'ബാലൻസ്ഡ്' ആയ ഭക്ഷണരീതിയല്ല നമ്മുടേതെങ്കില്‍ അത് വൈറ്റമിനുകളടക്കം പല അവശ്യഘടകങ്ങളും ശരീരത്തില്‍ ആവശ്യത്തിന് ഇല്ലാതിരിക്കുന്ന അവസ്ഥയിലേക്ക് നയിക്കാം. ഇത് ആരോഗ്യത്തെ പലരീതിയില്‍ ബാധിക്കുകയും ചെയ്യാം. ഇങ്ങനെ വരാതിരിക്കാൻ ധാരാളം പേര്‍ ഇന്ന് മെഡിക്കല്‍ സ്റ്റോറുകളില്‍ പോയി വൈറ്റമിൻ ഗുളികകള്‍ വാങ്ങി കഴിക്കാറുണ്ട്.
മള്‍ട്ടിവൈറ്റമിൻ ഗുളികകള്‍ അധികമെത്തുമ്പോള്‍ വൈറ്റമിൻ-എ, വൈറ്റമിൻ-ഡി, വൈറ്റമിൻ- ഇ, വൈറ്റമിൻ- കെ എന്നിങ്ങനെയുള്ള വൈറ്റമിനുകള്‍ ശരീരത്തില്‍ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. ഇത് തലകറക്കം, ചര്‍മ്മത്തില്‍ വ്യത്യാസം, ഓക്കാനം എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ക്കും ഗുരുതരമാകുന്ന കേസുകളില്‍ കരള്‍ പോലുള്ള ചില അവയവങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാക്കുകയും എല്ല് വേദനയ്ക്ക് കാരണമാവുകയും ചെയ്യാം.
മള്‍ട്ടിവൈറ്റമിനുകള്‍ അധികമാകുമ്പോള്‍ അത് ദഹനപ്രശ്നങ്ങളിലേക്കും നയിക്കാം. ചില വൈറ്റമിനുകളുടെയും ധാതുക്കളുടെയും അളവ് കൂടുന്നതോടെയാണ് ഇങ്ങനെ സംഭവിക്കുന്നത്. വയറിളക്കം, വയറുവേദന, ഓക്കാനം എല്ലാം ഇങ്ങനെ വരാം. കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തില്‍ കല്ല് വരുന്നതിലേക്കും വൈറ്റമിനുകള്‍ അമിതമാകുന്നത് നയിക്കും.
വൈറ്റമിനുകള്‍ അമിതമായി ശരീരത്തിലെത്തുമ്പോള്‍ അത് നമ്മള്‍ കഴിക്കുന്ന ചില മരുന്നുകളുമായി പ്രവര്‍ത്തിച്ച് പ്രശ്നങ്ങളുണ്ടാക്കാനും സാധ്യതയുണ്ട്. അതിനാല്‍ തന്നെ വൈറ്റമിൻ ഗുളികകള്‍ എടുക്കുമ്പോഴും അതിനൊപ്പം മറ്റ് മരുന്നുകള്‍ ഏതെങ്കിലും എടുക്കുമ്പോഴും ഡോക്ടറുടെ നിര്‍ദേശം കൃത്യമായും തേടേണ്ടതാണ്.