കൊടുങ്ങല്ലൂർ: ചെമ്പട്ടു ചേലയണിഞ്ഞ് കാൽച്ചിലങ്ക, അരമണി, പള്ളിവാളുമേന്തി ആർത്തട്ടഹാസങ്ങളോടെ ഭരണിക്കോമരങ്ങൾ ഉച്ചച്ചൂടിനെ വകവയ്ക്കാതെ കൊടുങ്ങല്ലൂരിലെത്തി കാവേറ്റം തുടങ്ങി. ഉറഞ്ഞു തുള്ളലിന്റെയും തന്നാരം പാട്ടിന്റെ ദ്രുതതാളം മുഴങ്ങിത്തുടങ്ങിയതോടെ ശ്രീകുരുംബ ക്ഷേത്രസന്നിധി രൗദ്രഭാവത്തിരയിൽ ചെങ്കടലായി മാറിത്തുടങ്ങി.
ഇന്നലെ രാവിലെ മുതൽ ഭരണിക്കോമരങ്ങളുടെ പ്രവാഹമാണ് കൊടുങ്ങല്ലൂരിലേക്ക്. ഇവർക്കൊപ്പം തീർത്ഥാടകരുടെ ഒഴുക്കും തുടങ്ങിയതോടെ കാവും പരിസരവും ജനനിബിഡമായിക്കഴിഞ്ഞു. വടക്കൻ ജില്ലകളിൽ നിന്നാണ് ഏറ്റവും കൂടുതൽ കോമരങ്ങൾ എത്തിക്കൊണ്ടിരിക്കുന്നത്.
വ്യാഴാഴ്ച സന്ധ്യയ്ക്കാണ് രേവതി വിളക്ക് തെളിയുന്നത്. വടക്കേ നടയിലെ ദീപസ്തംഭത്തിലാണ് രേവതി വിളക്ക് തെളിയിക്കുക. വെള്ളിയാഴ്ചയാണ് പ്രസിദ്ധമായ അശ്വതി കാവുതീണ്ടൽ. ഉച്ചയ്ക്ക് ക്ഷേത്ര വാതിലുകളെല്ലാം അടച്ച് കാവ് തീണ്ടലിന് മുന്നോടിയായുള്ള തൃച്ചന്ദനച്ചാർത്തു പൂജയാരംഭിക്കും.
ക്ഷേത്രത്തിനു പുറത്ത് കൊടുങ്ങല്ലൂർ വലിയ തമ്പുരാനും പരിവാരങ്ങളും കാവൽ നിൽക്കുമ്പോൾ നീലത്ത് മഠത്തിലെയും കുന്നത്ത് മഠത്തിലെയും അടികൾമാരാണ് പൂജ നിർവ്വഹിക്കുക. പൂജ കഴിഞ്ഞ് അടികൾമാർ ക്ഷേത്രനടയടച്ച് മടങ്ങിയാൽ തമ്പുരാനും പരിവാരങ്ങളും കിഴക്കേ നടയിലെ നിലപാടു തറയിലെത്തും.
പകൽ 3.30ന് കൊടുങ്ങല്ലൂർ തമ്പുരാന്റെ അനുമതിയോടെ കോയ്മക്കാർ ചുവന്ന പട്ടുകുട നിവർത്തിയാൽ ആയിരക്കണക്കിന് കോമരങ്ങളും ഭക്തരും ക്ഷേത്രത്തിന് ചുറ്റും കുതിച്ചു പാഞ്ഞ് അശ്വതീകാവുതീണ്ടും. പാലയ്ക്കവേലനാണ് ആദ്യമായി കാവുതീണ്ടുക.
തുടർന്ന് തെയ്യവും, തിറയും, മുടിയാട്ടവുമടക്കമുള്ള കലാരൂപങ്ങൾ കാവിൽ അരങ്ങേറും. ഭരണി നാളായ ശനിയാഴ്ച അരയ സമുദായക്കാരുടെ തീരദേശത്ത് നിന്നുള്ള ഘോഷയാത്ര ക്ഷേത്രത്തിലെത്തി പട്ടും താലിയും സമർപ്പിക്കും. പട്ടാര്യ സമുദായക്കാർ കുമ്പളങ്ങ മുറിച്ച് ബലിയർപ്പിക്കുന്നതോടെ ഭരണി മഹോത്സവം സമാപിക്കും.