പ്രദർശനം കാണാം, ചിത്രം ഡിജിറ്റലായി വാങ്ങാം! ആദ്യ ഏകാംഗ എൻഎഫ്ടി പ്രദർശനം ശ്രദ്ധയാകർഷിക്കുന്നു

New Update

publive-image

Advertisment

കൊച്ചി: നാടോടുമ്പോൾ നടുവേ എന്നാണ് ചൊല്ല്! എല്ലാം ഡിജിറ്റലായ ഇക്കാലത്ത് കഥയും, കാര്യവും മുതൽ കല വരെ ഡിജിറ്റലായി!. സിനിമ കാണലും പുസ്തക വായനയും വരെ മൊബൈലിലായ കാലമാണിത്. ഒരു ചിത്ര പ്രദർശനത്തിന് പോയാൽ ഇഷ്ടപ്പെട്ട ചിത്രം കാശു കൊടുത്തു വാങ്ങി വീടിന്റെ ചുവരിൽ വയ്ക്കാം എന്നല്ലേ നമ്മൾ ആലോചിക്കുക.

 

publive-image

എന്നാൽ ഒരു ചിത്രത്തിന്റെ ഡിജിറ്റൽ പകർപ്പാവകാശം സ്വന്തമാക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. അടിമുടി ഡിജിറ്റലായ ഇക്കാലത്ത് അതും സാധ്യമാണ്!! എൻഎഫ്ടി എന്ന സാങ്കേതികവിദ്യയുപയോഗിച്ച് ആ സാധ്യതകൾ കണ്ടെത്തിയിരിക്കുകയാണ് മലപ്പുറം പൊന്നാനി സ്വദേശിയായ മുപ്പത്തിരണ്ടുകാരൻ നസീഫ്. നസീഫിന്റെ ഡിജിറ്റൽ ചിത്ര പ്രദർശനം ഇപ്പോൾ നഗരത്തിൽ ജനശ്രദ്ധആകർഷിക്കുന്നു.

publive-image

കഥാകാരനെന്ന് നസീഫിനെ വിശേഷിപ്പിക്കാം. പരസ്യ സംവിധായകനും ഫോട്ടോഗ്രാഫറുമായ നസീഫ് തന്റെ ചിത്രങ്ങളിലൂടെ അത്രയേറെ മിഴിവാർന്ന കഥകളാണ് നമ്മോട് പങ്കുവയ്ക്കുന്നത്. "ഈച്ച് ഡേ ഈസ് ഏൻ എസ്കേപ്, ജസ്റ്റ് പീപ്പ്" എന്ന പേരിൽ കൊച്ചി ദർബാർ ഹാളിൽ അരങ്ങേറുന്ന ചിത്ര പ്രദർശനത്തിൽ ഈ യുവകലാകാരൻ കാണികൾക്ക് മുന്നിൽ തുറന്നു വച്ചിരിക്കുന്നതും അത്തരത്തിലുള്ളവയാണ്. അതിന് സ്വീകരിച്ച പ്രദർശന രീതിയാണ് അതിനേക്കാൾ വ്യത്യസ്തമാകുന്നത്.

ഡിജിറ്റൽ കലാസൃഷ്ടികൾ വാങ്ങാനും വിൽക്കാനുമുള്ള ബ്ലോക്ചെയിൻ അധിഷ്ഠിത സാങ്കേതികവിദ്യയായ എൻഎഫ്ടിയിലൂടെയാണ് (നോൺ–ഫഞ്ചിബിൾ ടോക്കൺ) നസീഫ് തന്റെ ചിത്രങ്ങളുടെ വ്യാപാരം നടത്തുന്നത്. ആർട് ഗാലറികളിൽ വിൽക്കുന്നതുപോലെ എൻഎഫ്ടി അധിഷ്ഠിത മാർക്കറ്റ്പ്ലേസ് പ്ലാറ്റ്ഫോമുകളിലൂടെയാണ് ഇവിടെ വിൽപ്പന. ഫോട്ടോ, ഡിജിറ്റൽ ചിത്രങ്ങൾ, ഓഡിയോ, വിഡിയോ, സിനിമ എന്നിങ്ങനെയെന്തും ഡിജിറ്റൽ രൂപത്തിൽ എൻഎഫ്ടിയാക്കി മാറ്റാം. ക്രിപ്റ്റോകറൻസികൾ വഴിയാണ് ഇവ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നത്. കലാപ്രവർത്തകർക്ക് അവരുടെ സൃഷ്ടികൾ വിൽക്കാനുള്ള രാജ്യാന്തര വിപണിയാണ് എൻഎഫ്ടി വഴി തുറന്നുകിട്ടുന്നത്.

