പെരുമ്പാവൂർ: മലയാളികളുടെ ജനപ്രിയ നടൻ ജയറാമിന് അഭിനയം പോലെ തന്നെ ഏറെ ഇഷ്ടമുള്ള ഒന്നാണ് കൃഷിയും. വിഷുവിന് മുമ്പേ തന്നെ തന്റെ തൊടിയിൽ പച്ചക്കറി വിളവെടുപ്പ് നടത്തിയിരിക്കുകയാണ് ജയറാം. സ്വന്തം ഒഫീഷ്യൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ തലയിൽ തോർത്തും കെട്ടി അസ്സലൊരു കർഷകന്റെ ഗെറ്റപ്പിൽ ആണ് നടന്റെ പച്ചക്കറി വിളവെടുപ്പ്.
ജയറാം ആരാധകരിലൂടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണിപ്പോൾ. തക്കാളിയും മത്തങ്ങയും വഴുതനങ്ങയും വെള്ളരിയ്ക്കയും മുറം നിറയെയുണ്ട്. ജൈവകൃഷിയിലാണ് ജയറാമിന് കമ്പം. വീഡിയോയ്ക്ക് പശ്ചാത്തലത്തിൽ തന്റെ സുഹൃത്തും ഇഷ്ട സംവിധായകനുമായ സത്യൻ അന്തിക്കാടിന്റെ 'മനസ്സിനക്കരെ'യിലെ മറക്കുടയാൽ.. എന്ന ഗാനവും ചേർത്തിട്ടുണ്ട് ജയറാം.
കൃഷിയ്ക്കും പശുവളർത്തലിനുമായി 'ആനന്ദ്' എന്ന പേരിൽ ഒരു ഫാം ഹൗസ് തന്റെ സ്വന്തം നാടായ പെരുമ്പാവൂർ തോട്ടുവയിൽ നടത്തുന്നുണ്ട് ജയറാം. കാർഷികരംഗത്തെ ജനകീയ ഇടപെടലുകളിൽ പങ്കാളിയാകാൻ കിട്ടുന്ന ഒരവസരവും മലയാളികളുടെ പ്രിയപ്പെട്ട ഈ നടൻ പാഴാക്കാറില്ല.