/sathyam/media/post_attachments/bgnA02JM7T2VIpFaFKBu.jpg)
പാലാ ജനറൽ ആശുപത്രിയോടനുബന്ധിച്ച് ആരംഭിക്കുവാൻ നിർദ്ദേശിച്ചിരിക്കുന്ന കേന്ദ്ര ഹൈടെക് ലാബിനായുള്ള സൗകര്യങ്ങൾ വിലയിരുത്തുവാൻ എത്തിയ കേന്ദ്ര സംഘം ഡോ. ടി.എസ് വിഷ്ണുവിൻ്റെ നേതൃത്വത്തിൽ ആശുപത്രി അധികൃതരും നഗരസഭാ പ്രതിനിധികളുമായി ചർച്ച നടത്തുന്നു
പാലാ: തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ രാജീവ് ഗാന്ധി സെൻ്റെർ ഫോർ ബയോടെക്നോളജിയുടെ ആധുനിക പ്രാദേശിക ഹൈടെക് രോഗനിർണ്ണയ കേന്ദ്രം പാലാ ജനറൽ ആശുപത്രി കോംപൗണ്ടിൽ ആരംഭിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു.
ഹൈടെക് ലാബിന് ആവശ്യമായ സൗകര്യങ്ങൾ ക്രമീകരിക്കുമെന്ന് ആശുപത്രി മാനേജിoഗ് കമ്മിറ്റി ചെയർമാൻ കൂടിയായ നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര അറിയിച്ചതിനെ തുടർന്ന് കേന്ദ്ര ലാബ് അധികൃതർ ആശുപത്രിയിലെത്തി പരിശോധന നടത്തി.
മുൻ എം.പി കൂടിയായ ജോസ്.കെ.മാണി കേന്ദ്ര ആരോഗ്യ വകുപ്പുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് കേന്ദ്ര അധികൃതർ പാലാ ജനറൽ ആശുപത്രിയിലെത്തിയത്. പാലായിൽ എത്തിയ കേന്ദ്ര ലാബ് പ്രതിനിധികൾ ജോസ്.കെ.മാണിയുമായി ചർച്ച നടത്തിയ ശേഷമാണ് ആശുപത്രിയിലെത്തിയത്.
ഹെമറ്റോളജി,സി റോളജി, ഇമ്മണോളജി, ബയോകെമിസ്ട്രി, പതോളജി, മൈക്രോബയോളജി ഉൾപ്പെടെയുള്ള എല്ലാ ചികിത്സാ വിഭാഗങ്ങൾക്കും ആവശ്യമായ കൃത്യതയാർന്ന രോഗ നിർണ്ണയ സജ്ജീകരണങ്ങളാണ് ആധുനികവും നവീനവുമായ ഉപകരണ ങ്ങളുടെ സഹായത്തോടെ ഇവിടെ ആരംഭിക്കുവാൻ പദ്ധതി ഇട്ടിരിക്കുന്നതെന്ന് ജോസ്.കെ.മാണി പറഞ്ഞു.
രണ്ടാം ഘട്ടമായി വൈറോളജി & മോളിക്യുലാർ ബയോളജി ലാബ് കൂടി സജ്ജീകരിക്കുവാൻ ആവശ്യപ്പെട്ടിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. ആവശ്യമായ കെട്ടിട സൗകര്യം കൂടി ലഭ്യമായാൽ ഇമേജിംഗ് & സ്കാനിംഗ് ടെക്നോളജി വിഭാഗം കൂടി ഇതോടൊപ്പം ആരംഭിക്കുവാൻ കഴിയും.
സർക്കാരിൻ്റെ വിവിധ ചികിത്സാ സഹായ വിഭാഗങ്ങളിൽ ഉൾപ്പെട്ട കെ.എ.എസ് പി (കാസ്പ് ), / ജെ.എസ്.എസ് കെ ,/ആർ.എസ്.ബി.വൈ, / ആർ.ബി.എസ്.കെ ,/കാരുണ്യ പദ്ധതികളിൽ അംഗങ്ങളായ എല്ലാവർക്കും പരിധിയില്ലാ സൗജന്യ രോഗ നിർണ്ണയം ഉറപ്പാകും.
