കൊല്ലം: ആയൂരിൽ മദ്യപസംഘം മർദ്ദിച്ചയാൾ തൂങ്ങിമരിച്ചനിലയിൽ. കൊല്ലം സ്വദേശി അജയകുമാറാണ് ആത്മഹത്യ ചെയ്തത്. മകളോട് മോശമായി പെരുമാറിയ മദ്യപസംഘത്തെ ചോദ്യം ചെയ്ത അജയ കുമാറിനെ ഇവർ മർദ്ദിച്ചിരുന്നു. ഇതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് പരാതി.
ബുധനാഴ്ചയായിരുന്നു സംഭവം. ട്യൂഷൺ കഴിഞ്ഞ് പ്ലസ് വൺ വിദ്യാർഥിനിയായ മകളെക്കൂട്ടി വരുന്ന വഴി മദ്യപസംഘം കുട്ടിയോട് മോശമായി പെരുമാറിയിരുന്നു. മകളെ വീട്ടിലാക്കി തിരികെ ചെന്ന് ചോദ്യം ചെയ്ത അജയ്കുമാറിനെ മദ്യപസംഘം ക്രൂരമായി മർദ്ദിച്ചിരുന്നു. ശരീരത്തിലാകമാനം മുറിവുകളുണ്ടായിരുന്നു.
ഇയാളുടെ ഉടുതുണിയുരിഞ്ഞുമാറ്റിയെന്നും പരാതിയിൽ പറയുന്നു. തിരികെ വീട്ടിലെത്തിയ ശേഷം പുറത്തുപോയ അജയകുമാറിനെ പിന്നീട് കാണുന്നത് സമീപത്തെ മരത്തിൽ തൂങ്ങിയ നിലയിലാണ്. സംഭവത്തിൽ പരാതിയുമായി കുടുംബം പൊലീസിനെ സമീപിച്ചു. ആരാണ് മർദ്ദിച്ചതെന്നുള്ള കാര്യങ്ങൾ പുറത്തുവന്നിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.