കൊല്ലം: ആയൂർ മാർത്തോമ്മാ കോളേജിൽ നീറ്റ് പരീക്ഷ എഴുതാൻ വന്ന പെൺകുട്ടികളുടെ അടിവസ്ത്രം അഴിച്ചു പരിശോധന നടത്തിയ സാംസ്കാരിക മനോരോഗികൾക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്ന സാംസ്കാരിക ജീവികൾ അവരുടെ പ്രതിഷേധം തീർത്ത് മടങ്ങിയത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പോലീസുകാർക്ക് നേരെ കരിയോയിൽ പ്രയോഗം നടത്തി.
അങ്ങാടിയിൽ തോറ്റാൽ അമ്മയോട് എന്നപോലെയാണ് പോലീസിനു നേരെ സമരമുഖത്തും പ്രതിഷേധ വേദികളിലും സമരക്കാരുടെയും പ്രതിഷേധക്കാരുടെയും കലിപ്പ് തീർക്കൽ. ഒരു ജനാധിപത്യ രാജ്യത്ത് സംസ്കാരിക ഔന്നത്യം ഉണ്ടെന്ന് അവകാശപ്പെടുന്നൊരു സാമൂഹ വ്യവസ്ഥയിലാണ് ഒരു പൊതുപ്രവേശന പരീക്ഷ എഴുതാൻ വന്ന വിദ്യാർത്ഥിനികളെ അടക്കം അടിവസ്ത്രം അഴിച്ചു പരിശോധന നടത്തിയത് എന്നത് പരിഷ്കൃത സമൂഹത്തിന് അംഗികരിക്കാൻ കഴിയാത്ത സംഗതി തന്നെയാണ്.
അതിനെതിരെ ശക്തമായ പ്രതിഷേധം പൊതുസമൂഹത്തിൽ നിന്നും ഉയർന്ന് വരേണ്ടതു തന്നെയാണ്. കുറ്റക്കാരെ നിയമത്തിന് മുൻപിൽ കൊണ്ടുവരേണ്ടതുമാണ് എന്നതിൽ ആർക്കും എതിരഭിപ്രായവുമില്ല.
സാമൂഹിക വ്യവസ്ഥകൾക്ക് നേരെ കൊഞ്ഞനം കുത്തി വിദ്യാർത്ഥികളെ മാനസിക പീഡനങ്ങൾക്ക് വിധേയരാക്കിയവർക്കെതിരെ പ്രതിഷേധവുമായി വന്നവർ അതു നടത്താതെ പ്രസ്തുത സംഭവവുമായി യാതൊരു ബന്ധവുമില്ലാത്തവരായ ഡ്യൂട്ടിക്ക് വന്ന പോലീസ് ഉദ്യോഗസ്ഥർക്ക് മേൽ കരിയോയിൽ ഒഴിച്ചവർ സമൂഹവിരുദ്ധർ തന്നെയാണെന്നതിൽ തർക്കമില്ല. പോലീസ് ഉദ്യോഗസ്ഥർക്ക് മേൽ കരിയോയിൽ ഒഴിച്ചാൽ അടിവസ്ത്രം അഴിപ്പിച്ചതിന് പരിഹാരമാവുമോ ?.
നീറ്റ് പരീക്ഷയിൽ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിച്ച മഹാൻമാരും മഹതികളും ആരുടെ സുരക്ഷയാണ് സംരക്ഷിക്കാൻ ശ്രമിച്ചത്. കേരളത്തിൽ നിരവധി കേന്ദ്രങ്ങളിൽ നീറ്റ് പരീക്ഷ നടന്നു .അവിടെയൊന്നും ആരും ആരുടെയും ഉടുതുണി അഴിച്ചില്ല എന്നിരിക്കെ ആയൂരിൽ മാത്രം ഈ നാടകം അരങ്ങേറിയത് എങ്ങനെയാണ്.
മെറ്റൽ ഡിക്റ്ററ്റർ ഫ്രെയിമിലൂടെ ഒരാൾ കടന്ന് പോകുമ്പോൾ ഒരു ബീപ് ശബ്ദം കേട്ടാൽ ഉടൻ ഉടുവസ്ത്രം അഴിക്കലാണോ പ്രതിവിധി. ആരൊടെങ്കിലുമൊക്കെയുള്ള പ്രതിഷേധക്കാരുടെ പ്രതിഷേധം തീർക്കാൻ നിരത്തുവക്കിൽ നിരത്തിവെച്ചിരിക്കുന്ന കളിപാവകളാണോ കേരളത്തിലെ പോലീസ് എന്ന് പ്രതിഷേധത്തിന്റെ മറവിൽ സമരമുഖത്ത് നുഴഞ്ഞു കയറിയെത്തുന്ന സാമൂഹ്യവിരുദ്ധർ മനസ്സിലാക്കുന്നത് നല്ലതാണ്. പോലീസ് ജനപക്ഷത്ത് തന്നെയാണ്. കേരളത്തിലെ ജനസാമാന്യവും പോലീസിന്റെ ഒപ്പംതന്നെയാണ്. എന്ന് ആഭാസത്തരവുമായി പോലീസിനു നേരെവരുന്ന സാംസ്കാരശൂന്യർ മനസ്സിലാക്കുക.