ഇന്ന് കേരളത്തിന്റെ മതസൗഹാർദ്ദം സംരക്ഷിക്കുന്നതിൽ സിനിമയുടെ പങ്ക് വലുത് - ഷാജി എൻ. കരുൺ

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം: മതേതരത്വത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രമേയം സിനിമകളിൽ കൂടുതലായി കാണുന്നു. ഇന്ന് കേരളത്തിന്റെ മതസൗഹാർദ്ദം വളർത്തുന്നതിലും പരിപാലിക്കുന്നതിലും സിനിമയ്ക്ക് വലിയ പങ്കുണ്ട്. ഇരുട്ടിൽ ഇരുന്നു വെള്ളിത്തിരയിലെ വെളിച്ചം ആസ്വദിക്കുന്ന മനുഷ്യന്റെ മനസ്സിലേക്കും ആ വെളിച്ചം കടന്നുവരുന്നു.

Advertisment

അത് അയാളുടെ ജീവിതത്തെയും സ്വാധീനിക്കുന്നു. ചലച്ചിത്ര സംവിധായകനും ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ ഷാജി എൻ. കരുൺ പറഞ്ഞു. ഗാന്ധിഭവൻ റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഗാർഫി) ആഭിമുഖ്യത്തിൽ കൊല്ലം തങ്കശ്ശേരി ഇൻഫന്റ് ജീസസ് സ്കൂളിൽ സംഘടിപ്പിച്ച സംസ്ഥാനതല ചലച്ചിത്ര പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആശയങ്ങളിലൂടെയാണ് ഒരു സമൂഹം രൂപപ്പെടുന്നത്. ഒരുപാട് കലകളും കലാകാരന്മാരും ഒന്നിച്ചു ചേരുന്നതാണ് സിനിമ. അതിലൂടെ മനുഷ്യജീവിതത്തിന്റെ സമസ്ത വശങ്ങളും ആവിഷ്കരിക്കപ്പെടുന്നു. അത് ഒരു സാമൂഹിക സേവനമാണ്. എന്നാൽ ഇന്ന് കലാകാരന്മാർ ഒരുപാട് ചോദ്യങ്ങൾ നേരിടേണ്ടി വരുന്ന സാഹചര്യമുണ്ട്. അദ്ദേഹം കൂട്ടിച്ചേർത്തു.

ഗാന്ധിഭവൻ സെക്രട്ടറിയും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് അംഗവുമായ പുനലൂർ സോമരാജൻ അധ്യക്ഷനായ ചടങ്ങിൽ കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി, സംവിധായകരും ക്യാമ്പ് ഡയറക്ടർമാരുമായ ആർ. ശരത്, വിജയകൃഷ്ണൻ, ഗാർഫി ചെയർമാൻ പി.എസ്. അമൽരാജ്, ജനറൽ സെക്രട്ടറി പല്ലിശ്ശേരി, ഫാ. ഡോ. സിൽവി ആന്റണി എന്നിവർ പ്രസംഗിച്ചു. തുടർന്ന് സംവിധായകരായ കവിയൂർ ശിവപ്രസാദ്, വിധു വിൻസെന്റ്, ആർ. ശരത്, വിജയകൃഷ്ണൻ എന്നിവർ ക്ലാസ്സെടുത്തു.

Advertisment