പെരിയാറിൽ മുങ്ങിത്താഴ്ന്ന പതിനേഴുകാരന് രക്ഷകരായത് വിനോദ് പള്ളത്തും ആനന്ദ് രാജും. പതിനൊന്നു വയസ്സുള്ള കുഞ്ഞിനെ രക്ഷിക്കാനാകാത്തതിന്റെ ഹൃദയവേദനയിൽ ഇരുവരും. രക്ഷാദൗത്യങ്ങളിലെ മുന്നണിപ്പോരാളിയായ തോട്ടുവക്കാരൻ

New Update

publive-image

Advertisment

പെരിയാറിൽ രക്ഷാപ്രവർത്തകരായി മാറിയ വിനോദ് പള്ളത്തും > (വലതു വശം-കറുത്ത ഷർട്ട്) ആനന്ദ് രാജും

പെരുമ്പാവൂർ: പ്രളയം താണ്ഡവമാടിയ 2018-ൽ തോട്ടുവാ എന്ന പെരിയാർ തീരഗ്രാമം ഏതാണ്ട് തീർത്തും വെള്ളത്തിനടിയിലായിരുന്നു. സമീപത്തെ ധന്വന്തരിക്ഷേത്രത്തിന്റെ ശ്രീകോവിൽ ഉയരത്തോളം വെള്ളം പൊങ്ങിയ നാളുകളുടെ നടക്കുന്ന ഓർമ്മകളിൽ കഴിയുന്ന ഗ്രാമവാസികൾക്ക് വിനോദ് പള്ളത്ത്എന്ന മനുഷ്യന്റെ രക്ഷാപ്രവർത്തനങ്ങളെ ഒരിക്കലും മറക്കാനാവില്ല.

publive-image

പെരുമ്പാവൂർ അഗ്നിരക്ഷാനിലയത്തിലെ പരിശീലനവേളയിൽ വിനോദ് പള്ളത്ത്

ധന്വന്തരി ഗ്രാമത്തിന്റെ പരിസരങ്ങളിലെ ഏകദേശം മുന്നൂറോളം കുടുംബങ്ങളിലെ അംഗങ്ങളെ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചത് വിനോദ് എന്ന ചെറുപ്പക്കാരന്റെ സമയോചിതമായ ഇടപെടലായിരുന്നു. സ്വന്തമായുണ്ടായിരുന്ന രണ്ടു യമഹ എൻജിൻ ഘടിപ്പിച്ച വള്ളങ്ങളിലാണ് ഭയന്നു വിറങ്ങലിച്ചു നിന്ന മനുഷ്യരെ ഈ ചെറുപ്പക്കാരൻ അന്ന് സുരക്ഷിത താവളങ്ങളിൽ എത്തിച്ചത്. ചെറുപ്പം മുതൽ എന്തിലും ഏതിലും സാഹസികത കണ്ടിരുന്ന, ഇഷ്ടപ്പെട്ടിരുന്ന വിനോദിന്റെ ധീരതയ്ക്ക് പ്രോത്സാഹനം നൽകാനായി പെരുമ്പാവൂർ റോട്ടറി ക്ലബ്ബ് രംഗത്ത് വന്നിരുന്നു.

സ്വന്തം ചുറ്റുവട്ടങ്ങങ്ങളിൽ ഏതൊരാപത്‌ഘട്ടത്തിലും കേട്ടറിഞ്ഞെത്തി രക്ഷാദൗത്യത്തിൽ സജീവമായി പങ്കാളിയാകുന്ന വിനോദ് എന്ന 6 അടി 2 ഇഞ്ച് ഉയരക്കാരനായ ഈ 42-കാരന്റെ ശാരീരികക്ഷമതയും വിപദിധൈര്യവും തിരിച്ചറിഞ്ഞ പെരുമ്പാവൂർ അഗ്നിരക്ഷാനിലത്തിലെ ഉദ്യോഗസ്ഥർ ഇദ്ദേഹത്തിന് ദ്രുതകർമ്മസേനാവിഭാഗങ്ങൾക്ക് നൽകുന്ന പരിശീലനവും നൽകി. 2019 മുതൽ കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ റെസ്ക്യൂ ടീമിൽ അംഗമായ വിനോദ് പെരുമ്പാവൂരിൽ ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിൽ വാർഡനും കൂടിയാണ്.

ദുരന്തമേഖലകളിൽ ചെന്നെത്താനാവശ്യമായ പ്രാഥമിക സൗകര്യങ്ങളും ഉപകരണങ്ങളും, വെളിച്ചസംവിധാനങ്ങളും വാർത്താവിനിമയോപാധികളും നിയമാനുസൃതമായി ഇന്ന് ഇദ്ദേഹത്തിന്റെ പക്കലുണ്ട്. പതിവായുള്ള വഞ്ചി തുഴച്ചിലിനിടയിലാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ പെരിയാറ്റിൽ ഒരപകടത്തിന് ദൃക്‌സാക്ഷിയാകേണ്ടി വന്നതെന്ന് വിനോദ് പറയുന്നു. വേനൽക്കാലമായാൽ പെരിയാറിൽ നീന്തിക്കുളിയ്ക്കാനെത്തി അപകടത്തിൽപ്പെടുന്നവരുടെ വാർത്ത ഇവിടത്തുകാർക്കൊരു പുതുമയല്ല.

