/sathyam/media/media_files/QXBxUttB64ZbQiDSH9W7.jpg)
കൊല്ലം : ഭിന്നശേഷിക്കാരൻ ആയ മണിദാസ് എന്ന യുവാവിന് സഹായവുമായി ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. മണിദാസിന് ഇതുവരെ സർക്കാരിൽ നിന്നും ലഭിച്ച ക്ഷേമ പെൻഷൻ മുഴുവൻ തിരിച്ചടയ്ക്കണമെന്ന് ഉത്തരവ് വന്നതോടെയാണ് സുരേഷ് ഗോപിയുടെ സഹായം. തിരിച്ചടയ്ക്കാനുള്ള തുക കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടിലായ അദ്ദേഹത്തിന്റെ വൃദ്ധയായ മാതാവിന് വലിയ ആശ്വാസമാണ് സുരേഷ് ഗോപിയുടെ സഹായത്തിലൂടെ ലഭിച്ചത്.
മണിദാസിന് സർക്കാരിലേക്ക് തിരിച്ചടയ്ക്കേണ്ട ഒരു ലക്ഷം രൂപ സുരേഷ് ഗോപി അദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചു. മണിദാസിന്റെ നിസ്സഹായാവസ്ഥ വാർത്തയായതോടെയാണ് സുരേഷ് ഗോപി ഈ കുടുംബത്തിന് സഹായവുമായി എത്തിയത്. കഴിഞ്ഞവർഷമാണ് ഭിന്നശേഷിക്കാരൻ ആയ മണിദാസിന് നൽകിവന്നിരുന്ന സാമൂഹ്യ ക്ഷേമ പെൻഷൻ സർക്കാർ നിർത്തലാക്കിയത്. ഇതുവരെ ലഭിച്ച തുക സർക്കാരിലേക്ക് തിരിച്ചടയ്ക്കണമെന്നും സർക്കാർ പ്രഖ്യാപിച്ചു. ലഭിച്ച തുക മുഴുവൻ മരുന്നു വാങ്ങാൻ ആയി ചെലവായതിനാൽ മണിലാ 70 വയസ്സുകാരിയായ അമ്മ തിരിച്ചടയ്ക്കാൻ പണമില്ലാതെ പ്രതിസന്ധിയിൽ ആവുകയായിരുന്നു.
മണിദാസിന് ഒരു ലക്ഷത്തിലേറെ രൂപ വാർഷിക വരുമാനം ഉണ്ടെന്നാണ് പെൻഷൻ നിഷേധിക്കാനായി സർക്കാർ കണ്ടെത്തിയ കാരണം. സർക്കാർ സ്കൂളിലെ തയ്യൽ അധ്യാപികയായിരുന്ന അമ്മയ്ക്ക് ഉള്ള പെൻഷൻ മാത്രമാണ് മണിദാസിന്റെ കുടുംബത്തിന്റെ ഏക വരുമാനം. അദ്ദേഹത്തിന് ലഭിച്ചിരുന്ന പെൻഷൻ തുക മുഴുവനായും മരുന്നു വാങ്ങാനായി തന്നെ ചെലവായിരുന്നു. സംസാരശേഷിയില്ലാത്തതും മറ്റ് അഞ്ചോളം വൈകല്യങ്ങൾ ഉള്ളതുമായ ഭിന്നശേഷിക്കാരൻ ആണ് 27 വയസ്സുകാരനായ മണിദാസ്. ഈ യുവാവിന് 13 വർഷമായി ലഭിച്ചിരുന്ന സാമൂഹ്യ ക്ഷേമ പെൻഷൻ ആണ് പിണറായി സർക്കാർ നിർത്തലാക്കുകയും നൽകിയ തുക മുഴുവൻ സർക്കാരിലേക്ക് തിരിച്ചടയ്ക്കാനായി ആവശ്യപ്പെടുകയും ചെയ്തത്.
സർക്കാരിലേക്ക് തിരിച്ചടക്കാനായി മണിദാസിന് ഒരു ലക്ഷം രൂപ നൽകിയ സുരേഷ് ഗോപി പണം ഇനിയും ആവശ്യമെങ്കിൽ വീണ്ടും നൽകാൻ തയ്യാറാണെന്നും അറിയിച്ചു. ഒരു പത്ത് വർഷത്തേക്ക് കൂടി മണിദാസിന് ഒരു ലക്ഷം രൂപ വീതം പെൻഷനായി നൽകണമെങ്കിൽ അതിനും തയ്യാറാണെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. സാധിച്ചാൽ മണിദാസിനെ ഉടൻതന്നെ സന്ദർശിക്കുമെന്നും സുരേഷ് ഗോപി അറിയിച്ചിട്ടുണ്ട്.