കൊല്ലം: ആശുപത്രിയിൽ നിന്നും നൽകിയ മരുന്ന് കഴിച്ചതിന് ശേഷം നവജാതശിശു ഗുരുരുതരാവസ്ഥയിൽ ആയതിന് പിന്നാലെ അന്വേഷിക്കാനായി ചെന്ന പിതാവിനെ ഡോക്ടറും മകനും ചേർന്നു മർദ്ദിച്ചതായി പരാതി. മാങ്കോട് തേൻകുടിച്ചാലിൽ ഷുഹൈബിനാണ്(30) മർദ്ദനമേറ്റത്.
ഇന്നലെ ഉച്ചയ്ക്കു പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം. കഴിഞ്ഞ 14നാണു ഷുഹൈബിന്റെ ഭാര്യ സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ചത്. പിറ്റേ ദിവസം ആശുപത്രിയിൽ നിന്നു നൽകിയ മരുന്നു കഴിച്ച് നവജാതശിശു അവശനിലയിലാകുകയും അടൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു.
ഇന്നലെ രാവിലെയോടെയാണ് കുഞ്ഞിന്റെ നില ഗുരുതരമായത്. ഇതേ തുടർന്നാണ് ഷുഹൈബ് ആശുപത്രിയിലെത്തിയത്.അന്വേഷിക്കാനെത്തിയ ഷുഹൈബിനെ ഡോക്ടറും മകനും ചേർന്ന് മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ ഷുഹൈബ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.