Advertisment

ശാസ്താംകോട്ടയിൽ ഡോക്ടറെ മർദ്ദിച്ച പ്രസിഡന്റിന് ജാമ്യം; ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്ന് കെജിഎംഒഎ; അഗ്നിശമനസേനയുടെ റിപ്പോർട്ട് നിർണായകം

New Update

publive-image

Advertisment

കൊല്ലം: ശാസ്താംകോട്ടയിൽ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ ശൂരനാട് പഞ്ചായത്ത് പ്രസിഡന്റിന് ജാമ്യം അനുവദിച്ചതിനെതിരെ കെജിഎംഒഎ ഹൈക്കോടതിയെ സമീപിക്കും. സംഭവത്തിൽ ഫയർഫോഴ്‌സ് നൽകിയ ഇൻസിഡന്റ് റിപ്പോർട്ട് നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

കിണറ്റിൽ വീണ വൃദ്ധയെ ഫയർഫോഴ്‌സിന്റെ സഹായത്തോടെ പുറത്തെത്തെടുക്കുകയും തുടർന്ന് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തിച്ചതുമാണ് കേസിനാസ്പദമായ സംഭവങ്ങൾക്ക് തുടക്കമിട്ടത്. കിണറ്റിൽ വീണ് മരിച്ച വൃദ്ധയുടെ മൃതദേഹവുമായി ആശുപത്രിയിൽ എത്തിയതായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ.

മരണം സ്ഥിരീകരിക്കണമെന്ന് ഡ്യൂട്ടി ഡോക്ടർ ഗണേഷിനോട് ആവശ്യപ്പെട്ടു. എന്നാൽ മറ്റൊരു രോഗിക്ക് പ്ലാസ്റ്റർ ഇട്ട് കൊണ്ടിരുന്നതിനാൽ ഡോക്ടറെത്താൻ വൈകി. ഇതോടെ പ്രസിഡൻറ് ഡോക്ടറെ മർദിക്കുകയായിരുന്നെന്നാണ് കെജിഎംഒഎയുടെ ആരോപണം. തുടർന്ന് ശ്രീകുമാർ അറസ്റ്റിലാകുകയും ചെയ്തു.

എന്നാൽ ജീവനുള്ള രോഗിയെയാണ് ആശുപത്രിയിൽ എത്തിച്ചതെന്ന വാദം ഉന്നയിച്ചാണ് പ്രസിഡന്റ് ജാമ്യം നേടിയത്. കിണറ്റിൽ വീണ വ്യദ്ധയെ പരിശോധിക്കാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ഗണേഷ് തയാറായില്ലന്നും ആശുപത്രിയിൽ എത്തുമ്പോൾ വൃദ്ധക്ക് ജീവൻ ഉണ്ടായിരുന്നതായുമാണ് ഡോക്ടറെ മർദ്ദിച്ച ശ്രീകുമാറിന്റ വാദം.

ഇവിടെയാണ് അഗ്നിശമന സേനയുടെ റിപ്പോർട്ട് നിർണായകമാകുന്നത്. ചേതനയറ്റ ശരീരമാണ് പുറത്തെടുത്തതെന്ന് ഫയർ ആൻഡ് റെസ്‌ക്യൂ സർവ്വീസിന്റെ ഇൻസിഡന്റ് റിപ്പോർട്ടിൽ പറയുന്നു. മരണം സ്ഥിരീകരിച്ചതോടെ മൃതദേഹം ആംബുലൻസിൽ കയറ്റിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇത് ചൂണ്ടിക്കാട്ടി കേസിൽ അപ്പീൽ പോകുമെന്നാണ് കെജിഎംഒഎ ജില്ലാ കമ്മറ്റി അറിയിച്ചിരിക്കുന്നത്.

 

NEWS
Advertisment