അങ്കമാലി: പൂജകളും പ്രാർത്ഥനകളും ഫലിച്ചു, വാവ സുരേഷ് വീണ്ടും ജീവിതത്തിലേയ്ക്ക്. കോട്ടയം നീലംപേരൂരിൽ വച്ച് മൂർഖൻ പാമ്പിന്റെ കടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വാവ സുരേഷിന്റെ ജീവന്‍ രക്ഷപ്പെടുന്നതിനായി ഇക്കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിൽ പോലീസുദ്യോഗസ്ഥരും പൊതുപ്രവർത്തകരും ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടത്തിയത് വലിയ വാർത്തയായിരുന്നു.
തമിഴ്‌നാട്ടിൽ മാത്രമല്ല, കേരളത്തിലും വാവ സുരേഷിന്റെ ജീവനുവേണ്ടി മനമുരുകി പ്രാർത്ഥിച്ചവർ നിരവധി. അങ്കമാലി മഞ്ഞപ്രയിലെ കാർപ്പിള്ളിക്കാവിൽ ഒരു വീട്ടമ്മ മൂവായിരം രൂപ ദേവസ്വത്തിലടച്ച് നിറമാലയും ചുറ്റുവിളക്കുമാണ് വാവ സുരേഷിനുവേണ്ടി നടത്തിയത്.
അറുപത്തഞ്ചു കുപ്പി ആന്റിവെനം നൽകി കോട്ടയം മെഡിക്കൽ കോളേജിലെ വിദഗ്ദ്ധരായ ഡോക്ടർമാരുടെ സംഘം സുരേഷിന്റെ ജീവൻ രക്ഷിച്ചെടുക്കാനുള്ള തീവ്രശ്രമം നടത്തുമ്പോൾ വാവ സുരേഷിനെ ഇഷ്ടപ്പെടുന്ന ലക്ഷക്കണക്കിനാളുകളുടെ പ്രാർത്ഥനകളും കൂടിച്ചേരുകയായിരുന്നു.
അയ്യമ്പുഴ കണ്ണിമംഗലം മലയങ്കുന്നേൽ ശോഭയാണ് ഇക്കഴിഞ്ഞ മൂന്നാം തീയതി വാവ സുരേഷിനായി ക്ഷേത്രത്തിൽ വഴിപാട് നടത്തിയത്. വഴിപാടിന്റെ പ്രസാദം അവർ കോട്ടയത്തെ ആശുപത്രിയിൽ എത്തിച്ചുനൽകുകയും ചെയ്തു.
തീവ്രപരിചരണ വിഭാഗത്തിനു സമീപത്തെ മുറിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ് സുരേഷിപ്പോൾ. നേരിയ പനി ഒഴിച്ചാൽ കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ പറഞ്ഞു.
ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ടെന്നും തിങ്കളാഴ്ചയോടെ ആശുപത്രി വിടാൻ കഴിഞ്ഞേക്കുമെന്നും ഡോക്ടർ പറഞ്ഞു. ആരോഗ്യ നില വീണ്ടെടുത്തുകൊണ്ടിരിക്കുന്ന വാവ സുരേഷിനെ മന്ത്രി വീണാ ജോര്‍ജും ഫോണിലൂടെ ബന്ധപ്പെട്ടു.
ആരോഗ്യവിവരങ്ങള്‍ ചോദിച്ചറിഞ്ഞ മന്ത്രിയോട് മികച്ച പരിചരണം ലഭ്യമാക്കിയതില്‍ വാവ സുരേഷ് നന്ദി അറിയിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം മന്ത്രി വാസവനും കോട്ടയം മെഡിക്കല്‍ കോളേജിലെത്തി സന്ദർശിച്ചിരുന്നു. ഇനി പാമ്പുകളെ പിടിക്കുമ്പോള്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്നും മന്ത്രി വാസവൻ വാവ സുരേഷിനെ ഓർമ്മിപ്പിച്ചിരുന്നു.