രോഗനിർണ്ണയ പരിശോധനകളുടെ ഉയർന്ന ഫീസ് കണ്ടെത്താനാവാതെ വിഷമിക്കുന്ന നിർധനർക്ക് ഏറ്റവും സഹായകരമാകും ഈ ലാബ് സൗകര്യമെന്ന് ജോസ്.കെ.മാണി പറഞ്ഞു. മദ്ധ്യ തിരുവിതാംകൂറിലെ ആരോഗ്യ മേഖലയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ നേട്ടമായിരിക്കും പാലായിലെ ഹൈടെക് ലാബ് എന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ ആശൂപത്രികൾക്കും ഈ ലാബിൻ്റെ പ്രയോജനം ലഭിക്കും.
രാജീവ് ഗാന്ധി സെൻ്റെർ ഫോർ ബയോടെക്നോളജിയിലെ ടെക്നിക്കൽ കോ-ഓർഡിനേറ്റർ ടി.എസ്.വിഷ്ണു, പ്രൊജക്ട് എൻജിനീയർ ഷിബു പണിക്കർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സൗകര്യങ്ങൾ പരിശോധിക്കുവാൻ പാലായിൽ എത്തിയത്.
ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.പി.എസ്.ശബരീനാഥിൻ്റെ നേതൃത്വത്തിൽ ആശുപത്രിയിലെ സ്ഥല ലഭ്യത കേന്ദ്ര സംഘം പരിശോധിച്ചു വിലയിരുത്തി.
ആശുപത്രിയിൽ നിർമ്മിച്ചിട്ടുള്ള പുതിയ ഒ.പി. ബ്ലോക്കിൽ ഹൈടെക് ലാബിനായി സ്ഥലം കണ്ടെത്തി.
തുടർന്ന് ആശുപത്രി അധികൃതരും നഗരസഭാ പ്രതിനിധികളും സംഘടനാ അംഗങ്ങളുമായി യോഗം ചേർന്ന് കേന്ദ്ര സംഘം പദ്ധതിയുടെ സമഗ്ര രൂപരേഖ അവതരിപ്പിച്ചു. നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര ,വൈസ് ചെയർമാൻ സിജി പ്രസാദ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, കൗൺസിലർ ബിജി ജോജോ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പി.എം.ജോസഫ്, ബിജു പാലൂപടവൻ, ജയ്സൺമാന്തോട്ടം', എ.എസ്.ജയപ്രകാശ്, ടോണി കുന്നുംപുറം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഹൈടെക് ലാബിനായി നിർദ്ദേശിക്കപ്പെട്ട സ്ഥലം അനുയോജ്യമാണെന്നും ലാബി നായി ശുപാർശ ഉടൻ നൽകുമെന്നും അനുമതി ലഭ്യമാകുന്ന മുറയ്ക്ക് ലാബ് സജ്ജീകരിക്കുമെന്നും ടെക് നിക്കൽ കോർഡിനേറ്റർ ഡോ.ടി.എസ്.വിഷ്ണു പറഞ്ഞു.
ആശുപത്രി മാനേജിംഗ് കമ്മിറ്റിയിൽ ചർച്ച ചെയ്ത് തുടർ നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയും ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലം പറമ്പിലും അറിയിച്ചു.
ഐ.സി.എം.ആറിനു കീഴിൽ എൻ.എ.ബി.എച്ച്, എൻ.എ.ബി.എൽ.ഐ.എൽ.എ.സി., ക്യു.എ.ഐ എന്നീ ദേശീയ അന്തർദേശീയ അംഗീകാരമുള്ള സ്ഥാപനമാണ് തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെൻ്റെർ ഫോർ ബയോടെക്നോളജി .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us