Advertisment

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; അവധി ദിനങ്ങളില്‍ ചരക്ക് വാഹനങ്ങള്‍ക്ക് വിലക്ക്

അനധികൃതമായി പാര്‍ക്ക് ചെയ്യുന്നവരില്‍നിന്ന് പിഴ ഈടാക്കും. കോഴിക്കോട്  ജില്ല കലക്ടറാണ് ഇതുസംബന്ധിച്ച വിശദമായ ഉത്തരവിറക്കിയത്.

New Update
thamarasseri churam traffic block

കോഴിക്കോട്: തിരക്കേറിയ സമയങ്ങളില്‍ ഗതാഗതകുരുക്കിലാകുന്ന വയനാട്ടിലേക്കുള്ള താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം കര്‍ശനമായി നടപ്പാക്കാനൊരുങ്ങി കോഴിക്കോട് ജില്ല ഭരണകൂടം. നവരാത്രി അവധിയോടനുബന്ധിച്ച് ചുരത്തിലുണ്ടായ തിരക്കില്‍ വലിയ ഗതാഗതകുരുക്കാണ് ഉണ്ടായത്. ഇതിന്‍റെ പശ്ചാത്തലത്തില്‍ അവധി ദിവസങ്ങളില്‍ താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഭാരമേറിയ വലിയ വാഹനങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Advertisment

അവധി ദിനങ്ങളില്‍ വൈകിട്ട് മൂന്ന് മുതല്‍ രാത്രി ഒമ്പതുവരെ ഭാരമേറിയ ചരക്ക് വാഹനങ്ങള്‍ അനുവദിക്കില്ല. ആറു ചക്രത്തില്‍ കൂടുതലുള്ള ടിപ്പര്‍ ലോറികള്‍, പത്ത് ചക്രത്തില്‍ കൂടുതലുള്ള ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ക്കാണ് അവധി ദിനങ്ങളില്‍ വൈകിട്ട് മൂന്ന് മുതല്‍ രാത്രി ഒമ്പതുവരെ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചുരത്തില്‍ വാഹനങ്ങളുടെ പാര്‍ക്കിങിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അനധികൃതമായി പാര്‍ക്ക് ചെയ്യുന്നവരില്‍നിന്ന് പിഴ ഈടാക്കും. കോഴിക്കോട്  ജില്ല കലക്ടറാണ് ഇതുസംബന്ധിച്ച വിശദമായ ഉത്തരവിറക്കിയത്. നേരത്തെയും പലതവണ ഗതാഗതകുരുക്കുണ്ടായപ്പോള്‍ ഭാരമേറിയ വാഹനങ്ങള്‍ക്ക് താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് നടപ്പായില്ല. പലഘട്ടങ്ങളിലായി ഉത്തരവിറക്കുമ്പോഴും ഇത് കാര്യക്ഷമമായി നടപ്പാക്കാന്‍ പൊലീസോ അധികൃതരോ തയ്യാറാകുന്നില്ലെന്ന ആരോപണമാണ് നിലനില്‍ക്കുന്നത്.

ഇന്ന് രാവിലെയും  താമരശ്ശേരി ചുരം എട്ടാം വളവില്‍ ബസ്സുകള്‍ അപകടത്തില്‍പ്പെട്ടിരുന്നു. എട്ടാം വളവില്‍ മൂന്ന് മണിയോടെ രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ചായിരുന്നു ആദ്യം അപകടം. പിന്നീട് ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി ബസുകള്‍ റോഡിന് വശത്തേക്ക് മാറ്റിയിട്ടു. തുടര്‍ന്ന് അപകടത്തില്‍പ്പെട്ട ബസുകളിലൊന്ന് ഗാരേജിലേക്ക് മാറ്റുന്നതിനായി പുറപ്പെട്ടയുടന്‍ എയര്‍ പൈപ്പ് പൊട്ടി മതിലിനിടിക്കുകയായിരുന്നു.

ഇതോടെ ചുരത്തിലൂടെ ഭാഗികമായി മാത്രമേ മറ്റു വാഹനങ്ങള്‍ക്ക് കടന്നുപോവാന്‍ സാധിക്കുന്നുണ്ടായിരുന്നുള്ളു. കുറച്ചു സമയം ചുരത്തില്‍ ഗതാഗത തടസ്സം നേരിട്ടിരുന്നെങ്കിലും പൊലീസും ചുരം എന്‍.ആര്‍.ഡി.എഫ് പ്രവര്‍ത്തകരും ഗതാഗതം നിയന്ത്രിച്ചാണ് വാഹനങ്ങള്‍ കുരുക്കിലാകാതെ നോക്കുകയായിരുന്നു. 

thamarassery churam
Advertisment