കൊല്ലം: 3 ദിവസം മുമ്പ് കാണാതായ 49കാരന്റെ മൃതദേഹം സമീപത്തെ ബന്ധുവീട്ടിലെ കിണറ്റിൽ കണ്ടെത്തി. ഇളമാട് ആക്കാപൊയ്ക വിജയവിലാസത്തിൽ വിജയന്റെ (ഉണ്ണി – 49) മൃതദേഹമാണ് കണ്ടെത്തിയത്. ഇയാളെ 17ന് രാത്രി മുതൽ കാണാനില്ലായിരുന്നു.
കർണാടകയിൽ ജോലി ചെയ്തിരുന്ന വിജയൻ അഞ്ച് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. അവിവാഹിതനായ വിജയൻ ഒറ്റയ്ക്കായിരുന്നു താമസം. സമീപത്തെ ബന്ധുവീട്ടിൽ നിന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. കാണാതായ ദിവസം രാത്രി ഭക്ഷണം കഴിച്ചു മടങ്ങിയ ശേഷം ഇയാളെ കാണാതാവുകയായിരുന്നു.
ഇന്നലെ രാവിലെ വീട്ടുകാർ വെള്ളം കോരാൻ എത്തിയപ്പോൾ കിണറ്റിൽ ഒരാളുടെ കാൽ ഉയർന്നു നിൽക്കുന്നത് കണ്ടു. തുടർന്ന് വിവരം ചടയമംഗലം പൊലീസിൽ അറിയിക്കുകയായിരുന്നു. കൊട്ടാരക്കര അഗ്നിരക്ഷാ സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
തലയിൽ ആഴത്തിലുള്ള മുറിവേറ്റിരുന്നു. ആൾമറ കുറവുള്ള കിണറ്റിൽ അബദ്ധത്തിൽ വീണപ്പോൾ തല ഇടിച്ചതാകാം മരണ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. ചടയമം​ഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.