പ്ലസ് ടു വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം; വ്യാജ സന്ദേശം ലഭിച്ചത് പോളണ്ട് സർവറിൽ നിന്ന്

ലാപ്പ്ടോപ്പിൽ സിനിമ കാണുന്നതിനിടെയാണ് 33900 രൂപ ആവശ്യപ്പെട്ട് സന്ദേശമെത്തിയത്. ആറ് മണിക്കൂറിനുള്ളിൽ പണം നൽകണമെന്നായിരുന്നു ആവശ്യം.

New Update
laptop cinema death.

കോഴിക്കോട്: സൈബർ സെല്ലിൻ്റെ പേരിൽ പണമാവശ്യപ്പെട്ടതിനെ തുടർന്ന് ‌പ്ലസ് ടു വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വ്യാജ സന്ദേശം ലഭിച്ചത് പോളണ്ട് സർവറിൽ നിന്ന്. ക്യുമെയിൻ.കോം എന്ന സൈറ്റിൽ നിന്നാണ് സന്ദേശം ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. ക്യുമെയിൻ.കോം സൈറ്റിനെ കുറിച്ചുളള വിശദാംശങ്ങൾ തേടി ഗൂഗിളിന് മെയിൽ അയച്ചതായും പൊലീസ് അറിയിച്ചു. സൈബർ ഡോമിന്റെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്.

Advertisment

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സാമൂതിരി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ആദിനാഥ് (16) ജീവനൊടുക്കിയത്. ലാപ്പ്ടോപ്പിൽ സിനിമ കാണുന്നതിനിടെയാണ് 33900 രൂപ ആവശ്യപ്പെട്ട് സന്ദേശമെത്തിയത്. ആറ് മണിക്കൂറിനുള്ളിൽ പണം നൽകണമെന്നായിരുന്നു ആവശ്യം. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയോട് സാമ്യമുള്ള സൈറ്റ് ഉപയോഗിച്ചാണ് ഹാക്കർ പണം ആവശ്യപ്പെട്ടത്.

നിയമ വിരുദ്ധമായ സൈറ്റിലാണ് കയറിയിട്ടുള്ളതെന്നും പണം തന്നില്ലെങ്കിൽ പൊലീസിൽ വിവരം അറിയിക്കുമെന്നും അറസ്റ്റ് രേഖപ്പെടുത്തുമെന്നും ഇവർ പറഞ്ഞു. തുക നൽകിയിട്ടില്ലെങ്കിൽ രണ്ട് ലക്ഷം രൂപയാണ് പിഴ അടയ്‌ക്കേണ്ടതെന്നും രണ്ട് വർഷം തടവും അനുഭവിക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തി. തുടർന്നാണ് വിദ്യാർത്ഥി ജീവനൊടുക്കിയത്.

കുറ്റവാളികൾ വിപിഎൻ വഴി പോളണ്ടിലെ സർവറാണ് ഉപയോഗിച്ചതെന്നാണ് നിഗമനം. വീഡിയോ മോഷൻ എന്ന സൈറ്റാണ് വിദ്യാർത്ഥി ഉപയോ​ഗിച്ചത്. ഗോൾഡ് എന്ന മലയാളം സിനിമയാണ് വിദ്യാർത്ഥി കണ്ടത്. സിനിമ തുടങ്ങി രണ്ട് മിനിറ്റിനകമാണ് നാഷ്ണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ പേരിൽ വ്യാജ സന്ദേശം ലഭിച്ചത്.

latest news cyber crime kozhikkode
Advertisment