മാഞ്ഞൂർ പഞ്ചായത്തിൽ സമ്പൂർണ്ണ ശുദ്ധജല വിതരണ കണക്ഷനുകൾ നൽകാൻ 10.75 കോടി രൂപയുടെ പ്രവർത്തികൾ ടെൻഡർ ചെയ്തു നിർമ്മാണം ആരംഭിച്ചു; കോതനല്ലൂർ റെയിൽവേ ക്രോസ് കട്ട് ചെയ്തു ജലവിതരണം സുഗമമാക്കാൻ രണ്ടു കോടി രൂപയുടെ പദ്ധതിയും ഇതിലുൾപ്പെടുന്നു

New Update

publive-image

കുറുപ്പന്തറ: കേന്ദ്ര-സംസ്ഥാന പഞ്ചായത്തുകളുടെ സംയുക്ത പദ്ധതിയായ ജലജീവൻ മിഷൻ പദ്ധതിയിലുൾപ്പെടുത്തി മാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകളിലും ശുദ്ധജലം എത്തിക്കാൻ കേരള വാട്ടർ അതോറിറ്റി മുഖാന്തരം നടപ്പിലാക്കുന്ന സമ്പൂർണ്ണ ശുദ്ധജലവിതരണ കണക്ഷനുകൾ നൽകുന്ന പ്രവർത്തികൾക്ക് 10.75 കോടിരൂപ ടെൻഡർ ചെയ്തു നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രൻ,ജില്ലാ പഞ്ചായത്ത് അംഗം ജോസ് പുത്തൻകാല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബൈജു ജോൺ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കൊണ്ടുകാലാ എന്നിവർ അറിയിച്ചു.

Advertisment

മാഞ്ഞൂർ കാണക്കാരി പദ്ധതിയിലുൾപ്പെടുത്തി മാഞ്ഞൂർ പഞ്ചായത്തിലെ വിവിധഭാഗങ്ങളിൽ പൈപ്പ് ലൈനുകൾ സ്ഥാപിച്ചിട്ടുണ്ട്. മാഞ്ഞൂർ പഞ്ചായത്തിലെ നിലവിലുള്ള രണ്ട് ടാങ്കുകളിൽ നിന്നുമാണ് കണക്ഷനുകളിൽ കുടിവെള്ളം എത്തിക്കുന്നത്.

ഏറ്റുമാനൂരിൽ നിർമ്മാണം പുരോഗമിക്കുന്ന പുതിയ ട്രീറ്റ്മെന്റ് ടാങ്ക് പൂർത്തീകരിക്കുന്ന തോടെ ഈ പദ്ധതികളിലേക്കുള്ള ശുദ്ധജലത്തിന്റെ അളവ് കൂടുതൽ വർദ്ധിക്കും. 7455 കണക്ഷനുകൾ നൽകി മുഴുവൻ വീടുകളിലും ശുദ്ധജലം എത്തിക്കാനാണ് പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുള്ളത്.

കോതനല്ലൂർ റെയിൽവേ ക്രോസ് പടിഞ്ഞാറുഭാഗത്ത് ശുദ്ധജല വിതരണ പൈപ്പുകൾ എത്തിനിൽക്കുന്നു. റെയിൽവേ ക്രോസ് ചെയ്ത് വലത് ഭാഗത്ത് കാഞ്ഞിരത്താനം, കുറുപ്പന്തറ കവല, പഴയമഠം,ഇരവിമംഗലം, എന്നിവിടങ്ങളിൽ ശുദ്ധജലം എത്തിക്കുന്നതിനായി ഈ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് കോടി രൂപയുടെ പ്രവർത്തികൾ ബോംബെ ആസ്ഥാനമായ സ്റ്റീവ് ജോയ്ൽസ് എന്ന കമ്പനി ടെൻഡർ ഏറ്റെടുത്തിട്ടുണ്ട്.

ഇതിലൂടെ മുന്നൂറോളം കണക്ഷനുകൾ ഈ ഭാഗത്ത് ലഭ്യമാകും. എട്ടുകോടി രൂപയുടെ ബാക്കി പ്രവർത്തികൾ കരാർ എടുത്തിട്ടുള്ളത് ഇരിങ്ങാലക്കുട കേന്ദ്രമായ ലിറ്റി ജോർജ് കൺസ്ട്രക്ഷൻ ഗ്രൂപ്പാണ്.

മാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ സമ്പൂർണ്ണ ശുദ്ധജല വിതരണ പദ്ധതിക്കായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും ആയി മുൻ എംഎല്‍എ സ്റ്റീഫൻ ജോർജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രൻ,ജില്ലാ പഞ്ചായത്തംഗം ജോസ് പുത്തൻകാല,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബൈജു ജോൺ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കൊണ്ടുകാലാ,ബ്ലോക്ക്‌ മെമ്പർ ആശാ ജോബി മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ സി മാത്യു,മുൻ ഗ്രാമപഞ്ചായത്ത് അംഗം ബിജു മറ്റപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടത്തിയ ചർച്ചകളെ തുടർന്നാണ് ശുദ്ധജല വിതരണ പദ്ധതിയുടെ പ്രവർത്തികൾക്ക് വേഗത കൈവന്നത്.

കോതനല്ലൂർ റെയിൽവേ ക്രോസിൽ നിർമ്മാണത്തിനുള്ള പ്രാഥമിക അനുമതി റെയിൽവേ മന്ത്രാലയം നൽകിയിട്ടുണ്ട് വിശദമായ അന്തിമ അനുമതി കൂടി ലഭ്യമായാലെ പ്രവർത്തികൾ മുന്നോട്ടു പോവുകയുള്ളൂ ഇതിനുവേണ്ടി തോമസ് ചാഴികാടൻ എം പി മുഖാന്തരം നിരന്തരമായ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

എത്രയും പെട്ടെന്ന് അന്തിമ അനുമതി റെയിൽവേയിൽ നിന്ന് ലഭ്യമാക്കുന്നതിന് തോമസ് ചാഴികാടൻ എം പിയുടെ സഹായത്തോടെ ശ്രമം നടത്തി വരുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കോമളവല്ലി രവീന്ദ്രൻ അറിയിച്ചു.

പഞ്ചായത്തിലെ ശുദ്ധജലവിതരണം സുഗമമാക്കുന്നതിന് വാർഡ് മെമ്പർ മാരുടെയും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെയും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും യോഗം ഉടനടി വിളിച്ചുചേർക്കും എന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കൊണ്ടുകാല എന്നിവർ അറിയിച്ചു.

kottayam news
Advertisment