കുറുപ്പന്തറ മേൽപ്പാല നിർമ്മാണം അന്തിമ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തി - മോൻസ് ജോസഫ്

New Update

publive-image

കടുത്തുരുത്തി: കുറുപ്പന്തറ റെയിൽവേ മേൽപ്പാല നിർമ്മാണത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് വേണ്ടിയുള്ള സർക്കാരിന്റെ 19 (1) അന്തിമ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കുന്നതിനുള്ള റവന്യൂ വകുപ്പിലെ നടപടികൾ ത്വരിതപ്പെടുത്തിയതായി അഡ്വ. മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.

Advertisment

കുറുപ്പന്തറ മേൽപ്പാലത്തിന് വേണ്ടി ഏറ്റെടുക്കാനുള്ള ഭൂമി വില നിർദേശവും സ്ട്രക്ച്ചറൽ വാല്യുവേഷനും ഉൾപ്പെടെയുള്ള ആർ & ആർ (R&R) പുനരധിവാസ പാക്കേജാണ് ഇപ്പോൾ തയ്യാറാക്കി കൊണ്ടിരിക്കുന്നത്.

ഏറ്റെടുക്കുന്ന സ്ഥലത്തിന്റെയും കെട്ടിടങ്ങളുടേയും മൂല്യ നിർണ്ണയം പ്രത്യേകം വേർതിരിച്ച് തയ്യാറാക്കിയ ശേഷം എത്രയും പെട്ടെന്ന് ജില്ലാ കളക്ടർക്ക് സമർപ്പിക്കാൻ ലാൻഡ് അക്വിസിഷൻ തഹസിൽദാർക്ക് നിർദ്ദേശം നൽകിയതായി എംഎൽഎ വ്യക്തമാക്കി.

കുറുപ്പന്തറ മേൽപ്പാല നിർമ്മാണം സംസ്ഥാന സർക്കാർ ഏൽപ്പിച്ചിട്ടുള്ളത് റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനാണ്. കുറുപ്പന്തറ മേൽപ്പാല നിർമ്മാണത്തിന് സംസ്ഥാന സർക്കാർ 30.56 കോടിരൂപയുടെ പദ്ധതിയാണ് ആർ.ബി.ഡി.സി.കെ യെ ഏൽപ്പിച്ചിരിക്കുന്നത്.

കോർപ്പറേഷന്റെ അക്കൗണ്ടിലേക്ക് ഫണ്ട് കൈമാറുന്നതിന് മുന്നോടിയായി കിഫ്ബിയുടെ സൈറ്റിൽ ഭൂമി ഏറ്റെടുക്കലിന്റെ എല്ലാ വിശദാംശങ്ങളും അപ്‌ലോഡ് ചെയ്യണം. ഇത് പരിശോധിച്ച ശേഷം കിഫ്ബിയുടെ അംഗീകാരം ലഭിക്കുന്നതിനെ തുടർന്നാണ് ജില്ലാ കളക്ടറുടെ പേരിലേക്ക് ഫണ്ട് ലഭ്യമാകുന്നത്. ഇതിന് ശേഷമാണ് ഡിഎൽപിസി വിളിച്ച് വസ്തു ഉടമകൾക്ക് നഷ്ട പരിഹാരം നൽകുന്നത് തീർപ്പാക്കാൻ കഴിയുകയുള്ളൂവെന്ന് മോൻസ് ജോസഫ് വ്യക്തമാക്കി.

ആർ & ആർ പുനരധിവാസ പാക്കേജ് പൂർത്തീകരിച്ചാൽ ഉടനെ ലാന്റ് റവന്യൂ കമ്മീഷണറുടെ അനുമതിക്ക് വേണ്ടി സമർപ്പിക്കണം. ഇതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിക്കാൻ ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി എംഎൽഎ അറിയിച്ചു.

കുറുപ്പന്തറ മേൽപ്പാല നിർമ്മാണത്തിന് റെയിൽവേ 2015 - ൽ നൽകിയ എൻ.ഒ.സി പുതുക്കി കിട്ടുന്നതിന് റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ അപേക്ഷ സമർപ്പിച്ചതായി അധികൃതർ വ്യക്തമാക്കി. ഭൂമിയേറ്റെടുക്കൽ നടപടിക്രമങ്ങൾ റവന്യൂ വകുപ്പ് പൂർത്തീകരിക്കുന്നതോടൊപ്പം ഇക്കാര്യങ്ങളും തീർപ്പാക്കുന്നതാണ്.

റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ തിരുവനന്തപുരത്ത് വിളിച്ച് ചേർത്ത കോട്ടയം ജില്ലയിലെ എംഎൽഎ മാരുടെ യോഗത്തിലാണ് റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ മോൻസ് ജോസഫ് എംഎൽഎ അവതരിപ്പിച്ച് ചർച്ച നടത്തിയത്.

കുറുപ്പന്തറ ജംഗ്ഷൻ വികസനത്തിനും, ഏറ്റുമാനൂർ - എറണാകുളം റോഡിലെ അപകട വളവുകൾ നികർത്തുന്നതിനും സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിൽ നിലനിൽക്കുന്ന കാല താമസത്തെക്കുറിച്ചും സാങ്കേതിക തടസ്സങ്ങളെക്കുറിച്ചും എംഎൽഎ പരാതി ഉന്നയിച്ചു.

റവന്യൂ മന്ത്രി നിയമസഭയിൽ നൽകിയ മറുപടി നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണ് നിയമപരമായി നിലനിൽക്കുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതു പ്രകാരം പുതുക്കിയ പ്രൊപ്പോസൽ തയ്യാറാക്കി സമർപ്പിക്കാൻ തീരുമാനിച്ചു.

അപകട വളവുകളുടെ കാര്യത്തിൽ ഭൂമി ഏറ്റെടുക്കുന്നതിലെ എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്യുന്നതിന് കോട്ടയത്ത് പ്രത്യേക യോഗം വിളിക്കാൻ ജില്ലാ കളക്ടറെ മന്ത്രി കെ. രാജൻ ചുമതലപ്പെടുത്തി. കടുത്തുരുത്തി മണ്ഡലത്തിലെ ഭൂമി ഏറ്റെടുക്കലിന്റെ മറ്റ് ആവശ്യങ്ങൾ ജില്ലാ തലത്തിൽ ചേരുന്ന യോഗത്തിൽ ചർച്ച ചെയ്യാനും തീരുമാനിച്ചു.

തിരുവനന്തപുരത്ത് റവന്യൂ വകുപ്പ് ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ, കോട്ടയം ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ജയതിലക് ഐ.എ.എസ്, ലാൻഡ് റവന്യൂ കമ്മീഷണർ കെ. ബിജു ഐ.എ.എസ്, ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ്, വിവിധ വകുപ്പ് അധികൃതർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Advertisment