കോഴിക്കോട് : മീൻ വണ്ടിയിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി. കോഴിക്കോട് കോർപ്പറേഷൻ ഓഫീസിന് സമീപത്തു നിന്നാണ് മീൻ കൊണ്ടുപോവുകയായിരുന്ന പിക്കപ്പ് വാനിൽ നിന്നും വലിയ അളവിൽ കഞ്ചാവ് കണ്ടെത്തിയത് . 29 കിലോയോളം കഞ്ചാവാണ് ഈ വാനിൽ നിന്നും പിടികൂടിയത്.
വാഹനത്തിൽ ഉണ്ടായിരുന്ന രണ്ട് മലപ്പുറം സ്വദേശികളെ അറസ്റ്റ് ചെയ്തു. മലപ്പുറം ചെമ്മങ്കടവ് സ്വദേശി പെരുവൻ കുഴിയിൽ നിസാർ ബാബു (36), നല്ലളം സ്വദേശി അരീക്കാട് സഫ മൻസിലിൽ മുഹമദ് ഫർസാദ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ആന്ധ്രപ്രദേശിൽ നിന്നുമാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നിരുന്നത്. കോഴിക്കോട് വെള്ളയിൽ ഭാഗത്തേക്ക് വിൽപനക്കായി കൊണ്ടുവന്നതാണ് പിടിച്ചെടുത്ത കഞ്ചാവ്.
വിപണിയിൽ പത്ത് ലക്ഷത്തോളം രൂപ വില വരുന്ന കഞ്ചാവാണ് പ്രതികളിൽ നിന്നും പിടികൂടിയിട്ടുള്ളത്. മീൻ പെട്ടികളിലാണ് ഇവർ കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. വാഹനത്തിന്റെ മധ്യഭാഗത്ത് രണ്ട് പെട്ടികളിലായി കഞ്ചാവും അതിന് ചുറ്റും അൻപത് പെട്ടിയോളം മീനുകളും നിറച്ചാണ് ഇവർ കഞ്ചാവ് കടത്തിയിരുന്നത്.
കോഴിക്കോട് ടൗൺ എസ്.ഐ എ.സിയാദിന്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും സിറ്റി നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.പി. ജേക്കബിന്റെ നേത്യത്വത്തിലുള്ള ഡാൻസാഫും , നാർക്കോട്ടിക്ക് ഷാഡോ ടീമും ചേർന്നാണ് കഞ്ചാവ് പിടികൂടിയത്.