എൻഎഫ്ടിയിൽ ഇതിനോടകം അപ്ലോഡ് ചെയ്തിട്ടുള്ള തന്റെ കലാസൃഷ്ടികളാണ് നസീഫ് എറണാകുളം ദർബാർ ഹാളിലെ ആർട്ട് ഗ്യാലറിയിൽ പ്രദർശനത്തിന് വച്ചിരിക്കുന്നത്. നാല് പ്രധാന ആർട്ട് വർക്ക് പരമ്പരകളാണ് പ്രദർശനത്തിൽ ഒരുക്കിയിട്ടുള്ളത്. ഫോട്ടോ, വീഡിയോ, ഓഗ്മെന്റഡ് റിയാലിറ്റി എന്നിങ്ങനെ മൂന്ന് രീതികളിലായി 21 കലാസൃഷ്ടികളാണ് പ്രദർശനത്തിലുള്ളത്.

ഒരു കലാകാരനെ സംബന്ധിച്ച് അവന്റെ സൃഷ്ടി ലോകം മുഴുവൻ സഞ്ചരിക്കണമെന്നായിരിക്കും അഗ്രഹമെന്നും അത് സാധ്യമാക്കാനുള്ള ഏറ്റവും ഫലപ്രദമായ വഴിയാണ് എൻഎഫ്ടി പ്ലാറ്റ്ഫോമുകളെന്നും നസീഫ് പറയുന്നു.

ലോകത്തിന്റെ വിവിധ കോണുകളിലുള്ള കലാകാരന്മാരുമായി ആശയങ്ങൾ കൈമാറാനും സർഗാത്മകമായ കൂട്ടായ്മകൾ കെട്ടിപ്പടുക്കാനും ഇതിലൂടെ സാധിക്കുന്നു. നമ്മുടെ ആർട്ട് വർക്കുകൾക്ക് നല്ല വിപണിയും നിയമാനുസൃതമായ ഉടമസ്ഥാവകാശവും എൻഎഫ്ടി ഉറപ്പാക്കുന്നുണ്ട്. പ്രദർശനത്തിനെത്തുന്നവരിൽ നിന്ന് വളരെ നല്ല അഭിപ്രായവും പിന്തുണയുമാണ് ലഭിക്കുന്നതെന്നും നസീഫ് പറഞ്ഞു.

കൊച്ചിയിലും ബംഗളൂരുവിലും ദി വെർട്ടിക്കൽ സ്റ്റോറി എന്ന പേരിൽ ഒരു വിഷ്വൽ കണ്ടന്റ് സ്റ്റുഡിയോ നടത്തുന്നുണ്ട്. ഒഎഫ്ഐ, ഫ്ലിപ്കാർട്ട്, കിയ മോട്ടോഴ്സ് ഇന്ത്യ, താജ് ഹോട്ടൽസ് & റിസോർട്ട്സ്, സീ കേരളം തുടങ്ങി നിരവധി മുൻനിര കമ്പനികളുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട് ഈ മുപ്പത്തിരണ്ടുകാരൻ. ബുധനാഴ്ച തുടങ്ങിയ ആർട് എക്സിഹിബിഷൻ ഞായറാഴ്ച അവസാനിക്കും.

രാവിലെ 11 മുതൽ രാത്രി ഏഴുമണി വരെയാണ് കാണികൾക്ക് പ്രവേശനമുള്ളത്. വരും വർഷങ്ങളിൽ കൂടുതൽ വിപുമലമായ പ്രദർശനങ്ങൾ സംഘടിപ്പിക്കുമെന്നും, എൻഎഫ്ടി പ്ലാറ്റ്ഫോമിന്റെ സാധ്യതകൾ കൂടുതൽ കലാകാരിലേക്കും കലാസ്നേഹികളിലേക്കും എത്തിക്കുമെന്നും നസീഫ് പറയുന്നു.

Advertisment