സന്യസ്തഭിഷഗ്വരൻ ഡോ. പോൾ മാമ്പിള്ളിയുടെ ഓർമ്മകൾക്ക് മൂന്നാണ്ട്

New Update

publive-image

അങ്കമാലി: ആതുര ശുശ്രൂഷാരംഗത്തെ ദീനദയാലുവായി അറിയപ്പെട്ടിരുന്ന ഡോ. പോൾ ജെ. മാമ്പിള്ളി ഓർമ്മയായിട്ട് മൂന്നാണ്ട്. 2020 ഫെബ്രുവരി 23 ഞായറാഴ്ച അന്തരിച്ച ഡോക്ടറുടെ ജീവിതം സമാനതകളില്ലാത്ത സമർപ്പണമായിരുന്നു. പരമസാത്വികജീവിതം നയിച്ച പ്രശസ്തനായ ഈ അർബ്ബുദ ചികിത്സകൻ കാഴ്ചയിലും ഒരു സംന്യാസിയെപ്പോലെയായിരുന്നു.

Advertisment

publive-image

ഒറ്റമുണ്ടും മുറികൈയൻ വെള്ളഷർട്ടുമിട്ട് നഗ്നപാദനായുള്ള നടത്തം. എറണാകുളം ജനറൽ ആശുപത്രിയിൽ സർജ്ജറി വിഭാഗം മേധാവിയായിരിയ്ക്കെ1973-ൽ ഉദ്യോഗം രാജിവച്ചു. തന്റെ ജീവിതം അശരണരായ കാൻസർ രോഗികൾക്കായി സമർപ്പിച്ചുകൊണ്ട് ആതുര സേവനത്തിന്റെ വേറിട്ടവഴി തിരഞ്ഞെടുക്കുകയായിരുന്നു അദ്ദേഹം. ഉറ്റവരും ഉടയവരും ഇല്ലാത്ത രോഗികൾക്ക് ദൈവതുല്ല്യനായിരുന്നു ഈ ഭിഷഗ്വരസംന്യാസി.

publive-image

കറുകുറ്റി കരയാമ്പറമ്പ് എളവൂർ കവലയ്ക്കു സമീപം അർബുദരോഗികളെ രോഗികളെ സൗജനൃമായി കിടത്തി ചികത്സിയ്ക്കാനായി ആശുപത്രി തുടങ്ങാൻ, മാമ്പിള്ളിത്തറവാട്ടിലെ തന്റെ സ്വത്തുവിഹിതം വിൽക്കുകയാണദ്ദേഹം ചെയ്തത്. ജർമ്മനിയിലും ഫ്രാൻസിലും പ്രശസ്തമായ സർവ്വകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസർ ആയിരുന്ന അദ്ദേഹം അതിൽ നിന്നും കിട്ടിയിരുന്ന റോയൽട്ടിയും തന്റെ സ്ഥാപനത്തിന്റെ നടത്തിപ്പിനായി ഉപയോഗപ്പെടുത്തുകയായിരുന്നു.

രോഗികൾക്ക് ചികിത്സ പൂർണ്ണമായും സൗജന്യമായിരുന്നു. ജീവിതാവസാനംവരെഭാരതത്തിൽ എല്ലായിടത്തും റെയിൽവെ അദ്ദേഹത്തിന് സൗജന്യയാത്ര അനുവദിച്ചിരുന്നു. അദ്ദേഹത്തിന്റെ ആതുരാലയത്തിൽ കിടത്തി ചികിത്സിയ്ക്കുന്ന രോഗികൾക്ക് വിദഗ്ധ ശസ്ത്രക്രിയ ആവശ്യമായി വന്നാൽ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലും എറണാകുളം ലിസി ആശുപത്രിയിലും ചാലക്കുടി സെയിന്റ് ജെയിംസ് ആശുപത്രിയിലും ഓപ്പറേഷൻ തിയേറ്റർ എല്ലാവിധ സൗകര്യങ്ങളോടും കൂടി സൗജനൃമായി വിട്ടു കൊടുത്തിരുന്നു.

വൈപ്പിൻകരയിലെ ഞാറയ്ക്കൽ മാമ്പിള്ളി ഔസേഫിന്റെയും കള്ളിയത്ത് വീട്ടിൽ മറിയത്തിന്റെയും മകനായി സമ്പന്നകുടുംബത്തിലായിരുന്നു ജനനം. ഏഴു മക്കളിൽ ഏറ്റവും ഇളയവൻ.

1962-ൽ കസ്തൂർബാ മെഡിക്കൽ കോളജിൽ നിന്നും എം.ബി.ബി.എസ് പാസായി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപരിപഠനം. കേരളത്തിലാദ്യമായി അർബ്ബുദരോഗികൾക്ക് പാലിയേറ്റീവ് കെയർ ആരംഭിച്ചത് ഡോ. പോൾ മാമ്പിള്ളി സൗജന്യമായി നടത്തിയിരുന്നത് അദ്ദേഹത്തിന്റെ ശ്രീ ഔസേഫ് മറിയം കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു.

അത്യാസന്ന നിലയിലുള്ള രോഗികളെ വീടുകളിൽ പോയി പരിചരിച്ചു. സേവനതല്പരരായ സന്യസ്തസ്ത്രീകളുംഡോക്ടറോടൊപ്പം അന്ന് ഉണ്ടായിരുന്നു. പ്രതിഫലേച്ഛയില്ലാത്ത കാരുണ്യപ്രവർത്തനത്തനമായിരുന്നു ഡോക്ടർക്ക് ആതുര ശുശ്രൂഷ. രോഗാതുരരുടെ വീടുകൾ ഇടയ്ക്കിടെ സന്ദർശിച്ച് പ്രാർത്ഥനയിൽ മുഴുകുന്നതിലായിരുന്നു അദ്ദേഹം മനസ്സുഖം കണ്ടെത്തിയിരുന്നത്. ലളിതജീവിതം നയിച്ച ഇദ്ദേഹം പൂർണ്ണമായും സസ്യഭുക്കായിരുന്നു.

അവിവാഹിത ജീവിതം നയിച്ചിരുന്ന ഡോ. പോൾ മാമ്പിള്ളി, 1973-ൽ സ്വന്തമായി ആശുപത്രി തുടങ്ങിയ കാലം മുതൽ കറുകുറ്റിയിലെ ക്രിസ്തുരാജ ആശ്രമം ദേവാലയത്തിലെ അന്തേവാസിയായിരുന്നു. അദ്ദേഹത്തിന്റെ മഹത്തരമായ സേവനത്തിന് ജീവിച്ചിരിക്കുമ്പോൾ അർഹമായ അംഗീകാരങ്ങൾ ഒന്നും നല്കാൻ കേരളത്തിലെ ആതുര ശുശ്രൂഷാ രംഗത്തെ സംഘടനകൾക്കോ സർക്കാരിനോ കഴിഞ്ഞില്ല.

അവധൂതനെപ്പോലെ അലഞ്ഞു നടന്നിരുന്ന ഡോക്ടർ ഒരിക്കലും അംഗീകാരങ്ങളോ ആദരവുകളോ ആഗ്രഹിച്ചിരുന്നുമില്ല എന്നതായിരുന്നു സത്യം. ഡോക്ടർ സ്ഥാപിച്ച കാൻസർ ആശുപത്രിയിൽ ശനിയാഴ്ച അനുസ്മരണം നടന്നിരുന്നു. പ്രത്യേക പ്രാർത്ഥനകൾക്കുശേഷം ഫാ. ജോയ് പുതുശ്ശേരി അനുസ്മരണപ്രഭാഷണം നടത്തി.

Advertisment