ലാപ്‌ടോപ്പിൽ സിനിമ കാണുന്നതിനിടെ സൈബർ സെല്ലിന്റെ പേരിൽ ഭീഷണി സന്ദേശം; കോഴിക്കോട്‌ പ്ലസ് ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയോട് സാമ്യമുള്ള സൈറ്റിലൂടെയാണ് പണം ആവശ്യപ്പെട്ടത്.

New Update
police jeeep

കോഴിക്കോട്; സൈബർസെല്ലിന്റെ പേരിൽ വ്യാജസന്ദേശം ലഭിച്ച വിദ്യാർത്ഥി ജീവനൊടുക്കി. കോഴിക്കോട് സാമൂതിരി ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥി ആദിനാഥനാണ് (16) തൂങ്ങിമരിച്ചത്. ലാപ്‌ടോപ്പിൽ സിനിമ കാണുന്നതിനിടയിൽ 33,900 രൂപ അടയ്ക്കണം എന്നായിരുന്നു ഹാക്കറുടെ സന്ദേശം വന്നത്. നിയമവിരുദ്ധമായ സൈറ്റിലാണ് കയറിയതെന്നും പണം തന്നില്ലെങ്കിൽ സ്റ്റേഷനിൽ വിവരം അറിയിക്കുമെന്നും വീട്ടിൽ പോലീസെത്തി അറസ്റ്റ് ചെയ്യുമെന്നുമായിരുന്നു ഭീഷണി സന്ദേശം.

Advertisment

നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയോട് സാമ്യമുള്ള സൈറ്റിലൂടെയാണ് പണം ആവശ്യപ്പെട്ടത്. ബ്രൗസർ ലോക്ക് ചെയ്തെന്നും കംപ്യൂട്ടർ ബ്ലോക്ക് ചെയ്തെന്നുമുള്ള സന്ദേശത്തോടെയുമാണ് വ്യാജ എൻ.സി.ആർ.ബി. സ്‌ക്രീൻ ലാപ്‌ടോപ്പിൽ വിദ്യാർഥി കണ്ടത്. എൻ.സി.ആർ.ബി.യുടെ മുദ്രയും സ്‌ക്രീനിൽ അശോകസ്തംഭത്തിന്റെ അടയാളവും ഉണ്ടായിരുന്നു.

പറഞ്ഞതുക നൽകിയില്ലെങ്കിൽ രണ്ടുലക്ഷം രൂപയാണ് പിഴയുണ്ടാവുകയെന്നും രണ്ടുവർഷം തടവ് ലഭിക്കുമെന്നും ഭീഷണിപ്പെടുത്തി. ആറ് മണിക്കൂറിനുള്ളിൽ പണമടയ്ക്കണമെന്ന മുന്നറിയിപ്പും ഉണ്ടായിരുന്നു. സന്ദേശം വന്നതിന് പിന്നാലെ വിദ്യാർത്ഥി ജീവനൊടുക്കുകയായിരുന്നു. ആത്മഹത്യയുമായി ബന്ധപ്പെട്ട കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

latest news kozhikkode cyber cell
Advertisment