കുളത്തൂപ്പുഴ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടര വയസ്സുകാരനെ എടുത്ത് കൊണ്ടുപോകാൻ ശ്രമിച്ച ഇതരസംസ്ഥാനക്കാരനെ നാട്ടുകാർ പിടികൂടി പോലീസിനു കൈമാറി.
30 വയസ്സുവരുന്ന ഇയാൾ തെലുങ്ക്, കന്നട, തമിഴ് ഭാഷകളിൽ പരസ്പരവിരുദ്ധമായി ആണ് സംസാരിച്ചിരുന്നത്. യുവാവിനെ മെഡിക്കൽ പരിശോധന നടത്തിയശേഷം തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചതായി കുളത്തൂപ്പുഴ പോലീസ് അറിയിച്ചു.
ചോഴിയക്കോട് മൂന്നുമുക്കിനു സമീപത്തായിരുന്നു സംഭവം. മൂന്നുമുക്ക് സ്വദേശി രതീഷിൻറെ മകൻ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ സമീപത്തെത്തിയ യുവാവ് കുട്ടിയെ കടന്നുപിടിച്ചു.
സമീപത്തുണ്ടായിരുന്ന രതീഷ് ഇതുകണ്ട് ബഹളംകൂട്ടിയതോടെ ഓടിയകന്ന യുവാവിനെ നാട്ടുകാർ പിടിച്ച് കുളത്തൂപ്പുഴ പോലീസിനു കൈമാറുകയായിരുന്നു.
അതേസമയം ഇയാൾ രാവിലെ മുതൽ പ്രദേശത്ത് പലയിടത്തും കറങ്ങിനടക്കുന്നതു കണ്ടിരുന്നതായും വനത്തിറമ്പിലായുള്ള ക്ഷേത്രപരിസരത്ത് എത്തിയിരുന്നതായും നാട്ടുകാർ പറയുന്നു.