കൊല്ലം: കുട്ടികളില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ചലച്ചിത്രാസ്വാദനശീലം വളര്‍ത്തുന്നതിനായി കേരള സംസ്ഥാന ശിശു ക്ഷേമ സമിതിയും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും ചേർന്ന് 2023 മെയ് മാസത്തില്‍ സംഘടിപ്പിക്കുന്ന ചലച്ചിത്രസ്വാദന ശില്‍പ്പശാല സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികളില്‍നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു.
കൊല്ലത്ത് മെയ് 23,24,25 തീയതികളിലും കോഴിക്കോട്ട് മെയ് 27,28,29 തീയതികളിലുമാണ് ക്യാമ്പ് നടക്കുക. ത്രിദിന ക്യാമ്പില്‍ 8,9,10 ക്ലാസുകളിലെ കുട്ടികള്‍ക്ക് പങ്കെടുക്കാം. താമസവും ഭക്ഷണവും സൗജന്യമായിരിക്കും. ഏറ്റവും പ്രിയപ്പെട്ട സിനിമയെക്കുറിച്ച് മികച്ച ആസ്വാദനക്കുറിപ്പ് എഴുതി അയയ്ക്കുന്ന 60 പേര്‍ക്കാണ് ഓരോ ക്യാമ്പിലും പ്രവേശനം നല്‍കുക.
മലയാളത്തില്‍ സ്വന്തം കൈപ്പടയില്‍ എഴുതി സ്‌കാന്‍ ചെയ്ത് പി.ഡി.എഫ് ഫോര്‍മാറ്റില്‍ cifra@chalachitraacademy.org എന്ന ഇ-മെയില്‍ വിലാസത്തില്‍ മെയ് 17നകം ലഭിക്കത്തക്കവിധം അയയ്ക്കണം. പ്രായം, പഠിക്കുന്ന ക്ലാസ്, സ്‌കൂള്‍, ജില്ല, പൂര്‍ണമായ വിലാസം, ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ എന്നിവ ആസ്വാദനക്കുറിപ്പിനോടൊപ്പമുള്ള അപേക്ഷയില്‍ വ്യക്തമാക്കിയിരിക്കണം.
അതോടൊപ്പം കുട്ടികളുടെ വിവരങ്ങൾ സംസ്ഥാന ശിശുക്ഷേമ സമിതിയിൽ അറിയിക്കുക കൂടി വേണം. വടക്കന്‍ കേരളത്തിലുള്ളവര്‍ക്ക് കോഴിക്കോട്ടും തെക്കന്‍ കേരളത്തിലുള്ളവര്‍ക്ക് കൊല്ലത്തുമുള്ള ക്യാമ്പുകളില്‍ ആയിരിക്കും പ്രവേശനം നല്‍കുക.