ഗൂഗിള്‍ പേ ആയി നല്‍കാതെ പണമായി നല്‍കാമോന്ന് ചോദിച്ചതിലെ ദേഷ്യം ; കടയില്‍ അതിക്രമിച്ച് കയറി ഉടമസ്ഥനേയും ഭാര്യയേയും മർദിച്ച് പരിക്കേല്‍പ്പിച്ചു ; കൊല്ലത്ത് പ്രതികള്‍ അറസ്റ്റിൽ

New Update

publive-image

കൊല്ലം: കടയില്‍ അതിക്രമിച്ച് കയറി ഉടമയേയും ഭാര്യയേയും മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു. കേസില്‍ പ്രതികള്‍ പിടിയില്‍. പത്തനംതിട്ട പ്രമാടം വില്ലേജില്‍ വെട്ടൂര്‍കാട്ടില്‍ വീട്ടില്‍ പ്രവീണ്‍(24), തണ്ണിത്തോട് സ്വദേശി ശ്രീക്കുട്ടന്‍(22) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കുലശേഖരപുരം, കോട്ടയ്ക്കപുറം പുതുമണ്ണേല്‍ വീട്ടില്‍ ഉദയകുമാറിനെയും ഭാര്യയേയുമാണ് ഇവര്‍ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചത്.

Advertisment

കഴിഞ്ഞ ഞായറാഴ്ച്ച വൈകിട്ടോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വള്ളിക്കാവ് ബോട്ട് ജെട്ടിക്ക് സമീപമുള്ള ഉദയകുമാറിന്റെ കടയില്‍ പ്രതികള്‍ സിഗരറ്റ് വാങ്ങാന്‍ എത്തിയിരുന്നു.

സിഗരറ്റിന്റെ വില ഗൂഗിള്‍ പേ ആയി നല്‍കാതെ പണമായി നല്‍കാമോ എന്ന് കടയുടമയായ ഉദയകുമാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചത്.

വില പണമായി നല്‍കണമെന്ന് ആവശ്യപ്പെട്ടതില്‍ പ്രകോപിതരായ പ്രതികള്‍ ഉടമയെ ചീത്തവിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു.

എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ തറയില്‍ തള്ളിയിട്ട് ചവിട്ടി പരിക്കേല്‍പ്പിക്കുകയും ഇവരുടെ കൈവശം ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് നെഞ്ചില്‍ കുത്തിപരിക്കേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

അക്രമം തടയാന്‍ ശ്രമിച്ച ഉദയകുമാറിന്റെ ഭാര്യയേയും പ്രതികള്‍ തടിക്കഷ്ണം ഉപയോഗിച്ച് തലയില്‍ അടിച്ച് പരിക്കേല്‍പ്പിച്ചു. പോലീസില്‍ പരാതിപ്പെട്ടാല്‍ കൊന്നുകളയുമെന്ന് ഭീഷണിമുഴക്കിയ ശേഷം പ്രതികള്‍ കടന്ന് കളയുകയായിരുന്നു.

തുടർന്ന് ഉദയകുമാര്‍ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

Advertisment