'മലയാളം സിനിമയിലെ നായകന്മാരിലെ യഥാർത്ഥ പുരുഷനെ നിന്നിൽ കാണാൻ കഴിഞ്ഞതിൽ ആശംസകൾ'..; ജോജുവിന് തുറന്ന കത്തുമായി ദേവൻ

author-image
ഫിലിം ഡസ്ക്
New Update

publive-image

കൊച്ചി: കോൺഗ്രസിന്റെ വഴിതടയൽ സമരത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ വിവാദത്തിലായ നടൻ ജോജുവിന് പിന്തുണയുമായി നടനും രാഷ്‌ട്രീയ നേതാവുമായ ദേവൻ. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത തുറന്ന കത്തിലാണ് ദേവൻ ജോജുവിനെ അഭിനന്ദിച്ചത്.

Advertisment

പ്രിയ ജോജു,

നിനക്ക് ഒരായിരം അഭിനന്ദനങ്ങൾ, അനുമോദനങ്ങൾ…. കൂടാതെ ഒരായിരം നന്ദിയും…
മലയാളം സിനിമയിലെ നായകന്മാരിലെ യഥാർത്ഥ പുരുഷനെ നിന്നിൽ കാണാൻ കഴിഞ്ഞതിൽ ആശംസകൾ… കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന രാഷ്‌ട്രീയപാർട്ടിയുടെ റോഡ് ഉപരോധത്തിൽ, ഒരു കക്ഷി രാഷ്‌ട്രീയ പാർട്ടിയുടെയും പിൻബലമില്ലാതെ, പൗരന്റെ പൗരബോധത്തിന്റെ മാത്രം പിൻബലത്തിൽ, ജോജു, നീ കാണിച്ച ഉത്തരവാദിത്വത്തിനാണ് ഈ ആശംസകൾ എന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്.

ഒരു ‘ തറ ഗുണ്ട ‘ അല്ല എന്ന് നീ തെളിയിച്ചതിനാണ് ഈ ആശംസകളെന്ന് തുടർന്ന് പറയുന്നു. പുതിയ മലയാളത്തിന്റെ യുവത്വത്തിന്റെ പ്രതീകമായി, നെറികെട്ട കുറെ രാഷ്‌ട്രീയ വേഷധാരികൾക്കു എതിരായി നീ ഉയർത്തിയ ശബ്ദത്തിനാണ് ഈ ആശംസകൾ… ഉത്തരവാദിത്വമുള്ള ഒരു ദേശീയ രാഷ്‌ട്രീയ പ്രസ്ഥാനത്തിലെ, അതും മലയാളികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രാഷ്‌ട്രീപാർട്ടിയിലെ പത്ത് പതിനഞ്ചു പേര് മാത്രം നടത്തിയ പ്രകടനത്തിനെതിരെ നീ പ്രതികരിച്ചതിനാണ് ഈ ആശംസകൾ….

നിന്നെ ഒരു കള്ളുകുടിയനായി മുദ്രകുത്താൻ കാത്തിരുന്ന ഒരു ചെറിയ വിഭാഗം മാധ്യമ പ്രവർത്തകരെ നിരാശരാക്കി തിരിച്ചയച്ചതിനാണ് ഈ ആശംസകൾ… ആവശ്യത്തിനും അനാവശ്യത്തിനും പേനകൊണ്ട് യുദ്ധം ചെയ്യുന്ന നിന്റെ സുഹൃത്തുക്കളായ സിനിമകരെ ഞെട്ടിച്ചതിനാണ് ഈ ആശംസകൾ…

സത്യത്തിൽ അവിടെ നിന്നോടൊപ്പം പ്രതികരിച്ചത് കുടിനിന്ന ജനങ്ങളും കൂടി ആണ്… ഞാൻ കണ്ട വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണത്… എന്നിട്ടും നിന്നെ മാത്രം പ്രതിക്കൂട്ടിൽ നിർത്തുന്നത് എന്തുകൊണ്ടാണ്??? ഓർമ വെച്ച നാളു മുതൽ സിനിമ നടനാകാൻ ആഗ്രഹിച്ചു നീ ചിലവാക്കിയ വേദനകൾക്കും അവഗണനകൾക്കും ശേഷം നീ പിടിച്ചെടുത്ത നിന്റെ ഇപ്പോഴത്തെ ‘സ്ഥാനം ‘.. അതാണ് ഇവർക്കു സഹിക്കാനാവാത്തത്…
വാസ്തവത്തിൽ, ആരും ശ്രദ്ധിക്കാതെ പോകേണ്ടിയിരുന്ന ഈ ‘ പ്രകടനം ‘ നാലുപേരറിഞ്ഞത് നീ കാരണമല്ലേ?? അതെങ്കിലും നിന്നെ ക്രൂശിലേറ്റുന്നവർ തിരിച്ചറിയേണ്ടതല്ലേ??

പ്രതികരിക്കുന്നവരെ കള്ളുകുടിയന്മാരും ലഹരി ഉപയോഗിക്കുന്നവരും ആയി മുദ്രകുത്തുന്ന നമ്മുടെ സമൂഹമല്ലേ ഇതിനു ഉത്തരവാദികൾ??.. പ്രതികരിക്കാനും സമരം ചെയ്യാനും ഉള്ള അവസരം ഉറപ്പിക്കുന്ന ഒരു ഭരണഘടന ആണ് നമുക്കുള്ളത്… അതിനു ഇന്ത്യയിലുള്ള സ്വാതന്ത്ര്യം മറ്റൊരു രാജ്യത്തും ഇല്ല, അനിയാ… പക്ഷെ, അത് മറ്റുള്ളവരുടെ പൗരവകാശത്തിന്റെ നെഞ്ചിൽ ചവുട്ടി നിന്നുകൊണ്ടാവരുതെന്നു നീ പറഞ്ഞത് നൂറു ശതമാനം ശരിയാണ്, അനിയാ…’ ഞങ്ങളെ തല്ലേണ്ടമ്മാവാ, ഞങ്ങൾ നന്നാവില്ല ‘…. ഇതാണ് ഇവരുടെ മനോഭാവം… ജോജുവിനൊപ്പം ഉണ്ടാകുമെന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.

NEWS
Advertisment