മലപ്പുറം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിനെതിരെ പോക്സോ കേസ്. പരപ്പനങ്ങാടി പോലീസാണ് കേസെടുത്തത്.
കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു കേസിന് ആസ്പദമായ സംഭവം. ബസ് യാത്രയ്ക്കിടെ വേലായുധൻ കുട്ടിയെ കയറി പിടിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ ഈ അടുത്ത സമയത്താണ് കുട്ടി ചൈൽഡ് ലൈന് പരാതി നൽകിയത്. തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ സംഭവം പുറത്തറിയുകയായിരുന്നു.
വേലായുധനെതിരെ നേരത്തേയും സമാനമായ ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ കേസൊന്നും ഉണ്ടായിരുന്നില്ല. സിപിഎം മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് ഇയാൾ. വേലായുധനെതിരെ പോക്സോ കേസെടുത്തതിനെ തുടർന്ന് മലപ്പുറത്ത് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേർന്നിരുന്നു. എന്നാൽ ഇയാൾക്കെതിരെ നിലവിൽ നടപടിയൊന്നും എടുത്തിട്ടില്ല.
വേലായുധനെതിരെ നിലവിൽ പോക്സോയിലെ ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത് എന്ന ആരോപണം ശക്തമാണ്. ഇത് രാഷ്ട്രീയ സ്വാധീനത്തെ തുടർന്നാണ് എന്നും വിമർശനം ഉയരുകയാണ്.