കൊല്ലം: കോർപ്പറേഷന്റെ തെരുവുനായ വന്ധ്യംകരണ പദ്ധതി സംശയത്തിന്റെ നിഴലിൽ. വന്ധ്യംകരണത്തിന്റെ അടയാളമുള്ള നായ്ക്കൾ വീണ്ടും പ്രസവിക്കുന്നതായി നേരത്തെ തന്നെ വ്യാപകമായി ആക്ഷേപമുയർന്നിരുന്നു. പോളയത്തോട് ഷോപ്പിംഗ് കോംപ്ലക്സിന് മുന്നിൽ നിന്ന് പിടികൂടി വന്ധ്യംകരിച്ച തെരുവുനായ വീണ്ടും പ്രസവിച്ച സംഭവം ഇതിനുള്ള തെളിവായി ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിന് പിന്നാലെ സമാന സംഭവങ്ങൾ നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഉണ്ടായതോടെയാണ് കോർപ്പറേഷന്റെ വന്ധ്യംകരണ പദ്ധതി പ്രതിക്കൂട്ടിലായത്. കഴിഞ്ഞ സാമ്പത്തിക വർഷം പത്ത് മാസം പാഴാക്കി അവസാന രണ്ട്മാസക്കാലമാണ് പദ്ധതി നടപ്പാക്കിയത്.
ഇക്കാലയളവിൽ 800 ഓളം തെരുവ് നായകളെ വന്ധ്യംകരിച്ചെന്നാണ് നഗരസഭയുടെ അവകാശവാദം. എന്നാൽ, അതിൽ തട്ടിപ്പ് നടന്നുവെന്നാണ് പോളയത്തോട് അടക്കമുള്ള സ്ഥലങ്ങളിൽ വന്ധ്യംകരണത്തിന്റെ അടയാളമുള്ള നായകൾ പ്രസവിച്ചസംഭവത്തിലൂടെ വ്യക്തമാകുന്നത്.
"വെട്ടിട്ടു, വെട്ടിലായി"
പോളയത്തോട് ജംഗ്ഷനിൽ ചുറ്റിത്തിരിഞ്ഞിരുന്ന തെരുവ് നായയെ മൂന്ന് മാസം മുമ്പ് നഗരസഭയുടെ എ.ബി.സി പദ്ധതി നടത്തിപ്പ് സംഘം പിടിച്ചുകൊണ്ടുപോയി. തുടർന്ന് വന്ധ്യംകരിച്ചതിന്റെ അടയാളമായി ചെവിയിൽ വെട്ടിട്ട് ഇതേസ്ഥലത്ത് തിരികെ കൊണ്ടുവിടുകയും ചെയ്തു. എന്നാൽ, ഈ നായ കഴിഞ്ഞ ദിവസം ആറ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി.
60 ദിവസമാണ് നായകളുടെ ഗർഭകാലാവധി. അതുകൊണ്ട് തന്നെ ഈ തെരുവുനായ ഗർഭം ധരിച്ചത്, വന്ധ്യംകരിച്ചെന്ന പേരിൽ തിരിച്ചെത്തിച്ചതിന് ശേഷമാണ് എന്നത് ഉറപ്പാണ്. തെരുവ് നായകളെ പിടിച്ചുകൊണ്ടുപോയി അടയാളം മാത്രം പതിച്ച് വന്ധ്യംകരിക്കാതെ പണം തട്ടിയെന്ന സംശയമാണ് ഇതോടെ ഉയരുന്നത്.
സമാന സംഭവങ്ങൾ മുണ്ടയ്ക്കൽ, ഉളിയക്കോവിൽ എന്നിവിടങ്ങളിലും ഉണ്ടായിട്ടുണ്ട്.പരാതി പരിശോധിക്കും. നായ്ക്കളെ പിടികൂടുമ്പോൾ തന്നെ അടയാളം പതിക്കാറുണ്ട്. അനസ്തേഷ്യ നൽകിയപ്പോൾ ശാരീരിക അവശതകൾ ഉണ്ടായി വന്ധ്യംകരിക്കാതെ മടക്കി വിട്ടതുമാകാം.