/sathyam/media/post_attachments/DvfTkmtZvCvxpbGzTCIa.jpg)
കൊച്ചി: ദേശീയ പാതയിൽ മുൻ മിസ്‌കേരള ഉൾപ്പെടെ മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിന് ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ട് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ ഹാജരായി.
എറണാകുളം സൗത്ത് അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലാണ് ചോദ്യം ചെയ്യൽ. നമ്പർ 18 ഹോട്ടലിൽ നടന്ന ഡി.ജെ പാർട്ടിയിൽ പങ്കെടുത്ത ശേഷമുള്ള മടക്കയാത്രയ്‌ക്കിടെയാണ് മോഡലുകൾ സഞ്ചരിച്ച കാർ അപകടത്തിൽ പെടുന്നത്.
കഴിഞ്ഞ ദിവസം റോയ് ഡിസിപി ഓഫീസിലെത്തി നോട്ടീസ് കൈപ്പറ്റിയിരുന്നു. തുടർന്ന് ഇന്ന് രാവിലെ പത്ത് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാവുകയായിരുന്നു. ഡിജിപിയുടെ താക്കീതിനെ തുടർന്നാണ് റോയിക്ക് നിയമപരമായി നോട്ടീസ് നൽകാൻ പോലീസ് തയ്യാറായത്.
റോയിക്കെതിരെ നടപടി വൈകുന്നത് ചൂണ്ടിക്കാട്ടി ഡിജിപി കമ്മീഷണറോട് വിശദീകരണം തേടിയിരുന്നു. കേസ് ഒതുക്കാൻ ബാഹ്യസമ്മർദ്ദമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നായിരുന്നു കേസിൽ ഡിജിപിയുടെ ഇടപെടൽ.
സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ അടങ്ങിയ ഒരു ഡിവിആർ റോയി ഇന്ന് പോലീസിന് കൈമാറിയതായാണ് വിവരം. ബാക്കി ദൃശ്യങ്ങൾ ഉടൻ എത്തിക്കാമെന്നാണ് റോയി പോലീസിനെ അറിയിച്ചിരിക്കുന്നത്. ലഭിച്ച ദൃശ്യങ്ങൾ പരിശോധനയ്‌ക്ക് വിധേയമാക്കും.