പത്തനംതിട്ട : ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം ആരംഭിച്ചിട്ടുള്ള കേരള പോലീസിന് ആദ്യഘട്ടത്തിൽ തന്നെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിക്കുന്നത്. കഴിഞ്ഞദിവസം പത്തനംതിട്ട ജില്ലയിലെ ചില തമിഴ്നാട് സ്വദേശികളുടെ വിവരങ്ങൾ ശേഖരിച്ചപ്പോഴാണ് ഒരു ക്രിമിനൽ കുടുംബത്തെ തന്നെ പോലീസിന് കണ്ടെത്താനായത്.
ഇത്രയും കാലം കേരളത്തിലെ പോലീസിനോ ജനങ്ങൾക്കോ സംശയം തോന്നാതെ പത്തനംതിട്ടയിൽ ലോട്ടറി വിറ്റു കഴിഞ്ഞിരുന്നത് തമിഴ്നാട്ടിൽ കൊലക്കേസുകളിൽ അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ സഹോദരങ്ങളാണ്.
തമിഴ്നാട് പോലീസ് പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിട്ടുള്ള ക്രിമിനലുകൾ ആണ് കേരളത്തിൽ വന്ന് സുഖജീവിതം നയിച്ചിരുന്നത്. പത്തനംതിട്ട ആറന്മുളയിൽ ലോട്ടറി കച്ചവടവും ചെയ്ത് കുടുംബവുമൊത്ത് സുഖമായി കഴിഞ്ഞു വരികയായിരുന്നു ഇവർ. തമിഴ്നാട് തിരുനെൽവേലി സ്വദേശികളായ മാടസ്വാമി, സുഭാഷ് എന്നിവരെയാണ് പോലീസ് ഇപ്പോൾ പിടികൂടിയിരിക്കുന്നത്. കൊലപാതകം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട കൊടുംകുറ്റവാളികളാണ് ഇവർ.
തിരുനെൽവേലി പള്ളിക്കോട്ടൈ സ്വദേശികളാണ് ഇവർ. ആറന്മുള തെക്കേമലയിൽ നിന്നാണ് ഈ കുറ്റവാളികളെ പോലീസ് പിടികൂടിയത്. കൊലപാതകം അടക്കം 19 ക്രിമിനൽ കേസുകളിൽ പ്രതിയാണ് മാടസ്വാമി. സഹോദരൻ സുഭാഷ് മൂന്ന് കൊലക്കേസ് ഉൾപ്പെടെ 11 കേസുകളിൽ പ്രതിയാണ്. പിടികിട്ടാപ്പുളികളായി തമിഴ്നാട് പൊലീസ് പ്രഖ്യാപിച്ച ഇവർ മാസങ്ങൾക്ക് മുൻപ് കേരളത്തിലേക്ക് ഒളിച്ചു കടക്കുകയായിരുന്നു.
കോഴഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും ലോട്ടറി കച്ചവടം നടത്തി കുടുംബസമേതം താമസിച്ചുവരികയായിരുന്നു ഈ പിടികിട്ടാപ്പുള്ളികൾ.
കസ്റ്റഡിയിലെടുത്ത പ്രതികളെ തിരുനെൽവേലി പൊലീസിന് കൈമാറി.