കടുത്തുരുത്തി-പാലാ റോഡിൽ തോട്ടുവാ ഭാഗത്ത് മെയിൻ റോഡ് സൈഡ് ഇടിഞ്ഞത് മൂലം ഉണ്ടായിരിക്കുന്ന അപകടാവസ്ഥ പരിഹരിക്കുന്നതിനും തോട്ടുവാ ഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും മോൻസ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ ജന പ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് നടപടി സ്വീകരിച്ചു

New Update

publive-image

കുറവിലങ്ങാട്: കടുത്തുരുത്തി-പാലാ റോഡിൽ തോട്ടുവാ ജംഗ്ഷന് സമീപത്ത് പഞ്ചായത്ത് കുളത്തോട് ചേർന്നുള്ള ചെറിയ കൈതോട്ടിലൂടെ ശക്തമായ വെള്ളമൊഴുക്ക് വന്നതിനെ തുടർന്ന് കൈത്തോടിനോട് ചേർന്ന് മെയിൻ റോഡിന്റെ സൈഡിൽ നിർമ്മിച്ചിരുന്ന കൽക്കെട്ടിന്റെ അടിത്തറ ഇളകി പോയി മെയിൻ റോഡിന്റെ സൈഡിൽ വലിയ ഗർത്തം രൂപപ്പെട്ട് അപകടാവസ്ഥ ഉണ്ടായിരിക്കുന്ന സ്ഥലത്ത് മോൻസ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശനം നടത്തി ആവശ്യമായ പരിഹാര നടപടികൾ സ്വീകരിച്ചു.

Advertisment

കുറവിലങ്ങാട് പഞ്ചായത്ത് 14-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് കുളത്തിന്റെയും കേരള വാട്ടർ അതോറിറ്റിയുടെ കടുത്തുരുത്തി സമഗ്ര കുടിവെള്ള പദ്ധതിക്ക് വേണ്ടിയുള്ള വാട്ടർ പമ്പ് നിർമ്മിക്കുന്നതിനുള്ള ഭാഗത്തേക്ക് പോകുന്ന അപ്രോച്ച് റോഡിന്റെ മുൻവശത്ത് പിഡബ്ല്യുഡി റോഡിന്റെ സൈഡാണ് ഇടിഞ്ഞ് പോയത്.

കൽക്കെട്ടും മണ്ണും ഇടിഞ്ഞത് മൂലം റോഡിന് മുകളിലുള്ള സ്ലാബും മൺതിട്ടയും തമ്മിൽ വേറിട്ട് നിൽക്കുന്ന സ്ഥിതിയാണുള്ളത്. ഏത് സമയത്തും ഇടിഞ്ഞ് വീഴാവുന്ന സ്ഥിതിയുള്ളത് കൊണ്ട് മുൻ കരുതൽ സുരക്ഷാ നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം കൊടുത്തു.

പൊതുമരാമത്ത് വകുപ്പ് കടുത്തുരുത്തി അസ്സി. എക്സിക്യൂട്ടീവ് എഞ്ചിനീയർ രഞ്ജു ബാലൻ, റോഡ്സ് വിഭാഗം അസ്സി. എൻജിനീയർ എസ്. അനീഷ്, വാട്ടർ അതോറിറ്റി എഞ്ചിനീയർ പ്രദീപ് മാത്യൂസ് ടോംസ്, ഇറിഗേഷൻ എഞ്ചിനീയർ സാം പോൾ എബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് എംഎൽഎ നിർദ്ദേശിച്ചത് പ്രകാരം സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കുന്നത്.

കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, പഞ്ചായത്ത് അംഗങ്ങളായ ബേബി തൊണ്ടാംകുഴി, എം.എം ജോസഫ് എന്നിവരുടെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ അടിയന്തിര പരിഹാര നടപടികൾ തീരുമാനിച്ചതായി എംഎൽഎ അറിയിച്ചു.

കടുത്തുരുത്തി - പാലാ മെയിൻ റോഡിന്റെ അപകടാവസ്ഥ പരിഹരിക്കാൻ കഴിയുന്ന വിധത്തിൽ കോൺക്രീറ്റ് സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിനും തോടിന്റെ ഇരുവശങ്ങളിലും ഇതിന്റെ തുടർച്ചയായി കോൺക്രീറ്റ് ഭിത്തി നിർമ്മിച്ച് മെയിൻ ഭാഗത്ത് സ്ളാബ് ഇടുന്നതിനും കഴിയുന്ന വിധത്തിൽ പ്രൊപ്പോസലും എസ്റ്റിമേറ്റും തയ്യാറാക്കാൻ എംഎൽഎ നിർദ്ദേശം നൽകി.

