/sathyam/media/post_attachments/69PKVdtOhLoWunjLWq3F.jpg)
കടുത്തുരുത്തി: ഞീഴൂർ ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളേജിൽ മഹാത്മാഗാന്ധി സർവ്വകലാശാല പുതിയതായി അനുവദിച്ച എം.കോം കോഴ്സിന്റെ ഉദ്ഘാടനം അഡ്വ. മോൻസ് ജോസഫ് എംഎൽഎ നിർവ്വഹിച്ചു.
ഞീഴൂർ കോളേജിൽ പോസ്റ്റ് ഗ്രാജുവേറ്റ് ബ്ലോക്ക് നിർമ്മിക്കുന്നതിന് ആദ്യഘട്ടമായി 20 ലക്ഷം രൂപ എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ചതായി മോൻസ് ജോസഫ് അറിയിച്ചു. പുതിയ ക്ലാസ് മുറി സജ്ജമാക്കാൻ കഴിയുന്ന നിലയിൽ പി.ജി ബ്ലോക്ക് നിർമ്മാണം പരമാവധി വേഗത്തിൽ നടപ്പാക്കുന്നതാണ്.
എംഎൽഎ ഫണ്ട് പ്രയോജനപ്പെടുത്തി കോളേജിൽ പുതിയ കെട്ടിടം നിർമ്മിക്കുമെന്ന് പ്രിൻസിപ്പൽ ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കോളേജ് അപ്ഗ്രേഡ് ചെയ്ത് പി.ജി കോഴ്സ് ആരംഭിക്കാൻ മഹാത്മാഗാന്ധി സർവ്വകലാശാല അധികൃതർ അനുമതി നൽകിയത്.
ഞീഴൂർ ഗ്രാമ പഞ്ചായത്ത് സർക്കാരിലേക്ക് വിട്ട് നൽകിയ തിരുവമ്പാടി ഭൂതപാണ്ടൻ ചിറയിലെ 5 ഏക്കർ സ്ഥലത്താണ് ഐഎച്ച്ആർഡി കോളേജ് ഇപ്പോൾ പ്രവർത്തിക്കുന്നത്. എംഎൽഎ ഫണ്ടിൽ നിന്ന് ഒരു കോടി രൂപയും സർക്കാർ അനുവദിച്ച ഒരു കോടി രൂപയും വിനിയോഗിച്ച് പൂർത്തീകരിച്ച പുതിയ കെട്ടിട സമുച്ചയത്തിലേക്ക് കോളേജ് മാറ്റിയതിനെ തുടർന്നാണ് പുതിയ കോഴ്സുകൾ തുടങ്ങാൻ സാഹചര്യമുണ്ടായിരിക്കുന്നത്.
അഡ്വ. മോൻസ് ജോസഫ് എംഎൽഎയുടെ പരിശ്രമഫലമായി 2000 - 2001അധ്യയന വർഷത്തിലാണ് ഞീഴൂർ പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി ഐഎച്ച്ആർഡി യുടെ അപ്ലൈഡ് സയൻസ് കോളേജ് കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ അനുവദിച്ച് കിട്ടിയത്.
ഇ.കെ നായനാർ മുഖ്യമന്ത്രിയായിരുന്ന സർക്കാരിലെ വിദ്യാഭ്യാസ മന്ത്രി പി.ജെ ജോസഫാണ് കോളേജ് ഉദ്ഘാടനം ചെയ്ത് പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. ഞീഴൂർ കോളേജിൽ ഇനി പരിഹരിക്കാനുള്ള പ്രധാന പ്രശ്നം വിദ്യാർഥികൾക്ക് എത്തിച്ചേരാൻ കഴിയാത്ത യാത്രാക്ലേശമാണ്.
ഇക്കാര്യം പരിഹരിക്കണമെങ്കിൽ സ്ഥാപനത്തിന് സ്വന്തമായി ബസ്സ് വാങ്ങിക്കണം. ഇതിന് വേണ്ടി ഐഎച്ച്ആർഡിയിൽ നിന്ന് ഫണ്ട് അനുവദിക്കാൻ വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച ചെയ്ത് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മോൻസ് ജോസഫ് എംഎൽഎ ഉറപ്പ് നൽകി.
ഇക്കാര്യത്തിൽ എല്ലാവിധ സഹകരണവും ഞീഴൂർ ഗ്രാമ പഞ്ചായത്ത് നൽകുമെന്ന് പ്രസിഡന്റ് പി.ആർ സുഷമ ടീച്ചർ അറിയിച്ചു. ഇത് കഴിയുന്നില്ലെങ്കിൽ ജനപ്രതിനിധികളും ഐഎച്ച്ആർഡി അധികൃതരും സംയുക്തമായി ചർച്ച ചെയ്ത് പരിഹാരം കണ്ടെത്താനും തീരുമാനിച്ചു.
ഞീഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ആർ സുഷമ ടീച്ചർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോളേജ് വികസന സമിതിയുടെ ഉദ്ഘാടനം മോൻസ് ജോസഫ് എംഎൽഎ നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ വി.റ്റി ശ്രീകല വികസന രേഖ അവതരിപ്പിച്ചു.
ഞീഴൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമോൻ മറ്റത്തിൽ, പഞ്ചായത്ത് മെമ്പർമാരായ തോമസ് പനക്കൽ, കെ.പി ദേവദാസ്, കൊമേഴ്സ് വിഭാഗം അസി. പ്രൊഫസർ അനൂപ് കുര്യൻ, കമ്പ്യൂട്ടർ വിഭാഗം അസി. പ്രൊഫസർ എം. മാത്യൂസ്, വിവിധ ജന നേതാക്കളായ ചെറിയാൻ കെ.ജോസ്, ബോബൻ മഞ്ഞളാംമലയിൽ, ശ്രീലേഖാ മണിലാൽ, പി.ടി കുര്യൻ, ഷൈനി സ്‌റ്റീഫൻ, അശോക് കുമാർ, ലിസ്സി ജീവൻ, ലില്ലി മാത്യു, ശ്രീകല ദിലീപ്, രാഹുൽ മെമ്പർ, ജെയിംസ് തത്തംകുളം, ജോണിച്ചൻ പൂമരം, പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us