്ങളിൽ നിന്നും ഓട്ടോറിക്ഷയിലും ബൈക്കിലുമായി ഈ റോഡിൽ വന്നു തമ്പടിക്കുന്ന ലഹരി സംഘവും അവരുടെ വാഹനങ്ങളും കാരണം നാട്ടുകാർക്ക് ഇതുവഴി യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യമായിരുന്നു.
ലഹരി സംഘത്തെ പേടിച്ച് അത്യാവശ്യ കാര്യങ്ങൾക്ക് വാഹനങ്ങളുമായി ഇറങ്ങുന്ന നാട്ടുകാർ പല തവണ തിരിച്ചു പോകുന്നതായിരുന്നു പതിവ്. നാട്ടുകാരുടെ വാഹനങ്ങൾക്ക് കടന്നുപോകാനുള്ള സൗകര്യം നൽകാൻ പോലും ഈ സംഘം തയ്യാറല്ലായിരുന്നു.
പോലീസിന്റെ ശ്രദ്ധ പതിയില്ലെന്നതും പോലീസ് എത്തിയാൽ രക്ഷപെടാൻ നിരവധി ആളൊഴിഞ്ഞ വഴികൾ ഉണ്ടെന്നതുമാണ് ലഹരി സംഘം ഇടമറ്റവും പരിസരങ്ങളും താവളമാക്കാൻ കാരണം. പോലീസ് പരിശോധനകൾ തുടർച്ചയായി നടന്നിട്ടും ഇടമറ്റത്തുനിന്നും വീണ്ടും പൊതുസ്ഥലത്ത് മദ്യപിക്കുന്ന സംഘത്തെ പിടികൂടി എന്നതാണ് ശ്രദ്ധേയം.