മലയാറ്റൂർ, കോടനാട് മുതൽ തോട്ടുവ വരെയുള്ള ഇടങ്ങളിൽ പെരിയാറിൽ ഒഴുക്കുകൂടുതലുള്ളതും അത്യഗാധഗർത്തങ്ങളുള്ളതുമായ ഒരുപാടിടങ്ങൾ ഉണ്ട്. എണ്ണിയാലൊടുങ്ങാത്ത ജീവനുകൾ പെരിയാറിന്റെ കയങ്ങളിൽ പൊലിഞ്ഞിട്ടുള്ളത് നന്നായി അറിയുന്ന ആളാണ് വിനോദ് പള്ളത്ത്. പെരിയാറിന്റെ മേൽത്തട്ടിലെ ഒഴുക്കിന്റെ ശക്തിയെക്കുറിച്ചും വള്ളച്ചാലുകളെക്കുറിച്ചും അടിത്തട്ടിലെ അപകടം പതിയിരിക്കുന്ന അഗാധ ഗർത്തങ്ങളെക്കുറിച്ചും വിനോദിന് മനഃ പാഠമാണ്. ചെറുപ്പം മുതൽ പെരിയാർ അക്കരെയിക്കരെ നീന്തുമായിരുന്ന സാഹസികബാല്യമായിരുന്നു വിനോദിന്റേത്.

സുഹൃത്തുക്കളോടൊപ്പം പെരിയാറിൽ വഞ്ചിതുഴയുന്ന ശീലമുള്ളയാൾ. വിനോദത്തിനായി വന്ന് നദിയുടെ ആഴത്തെക്കുറിച്ചറിയാതെ അപകടത്തിൽപ്പെടുന്നവരെ രക്ഷിച്ചെടുത്തിട്ടുള്ള അനുഭവങ്ങൾ ഒരുപാട് വിനോദിന് പറയാനുണ്ട്. വെള്ളിയാഴ്ച മലയാറ്റൂർ തോട്ടുവ പാറക്കടവിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികളാണ് പുഴയിലെ ഒഴുക്കിൽ പെട്ടത്. മലയാറ്റൂർ ചെറുപ്പിള്ളി വീട്ടിൽ ബൈജുവിന്റെ മകൻ പതിനൊന്നു വയസ്സുള്ള അരുൺ ബൈജു ഒഴുക്കിൽപ്പെട്ടു മരിച്ചു. അഗ്നിരക്ഷാനിലയത്തിന്റെ പരിശീലനത്തിലൂടെ സിദ്ധിച്ച അറിവിലൂടെ കൃത്രിമശ്വാസോച്ഛ്വാസം (കാർഡിയോപൾമനറി റിസസിറ്റേഷൻ- സിപിആർ) നൽകിയെങ്കിലും ഒരു ജീവൻ രക്ഷിക്കാനായില്ല.

അരുണിന്റെ സഹോദരൻ അലനെയും അവരുടെ കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിയേയും മാത്രമാണ് രക്ഷിക്കാനായത്. അപകടം നടക്കുമ്പോൾ മറുകരയിലൂടെ വഞ്ചിതുഴഞ്ഞു പോകുകയായിരുന്നു വിനോദും സഹോദരനായ ആനന്ദ് രാജ് എന്ന നന്ദുവും. കുട്ടികളുടെ കരച്ചിൽ കേട്ട് സർവ്വശക്തിയുമെടുത്ത് തുഴഞ്ഞെത്തി ഇരുവരും. അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അരുണിനെ രക്ഷിക്കാനായില്ലെന്നതിന്റെ സങ്കടം വിനോദ് ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ചിരുന്നു.

ഇന്ന് ഉറങ്ങാൻ കണ്ണടയ്ക്കുമ്പോൾ കാണുന്നത് മരണമടഞ്ഞ അരുണിന്റെ നിഷ്കളങ്കമായ മുഖമാണ്. രണ്ടു മിനിറ്റ് കൂടി സമയം ദൈവം ഞങ്ങൾക്ക് തന്നിരുന്നെങ്കിൽ ഒരു ജീവനും കൂടി രക്ഷിയ്ക്കാനാകുമായിരുന്നു. ഇന്നിനി ഉറങ്ങുവാൻ ആകുമെന്ന് തോന്നുന്നില്ല. ഞങ്ങൾ അവശരും നിസ്സഹായരുമായിരുന്നു. കഴിവിന്റെ പരമാവധി ശ്രമിച്ചു പക്ഷേ തോറ്റു പോയി. ഇങ്ങനെയാണ് വിനോദ് തന്റെ ദുഃഖം ഇന്നലെ ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ചത്.

Advertisment