കൊല്ലം: ഫുഡ് ഡെലിവറിയുടെ മറവിൽ ലിക്കർ ഡെലിവറി നടത്തിയ യുവാവ് പിടിയിൽ. കൊട്ടാരക്കര എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ബെന്നി ജോർജിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊട്ടാരക്കര കിഴക്കേക്കര ഭാഗത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഫുഡ് ഡെലിവറിയുടെ മറവിൽ ലിക്കർ ഡെലിവറി നടത്തി വന്നിരുന്ന കൊട്ടാരക്കര സ്വദേശി അരുൾ രാജാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും 80 കുപ്പികളിലായി ആകെ 40 ലിറ്റർ വിദേശ മദ്യവും ബൈക്കും, മദ്യം വിൽപ്പന നടത്തിയ വകയിലുള്ള 2000 രൂപ കണ്ടെടുത്തു. ന്യൂജൻ രീതിയിൽ മദ്യം ഓർഡർ ചെയ്യുന്നതനുസരിച്ച് ഫുഡ് എന്ന വ്യാജേന വീടുകളിൽ മദ്യം എത്തിച്ചു നൽകുന്നതായിരുന്നു ഇയാളുടെ രീതി.
കൊട്ടാരക്കര എക്‌സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്ന പ്രതിയെ പിടികൂടിയ സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ഷഹാലുദ്ധീൻ എ, സുനിൽകുമാർ എസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ രാഹുൽ ആർ രാജ്, അനീഷ് എം ആർ, ബാലു എസ്, സുന്ദർ, സുജിൻ ആർ എസ്, വിഷ്ണു ടി, വനിത സിവിൽ എക്‌സൈസ് ഓഫീസർ ജിഷ എന്നിവർ പങ്കെടുത്തു.