ഇടിഞ്ഞ് പോയിരിക്കുന്ന ഭാഗങ്ങളിൽ ആളുകൾ കയറി അപകടം ഉണ്ടാകാതിരിക്കുന്നതിന് അപകട സ്ഥിതിയിലുള്ള സ്ലാബും, അനുബന്ധ കെട്ടുകളും പൊളിച്ച് മാറ്റാൻ തീരുമാനിച്ചു. എത്രയും വേഗം നടപ്പാക്കുന്നതിന് പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

തോട്ടുവാ ഭാഗത്ത് സ്ഥിരമായി ഉണ്ടാകുന്ന വെള്ളക്കെട്ട് പ്രശ്നം ഇതുവരെയും പരിഹരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇക്കാര്യത്തിൽ കൂടി എംഎൽഎ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടത് പ്രകാരം മോൻസ് ജോസഫ് എംഎൽഎ യും, ഉദ്യോഗസ്ഥ സംഘവും വെള്ളക്കെട്ട് പ്രദേശങ്ങൾ സംബന്ധിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

കുറവിലങ്ങാട് സഹകരണ ബാങ്കിന്റെ കോഴാ ബ്രാഞ്ച് സ്ഥിതി ചെയ്യുന്ന ഭാഗത്ത് നിലവിലുളള കലിങ്ക് മണ്ണ് നിറഞ്ഞ് അടഞ്ഞിരിക്കുന്നത് മൂലം വെള്ളം ഒഴുകി പോകാൻ കഴിയാത്ത സ്ഥിതിയാണുള്ളതെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടു.

തോട്ടുവാ ഭാഗത്ത് നിന്ന് ഒഴുകി വരുന്ന വെള്ളം കടന്ന് പോകാനുള്ള ഓടകൾ പൂർണ്ണമായും നികന്ന് കിടക്കുകയാണ്. കലിങ്ക് അടഞ്ഞ് പോവുകയും ഓടകൾ നികന്ന് പോവുകയും സമീപത്തുള്ള വിവിധ പാടശേഖരങ്ങൾ നികത്തപ്പെടുകയും ചെയ്തിരിക്കുകയും ചെയ്തതിനെ തുടർന്ന് നാളിതുവരെ വെളളം ഒഴുകിപ്പോയിരിക്കുന്ന സാധ്യതകളെല്ലാം അടഞ്ഞിരിക്കുന്നതായിട്ടാണ് ഉദ്യോഗ സംഘത്തിന് നേരിട്ട് ബോധ്യപ്പെട്ടത്.

ഇതേ തുടർന്നാണ് തോട്ടുവാ - കാപ്പുംന്തല റോഡിൽ സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടുന്നതെന്ന് വ്യക്തമാവുകയുണ്ടായി. ഈ ദു:രവസ്ഥ പരിഹരിക്കാൻ സാധ്യമായ എന്തെല്ലാം നടപടികൾ സ്വീകരിക്കാൻ കഴിയുമെന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പരിശോധിച്ചു.

കോട്ടയം ജില്ലാ പഞ്ചായത്തും, കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ഏതാനും പരിഹാര നടപടികൾ ഇതുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇക്കാര്യങ്ങളൊന്നും ഇതുവരെ ഇവിടെ നടപ്പായിട്ടില്ലെന്ന് സ്ഥലവാസികൾ എംഎൽഎ യോട് പരാതി പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലെ വെള്ളപ്പൊക്കത്തിലും സഹകരണ ബാങ്കിന്റെ തൊട്ടുവാ ബ്രാഞ്ചിലും സമീപ പ്രദേശങ്ങളിലും വെള്ളം കയറിയതായി നാട്ടുകാർ ചൂണ്ടിക്കാട്ടി. ഈ ദുരവസ്ഥ പരിഹരിക്കുന്നതിന് തോട്ടുവ മുതലുള്ള ഓട തെളിക്കുന്നത് ഇപ്പോൾ തയ്യാറാക്കുന്ന പ്രൊപ്പോസലിൽ ഉൾപ്പെടുത്താൻ എംഎൽഎ നിർദ്ദേശിച്ചു.

സഹകരണ ബാങ്കിന് മുൻപിലുള്ള കലിങ്കിനടിയിൽ മണ്ണ് നിറഞ്ഞിരിക്കുന്നത് നീക്കം ചെയ്യാൻ സാധ്യമായ നടപടികൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചു. എന്നിട്ടും വെള്ളം ഒഴുകി പോകുന്നില്ലെങ്കിൽ ഈ ഭാഗത്തുള്ള കലിങ്ക് പൊളിച്ച് പണിയുന്ന കാര്യം സാഹചര്യങ്ങൾ പരിശോധിച്ച ശേഷം തീരുമാനിക്കുമെന്ന് എംഎൽഎ വ്യക്തമാക്കി.

സഹകരണ ബാങ്കിന് മുൻ വശത്തുള്ള ഓടയിൽ മണ്ണ് കൊണ്ട് നിറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ സ്ലാബുകൾ നീക്കം ചെയ്ത് ഓട ശുദ്ധികരിക്കുന്നതാണ്. തോട്ടുവാ ഭാഗത്തെ വെള്ളക്കെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കുന്നതിനുള്ള നടപടികൾക്കാണ് രൂപം നൽകുന്നതെന്ന് എംഎൽഎ അറിയിച്ചു.

ഇപ്പോൾ തയ്യാറാക്കുന്ന എസ്റ്റിമേറ്റിന് അനുമതി നൽകാനും പ്രവർത്തി ടെണ്ടർ ചെയ്ത് നടപ്പാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് പിഡബ്ല്യുഡി റോഡ്സ് വിഭാഗം കോട്ടയം എക്സിക്യൂട്ടീവ് എഞ്ചിനീയർ പി. ശ്രീലേഖയുമായി ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ പരമാവധി വേഗത്തിൽ പ്രവർത്തി നടപ്പാക്കുന്നതിന് തീരുമാനിച്ചു. ഇക്കാര്യത്തിൽ എസ്റ്റിമേറ്റ് തയ്യാറായാൽ ഉടനെ ഫണ്ട് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.

kottayam news
Advertisment