ബസിന് മുൻപിൽ സ്‌കൂട്ടറുമായി അപകടകരമായ അഭ്യാസം; ഹോൺ അടിച്ചിട്ടും വഴി കൊടുത്തില്ല; യുവാവിനെതിരെ പോലീസ് കേസെടുത്തു

ബസിലുണ്ടായിരുന്നവർ വീഡിയോ പകർത്തി പോലീസിൽ അറിയിച്ചതോടെയാണ് പോലീസ് കേസെടുത്തത്.

New Update
scooty bus.

കോഴിക്കോട്: സ്വകാര്യബസിന് മുൻപിൽ സ്‌കൂട്ടറുമായി അഭ്യാസപ്രകടനം നടത്തിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് കല്ലായി സ്വദേശി ഫർഹാനെതിരെയാണ് പന്നിയങ്കര പോലീസ് കേസെടുത്തത്. കോഴിക്കോട് മീഞ്ചന്തയിൽ ബസിന് മുൻപിൽ വാഹനത്തിന് സൈഡ് കൊടുക്കാതെ ഫർഹാൻ അപകടകരമായി സ്‌കൂട്ടർ ഓടിക്കുകയായിരുന്നു.

Advertisment

ബസിലുണ്ടായിരുന്നവർ വീഡിയോ പകർത്തി പോലീസിൽ അറിയിച്ചതോടെയാണ് പോലീസ് കേസെടുത്തത്. ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് സംശയമുണ്ട്. അപകടകരമായി വാഹനമോടിച്ചതിന് ഉൾപ്പെടെയാണ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്ന് മോട്ടോർ വാഹന വകുപ്പും അറിയിച്ചിട്ടുണ്ട്.

ഒന്നര മിനിറ്റിലധികം വരുന്ന വീഡിയോ ദൃശ്യങ്ങളിൽ ബസിന് കടന്നുപോകാൻ കഴിയാത്ത രീതിയിൽ ഫർഹാൻ വാഹനം ഓടിക്കുന്നത് കാണാം. റോഡിൽ വളഞ്ഞും പുളഞ്ഞും സ്‌കൂട്ടർ ഓടിച്ച ഇയാൾ ഇടയ്ക്ക് തിരിഞ്ഞ് പിന്നിലേക്ക് നോക്കി ബസിൽ യാത്ര ചെയ്തിരുന്നവരെ പരിഹസിക്കുകയും ചെയ്തു. ഡ്രൈവർ നിർത്താതെ ഹോൺ മുഴക്കിയിട്ടും വാഹനം മാറ്റാത്തതിനെ തുടർന്നാണ് യാത്രക്കാർ വീഡിയോ ചിത്രീകരിച്ചത്.

kozhikkode
Advertisment