കൊച്ചി: കൊച്ചിക്കായലിൽ ഒരു ചരിത്രം തിരുത്തിയെഴുതിയിരിക്കുകയാണ് ആലപ്പുഴ ചേർത്തല പെരുമ്പളം സ്വദേശിനി സന്ധ്യ. പുരുഷന്മാർ ബോട്ട് സ്രാങ്കുമാരായി ഉണ്ടായിരുന്നിടത്തേയ്ക്ക് സന്ധ്യ ബോട്ടിന്റെ സ്റ്റീയറിംഗ് വീൽ തിരിയ്ക്കുവാൻ എത്തിയിരിക്കുന്നത് സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ലൈസൻസോടെയാണ്.
സംസ്ഥാനത്താദ്യമായിസ്രാങ്ക് ലൈസൻസ് നേടിയ വനിത എന്ന ബഹുമതിയോടെ സന്ധ്യ ഇതിനോടകം വാർത്തകളിലിടം പിടിച്ചു കഴിഞ്ഞു. അങ്ങനെ പുരുഷന്മാർ മാത്രം കൈകാര്യം ചെയ്തിരുന്ന മേഖലയിലേക്ക് സധൈര്യം ഒരു വനിത കൂടി എത്തിയിരിക്കുന്നു. ബോട്ടുകൾ, ബാർജ്ജുകൾ മറ്റു ജലയാനങ്ങൾ എന്നിവ ഓടിക്കാനുള്ള സർട്ടിഫിക്കേറ്റാണു പെരുമ്പളം തുരുത്തേൽ എസ്. സന്ധ്യ കഠിനാധ്വാനത്തിലൂടെ നേടിയെടുത്തത്.
കേരള ഇൻലാൻഡ് വെസൽ (കെ. ഐ. വി. ) റൂൾ - 2010 പ്രകാരം നടന്ന സ്രാങ്ക് പരീക്ഷയിൽ സന്ധ്യ ജയിച്ചു കയറി. ബാർജ്ജ്, മത്സ്യബന്ധന വെസൽ തുടങ്ങിയവയിൽ ജോലി ചെയ്യുന്നതിന് കെ.ഐ.വി. സ്രാങ്ക് ലൈസൻസ് നിർബ്ബന്ധമാണ്. ബോട്ടിലെ പരിശീലനത്തിനുശേഷം നടന്ന എഴുത്തു പരീക്ഷയിലും ജയിച്ചതോടെയാണ് സ്രാങ്ക് ലൈസൻസ് ലഭിച്ചത്.
ലാസ്കർ ലൈസൻസ് നേടി കുറഞ്ഞതു രണ്ടുവർഷം ജോലി ചെയ്താലേ സ്രാങ്ക് ലൈസൻസിന് അപേക്ഷിക്കാൻ കഴിയൂ. സ്റ്റിയറിങ് തിരിയ്ക്കൽ, ബോട്ട് ഓടിക്കൽ ഉൾപ്പെടെ മുഴുവൻ നിയന്ത്രണത്തിനും ചുമതലപ്പെട്ടയാളാണ് സ്രാങ്ക്. തേവര, നെട്ടൂർ, ആലപ്പുഴ, തൈക്കാട്ടുശ്ശേരി ഭാഗങ്ങളിൽ പുരവഞ്ചിയുൾപ്പെടെ ഓടിച്ച് പരിചയമുണ്ട് സന്ധ്യയ്ക്ക്.
226 എച്ച്. പി വരെയുളള ജലയാനങ്ങൾ ഇനി തനിയ്ക്ക് കൈകാര്യം ചെയ്യാമെന്ന് സന്ധ്യ പറഞ്ഞു. വൈക്കം സ്വദേശികളായ പരേതരായ സോമന്റെയും സുലഭയുടെയും മകളാണ് സന്ധ്യ. ഭർത്താവ്: അങ്കമാലി ഫുഡ് കോർപ്പറേഷൻ ഗോഡൗണിലെ കയറ്റിറക്കു തൊഴിലാളി മണി. മക്കൾ: ഹരിലക്ഷ്മി, ഹരികൃഷ്ണ.