തിരുവനന്തപുരം: കേരള നോളജ് ഇക്കോണമി മിഷന്റെ പദ്ധതികളെക്കുറിച്ചും നൈപുണ്യപരിശീലന പരിപാടികളെക്കുറിച്ചും ചർച്ചചെയ്യുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷരുടെ ഏകദിന യോഗം ചേർന്നു. തൈക്കാട് പി ഡബ്ല്യു ഡി റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺമാർ പങ്കെടുത്തു.
നോളജ് ഇക്കോണമി മിഷൻ പദ്ധതികൾ ബ്ലോക്ക് പഞ്ചായത്തുകളുടെ 2024- 25 സാമ്പത്തിക വർഷത്തിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. പ്രോജക്ടുകളുടെ അവതരണം, പ്രവർത്തനങ്ങൾക്കുള്ള തയ്യാറെടുപ്പ്, ഗ്രൂപ്പ് ചർച്ച എന്നിവ യോഗത്തിന്റെ ഭാഗമായി നടന്നു. സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് യോഗ്യതയ്ക്കും അഭിരുചിക്കുമനുസരിച്ചുള്ള വിജ്ഞാന തൊഴിൽ ലഭ്യമാക്കാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയാണ് നോളെജ് ഇക്കോണമി മിഷന്റെ ദൗത്യം.
മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ അധ്യക്ഷയായി. നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ സാബു, പ്രോഗ്രാം മാനേജമാരായ വി.എസ്. ഹരികൃഷ്ണൻ, പി.കെ. പ്രിജിത്,ആർ എ വൈശാഖ് ധന്യ പവിത്രൻ എന്നിവർ പ്രസംഗിച്ചു.