എറണാകുളം

‘ആശാരി പണിത കസേര ടിപ്പു സുൽത്താന്റെ സിംഹാസനമെന്ന പേരിൽ വിറ്റു’: കോടികളുടെ തട്ടിപ്പ് നടത്തിയ യൂട്യൂബര്‍ പിടിയില്‍

ന്യൂസ് ബ്യൂറോ, കൊച്ചി
Sunday, September 26, 2021

കൊച്ചി: പുരാവസ്തു വിൽപ്പനക്കാരൻ എന്ന് അവകാശപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടത്തിയ ചേർത്തല സ്വദേശി മോൻസൻ മാവുങ്കൽ അറസ്റ്റിൽ. 10 കോടിയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയത്. ടിപ്പു സുൽത്താന്റെ സിംഹാസനം വരെ കൈവശമുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

ക്രൈംബ്രാഞ്ചിന്റേതാണ് നടപടി. 2,62,000 രൂപ തന്റെ അക്കൗണ്ടിലുണ്ടെന്ന് കാണിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ഇയാളുടെ വീട്ടിൽ ക്രെെംബ്രാഞ്ചിന്റെ റെയ്ഡ് നടക്കുകയാണ്. എറണാകുളം കലൂരിലെ വീട്ടിലാണ് റെയ്ഡ്.

ചേർത്തലയിൽ ഒരു ആശാരിയുണ്ടാക്കിയ കസേരയാണ് ഇയാൾ ടിപ്പു സുൽത്താന്റെ സിംഹാസനം എന്ന് പറഞ്ഞ് വിറ്റത്. തട്ടിപ്പിന് പുറമെ കോടിക്കണക്കിന് രൂപ കടം വാങ്ങിയും ഇയാൾ ആളുകളെ പറ്റിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. നിലവിൽ സാമ്പത്തിക തട്ടിപ്പിനാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്.

ഡോ. മോൻസൻ മാവുങ്കൽ എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. എന്നാൽ ഇയാൾക്ക് ഡോക്ടറേറ്റ് പോലുമില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. അഞ്ച് പേരിൽ നിന്നായി 10 കോടി രൂപ ഇയാൾ വാങ്ങി. പലിശരഹിതമായ വായ്പ്പ നൽകാമെന്നായിരുന്നു വാഗ്ദാനം.

പുരാവസ്തുക്കൾ വിറ്റതിന് കുവൈത്തിലെയും ദുബായിലെയും രാജ കുടുംബാംഗങ്ങള്‍ അടക്കമുള്ളവർ വിദേശത്തു നിന്നും അയച്ചു തന്ന പണമാണ്  തന്‍റെ പക്കലുള്ളതെന്ന് വ്യാജരേഖ കാട്ടിയാണ് പലരിൽ നിന്നായി കോടികൾ തട്ടിയത്. പത്ത് കോടിയോളം രൂപ പലരില്‍ നിന്നായി ഇയാള്‍‌ വാങ്ങിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.  ബാങ്കിന്‍റെ പേരിലുള്ള വ്യാജ രേഖ ചമച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. പൊലീസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ പേരില്‍ വിദേശത്ത് ഒരു അക്കൌണ്ടും ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

×