വിവാഹം കഴിഞ്ഞ് ഒമ്പതു മാസം, എന്നും വഴക്ക്; സങ്കടങ്ങളൊന്നും പറയാതെ അനീഷ, ഒടുവിൽ കൊലപാതകം

ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് മുകേഷ് ഭാര്യ അനീഷയെ കൊലപ്പെടുത്തിയത്.

New Update
aneeee.jpg

സുൽത്താൻബത്തേരി: കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ വെണ്ണിയോട് കൊളവയൽ മുകേഷ് (34) വീട്ടിൽ സ്ഥിരമായി വഴക്കുണ്ടാക്കിയിരുന്നെന്ന് പൊലീസ്. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് മുകേഷ് ഭാര്യ അനീഷയെ കൊലപ്പെടുത്തിയത്.

Advertisment

മുകേഷ് തന്നെയാണ് കൊലപാതക വിവരം പൊലീസിൽ വിളിച്ചറിയിച്ചത്. വീട്ടിനുള്ളിലായിരുന്നു അനീഷയുടെ മൃതദേഹം ഉണ്ടായിരുന്നത്. പൊലീസ് എത്തിയശേഷമാണ് നാട്ടുകാരും കൊലപാതകവിവരം അറിഞ്ഞത്. മുകേഷ് മദ്യപിച്ച് അനീഷയുമായി തർക്കമുണ്ടാക്കുന്നത് പതിവായിരുന്നു. മുകേഷ് പ്രശ്നമുണ്ടാക്കിയാലും മറ്റാർക്കും ഇടപെടാൻ പറ്റാത്ത സ്ഥിതിയായിരുന്നു. പ്രശ്നത്തിൽ ഇടപെടാൻ എത്തുന്നവരോടും വഴക്കുണ്ടാക്കുന്നതാണ് മുകേഷിന്റെ സ്വഭാവമെന്നും പ്രദേശവാസികൾ പറഞ്ഞതായി പൊലീസ് പറയുന്നു.

പനമരത്ത് തുണിക്കടയിൽ ജോലി ചെയ്യുകയായിരുന്നു അനീഷ. ചൊവ്വാഴ്ചയും ജോലിക്ക് പോയിരുന്നു. പെയിന്റിങ് ജോലിയാണ് മുകേഷിന്. പരേതനായ നീലകണ്ഠന്റെയും വത്സലയുടെയും മകളാണ് അനീഷ. മരണത്തിനു കുറച്ച് മുമ്പ് അനീഷ അമ്മയെ വിളിച്ചിരുന്നു. സങ്കടങ്ങളൊന്നും പറഞ്ഞില്ലെന്നാണ് അമ്മ വത്സല പറയുന്നത്. തലേദിവസം തന്നോട് ഫോണില്‍ സംസാരിച്ച മകളുടെ മരണവിവരമാണ് പിറ്റേദിവസം അമ്മ അറിയുന്നത്. മകള്‍ എന്നും വിളിക്കാറുണ്ടെങ്കിലും മുകേഷിന്റെ ഭാഗത്തുനിന്നുള്ള ഉപദ്രവങ്ങളെക്കുറിച്ചൊന്നും പറഞ്ഞിരുന്നില്ല. മുകേഷ് മുഖത്ത് അടിച്ചതിനെത്തുടര്‍ന്ന് പരിക്കുപറ്റിയ ചിത്രം തിരുവോണദിവസം അനീഷ തനിക്ക് വാട്‌സാപ്പ് വഴി അയച്ചിരുന്നു. സൗന്ദര്യപ്പിണക്കമാകാമെന്നും ഇനിയെന്തെങ്കിലും പ്രശ്‌നം ഉണ്ടാവുകയാണെങ്കില്‍ ചോദിക്കാമെന്നും കരുതി. പക്ഷേ മകളെ അവന്‍ ഇല്ലാതാക്കുമെന്ന് കരുതിയില്ലെന്നും വത്സല പറയുന്നു.

ഒന്‍പതുമാസം മുന്‍പായിരുന്നു മുകേഷിന്റെയും അനീഷയുടെയും വിവാഹം. വര്‍ഷങ്ങളായുള്ള സൗഹൃദമാണ് വിവാഹത്തിലെത്തിയത്. വിവാഹശേഷം അനീഷയുടെ വീട്ടുകാരുമായി മുകേഷ് അടുപ്പം കാണിച്ചിരുന്നില്ല. അനീഷ അമ്മയെയും സഹോദരിയെയും വിളിക്കുന്നതിനുവരെ മുകേഷ് പലപ്പോഴും തടസ്സം നിന്നിരുന്നെന്ന് അനീഷയുടെ സഹോദരി അനിത പറഞ്ഞു.

murder case
Advertisment