ഷാരോൺ വധക്കേസ്: വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ, അമ്മാവന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് സുപ്രീംകോടതിയുടെ മുന്നിലുള്ളത്.

New Update
കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊന്ന കേസ്: പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യമില്ല

തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസിന്റെ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ, അമ്മാവന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് സുപ്രീംകോടതിയുടെ മുന്നിലുള്ളത്. 'കുറ്റകൃത്യം സംഭവിച്ചത് തമിഴ്നാട്ടിലാണ്. നാഗര്‍കോവില്‍ സെഷന്‍സ് കോടതിക്കാണ് കേസ് പരിഗണിക്കാനും വിചാരണ നടത്താനുമുള്ള അധികാരം. കേസ് പരിഗണിക്കുന്ന നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിക്ക് വിചാരണ നടത്താനുള്ള അധികാരമില്ല. ഈ സാഹചര്യത്തില്‍ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണ'മെന്നാണ് ഹര്‍ജിയിലെ ആവശ്യം. സമാന ആവശ്യം പ്രതി ഗ്രീഷ്മ ജാമ്യാപേക്ഷ സമയത്ത് ഉന്നയിച്ചുവെങ്കിലും ഹൈക്കോടതി ആവശ്യം തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് വിചാരണ കോടതി മാറ്റം ആവശ്യപ്പെട്ട് ഗ്രീഷ്മ സുപ്രീംകോടതിയെ സമീപിച്ചത്.

Advertisment

സെപ്റ്റംബർ 25നായിരുന്നു പാറശ്ശാല ഷാരോൺ വധക്കേസ് പ്രതി ​ഗ്രീഷ്മക്ക് ജാമ്യം അനുവദിച്ചത്. ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. കഴിഞ്ഞ 11 മാസമായി ജയിലില്‍ കഴിയുകയായിരുന്നു ഗ്രീഷ്മ. ഒക്ടോബര്‍ 14നായിരുന്നു തമിഴ്നാട് പളുകലിലുള്ള വീട്ടില്‍ വെച്ച് ഷാരോണിന് ഗ്രീഷ്മ കഷായത്തില്‍ വിഷം കലക്കി നല്‍കിയത്. ശാരീരിക അസ്വാസ്ഥ്യം നേരിട്ടതോടെ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങളോളം ജീവന് വേണ്ടി പൊരുതിയ ഷാരോണ്‍ ഒടുവില്‍ ഒക്ടോബര്‍ 25ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

മരണമൊഴിയില്‍ പോലും ഗ്രീഷ്മക്കെതിരെ ഷാരോണ്‍ ഒന്നും പറഞ്ഞിരുന്നില്ല. ആദ്യം പാറശാല പൊലീസ് സ്വാഭാവിക മരണമെന്ന നിഗമനത്തിലായിരുന്നു എത്തിച്ചേര്‍ന്നത്. എന്നാല്‍ പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഷാരോണിനെ ഗ്രീഷ്മ വിഷം കൊടുത്ത് കൊല്ലുകയായിരുന്നെന്ന് കണ്ടെത്തിയത്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും കഷായത്തില്‍ വിഷം കലര്‍ത്തുകയായിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ ഗ്രീഷ്മ സമ്മതിക്കുകയും ചെയ്തു.

ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല കുമാരന്‍ എന്നിവരും കേസില്‍ പ്രതികളാണ്. ഷാരോണിനെ വിഷം നല്‍കി കൊലപ്പെടുത്തിയ ഗ്രീഷ്മയെ രക്ഷിക്കാന്‍ അമ്മയും അമ്മാവനും ശ്രമിച്ചെന്ന പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരുവരെയും കേസില്‍ പ്രതി ചേര്‍ത്തത്.

SHARON
Advertisment